പീരുമേട് : സൗരോർജ തൂക്ക് വേലി സാമൂഹിക വിരുദ്ധർ നശിപ്പിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് ഇക്കോ ഡെവലപ്മെന്റ് കമ്മറ്റികളുടെ നേതൃത്വത്തിൽ ജനകീയ മാർച്ച് നടത്തി. വള്ളക്കടവിൽ കഴിഞ്ഞ കുറെക്കാലങ്ങളായി വന്യമൃഗങ്ങൾ ജനവാസ കേന്ദ്രത്തിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. ഇതിൻ്റെ ഭാഗമായി നിരവധി പ്രതിഷേധങ്ങളും നടന്നിരുന്നു. തുടർന്ന് വനം വകുപ്പിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പുമായി സഹകരിച്ച് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം 39 ലക്ഷം രൂപ അനുവദിച്ചു. അതിൻ്റെ ഭാഗമായാണ് 4.6 കിലോമീറ്റർ ദൂരത്തിൽ സൗരോർജ തൂക്ക് വേലി നിർമാണം ആരംഭിച്ച് പൂർത്തികരിച്ചത്.
തൂക്ക് വേലി നിർമാണ ഘട്ടത്തിലും സാമൂഹിക വിരുദ്ധർ ഇത് നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പിന്നീട് നിർമാണം പൂർത്തിയാക്കി കഴിഞ്ഞ് പലയിടങ്ങളിലും തൂക്ക് വേലി നശിപ്പിച്ചിരുന്നു. വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ ചിത്രം പതിഞ്ഞെങ്കിലും വ്യക്തമായില്ല. വിശദവിവരങ്ങൾ കാട്ടി വള്ളക്കടവ് റെയ്ഞ്ച് ഓഫീസർ അരുൺ കെ. നായർ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്താൻ സ്ഥലത്തെത്തിയപ്പോൾ സംഭവ സ്ഥലം കുമളി പോലീസിൻ്റെ അധീനതയിലാണെന്ന് പറഞ്ഞ് അവരും തിരികെ പോയി. അന്വേഷണം വൈകുന്നെന്നും സാമൂഹിക വിരുദ്ധർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അമ്പലപ്പടിയിൽ നിന്ന് വള്ളക്കടവിലേയ്ക്ക് ജനകീയ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.
അമ്പലപ്പടിയിൽ നിന്ന് ആരംഭിച്ച ജനകീയ മാർച്ച് വള്ളക്കടവ് ജമാഅത്ത് ഇമാം എ.അബ്ദുൾസലാം മൗലവി ഉദ്ഘാടനം ചെയ്തു. തുടർന്ന് വള്ളക്കടവിൽ ജനകീയ മാർച്ച് സമാപിച്ചു. തുടർന്ന് നടന്ന സമാപന യോഗത്തിൽ പഞ്ചായത്തംഗം ഷീലാ കുളത്തിങ്കൽ അധ്യക്ഷത വഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പിഎം നൗഷാദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻമ്മാക്കൽ, എ.വി മാത്യു, ബിജോയ് തോമസ്, എ.ഡി രാധാകൃഷ്ണൻ, ഇ.ഡി.സി ചെയർമാൻമാരായ എം. മുഹമ്മദ്, ബോബി, കെ ഉലഹന്നാൻ, മുരളി നടുവത്ത്ശ്ശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.