പത്തനംതിട്ട : പത്തനംതിട്ട മീഡിയ വാര്‍ത്തയെ തുടര്‍ന്ന് നഗരത്തിലെ വാരിക്കുഴികള്‍ അധികൃതര്‍ അടച്ചു. റിംഗ് റോഡിലും അബാന്‍ ജംഗ്ഷനിലും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുവേണ്ടി റോഡിനു കുറുകെ എടുത്ത കുഴികള്‍ ശരിയായി മൂടാത്തത് മൂലം നിരവധി അപകടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ഇന്നലെ രാത്രി ഒന്‍പതു മണിയോടെ പ്രായമുള്ള ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ മനോരമക്ക് സമീപം അപകടത്തില്‍ പെട്ടിരുന്നു. കുഴിയില്‍ വീണ് മറിഞ്ഞ വാഹനത്തിന് മുകളിലേക്ക് പിന്നാലെയെത്തിയ ബൈക്കും മറിയുകയായിരുന്നു. ഈ വാര്‍ത്ത ഇന്നലെ രാത്രിതന്നെ പത്തനംതിട്ട മീഡിയാ ലൈവില്‍ കാണിച്ചിരുന്നു.
നഗരത്തിലെ വാരിക്കുഴികള്‍ കണ്ടിട്ടും തികഞ്ഞ അലംഭാവമായിരുന്നു ജില്ലാ ഭരണകര്‍ത്താക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും. ഇതിനെതിരെ ശക്തമായ ജനരോഷവും ഉയര്‍ന്നുതുടങ്ങിയിരുന്നു. തിരക്കേറിയ അബാന്‍ ജംഗ്ഷനില്‍ നിന്നും സെന്‍ട്രല്‍ ജംഗ്ഷനിലേക്ക് പോകണമെങ്കില്‍ വാരിക്കുഴിയില്‍ ഇറങ്ങുകതന്നെ വേണമായിരുന്നു. മുത്തൂറ്റ് ആശുപത്രി റിംഗ് റോഡിലും റോഡിനു കുറുകെ ഇത്തരം കുഴികള്‍ ഉണ്ടായിരുന്നു. നല്ല റോഡില്‍ കുഴികള്‍ ഒന്നും കാണില്ലെന്ന പ്രതീക്ഷയോടെ വാഹനവുമായി സഞ്ചരിക്കുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. ഒരു അപകട മുന്നറിയിപ്പും ഇവിടെ സ്ഥാപിച്ചിട്ടുണ്ടായിരുന്നില്ല. ഇന്ന് ഉച്ചയോടെ മനോരമക്ക് സമീപമുള്ള കുഴി സിമിന്‍റ് കോണ്‍ക്രീറ്റ് ഉപയോഗിച്ച് മൂടി. ഇവിടെ അപകട മുന്നറിയിപ്പും സ്ഥാപിച്ചു. അബാന്‍ ജംഗ്ഷനിലെ കുഴിയും തൊഴിലാളികള്‍ എത്തി അടച്ചു.