പത്തനംതിട്ട : അയൽ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന അയ്യപ്പഭക്തർക്ക് ഇടുക്കി ജില്ലയിലെ ആദ്യ ഇടത്താവളമായ കമ്പംമേട്ടിൽ ഇത്തവണയും സ്ഥിരം ഇടത്താവളം യാഥാർഥ്യമായില്ല. മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ താത്കാലിക സംവിധാനവും ഒരുക്കിയിട്ടില്ല. അതിനാൽ കമ്പംമേട്ട് വഴിയുള്ള ഭക്തരുടെ യാത്ര ഇത്തവണയും കഠിനമാകും. മണ്ഡല മകര വിളക്ക് സീസണിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഇടുക്കിയിലെ അതിർത്തിയിലുള്ള കമ്പം മേട്ട് വഴി കടന്നു വരുന്നത്. തിരക്ക് കൂടുമ്പോൾ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഭക്തർ കമ്പംമേട്ടുവഴിയാണ് ശബരിമലയിലേക്ക് പോകുന്നത്.
ദർശനം കഴിഞ്ഞ് കുമളി വഴി സ്വദേശത്തേക്ക് മടങ്ങും. ഇത് കണക്കിലെടുത്ത് കമ്പംമേട്ടിൽ സ്ഥിരം ഇടത്താവളം സ്ഥാപിക്കാൻ 2019-ലെ ബജറ്റിൽ നാലുകോടി രൂപ സർക്കാർ വകയിരുത്തിയിരുന്നു. സ്ഥലം ഏറ്റെടുത്ത് കൈമാറുന്നതിന് കരുണാപുരം പഞ്ചായത്ത് നടപടിയും തുടങ്ങി. കോവിഡ് പ്രതിസന്ധിമൂലം തുടർനടപടികൾ ഉണ്ടായില്ല. 2022 ജനുവരിയിൽ പദ്ധതിയുമായി സർക്കാർ വീണ്ടും രംഗത്തെത്തി. ഇടത്താവളത്തിനായി കമ്പംമെട്ട് കമ്യൂണിറ്റി ഹാളിന് സമീപം സ്വകാര്യ എസ്റ്റേറ്റ് സൗജന്യമായി വിട്ടുനൽകിയ 20 സെന്റ് അടക്കം 65 സെൻറ് സ്ഥലം വാങ്ങി കരുണാപുരം പഞ്ചായത്ത് രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി.