കൊല്ലം: മറ്റ് പാര്‍ട്ടികളിലെ നൂറിലേറെ നേതാക്കളെ മറുകണ്ടംചാടിച്ച് ബി.ജെ.പി.യിലെത്തിക്കാനാണ് പാര്‍ട്ടി നേതൃത്വം ലക്ഷ്യമിട്ടത്. തദ്ദേശ തിരഞ്ഞെടുപ്പുമുതല്‍ ഇതിനുള്ള ചര്‍ച്ചകള്‍ പല വഴികളിലൂടെ നടന്നു. അതത് പാര്‍ട്ടികളിലും മുന്നണികളിലും അസംതൃപ്തരായവരോടാണ് കൂടുതലും സംസാരിച്ചത്. മുതിര്‍ന്ന ചില കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സി.പി.എം., സി.പി.ഐ. കക്ഷികളില്‍നിന്ന് നടപടി നേരിട്ടവരുടെ പട്ടിക തയ്യാറാക്കി പ്രകാശ് ജാവഡേക്കര്‍ ബന്ധപ്പെട്ടതായാണ് വിവരം. മുന്‍ എം.എല്‍.എ. എസ്.രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ച ഇപ്രകാരമാണ് നടന്നത്.
ബി.ജെ.പി. സംസ്ഥാന നേതൃത്വം അറിയാതെ, കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിമാര്‍ നേരത്തേയും ഇത്തരം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. പിന്നീട് ഗവര്‍ണറായി പോയ ഒരു മുന്‍ പ്രഭാരി കേരളത്തില്‍ ബി.ജെ.പി. പിന്തുണയോടെ ഒരു ക്രൈസ്തവ പാര്‍ട്ടി രൂപവത്കരിക്കാന്‍ മുന്‍കൈ എടുത്തിരുന്നു. ക്രൈസ്തവ സഭകളുമായുള്ള ചര്‍ച്ചകള്‍ക്കും ഇദ്ദേഹം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കളെയാണ് ഉപയോഗിച്ചത്.