കോന്നി : കലഞ്ഞൂര്‍, അരുവാപ്പുലം പഞ്ചായത്തുകളിലെ കിഴക്കന്‍ മലയോര മേഖലകളില്‍ യാത്രാക്ലേശം രൂക്ഷമാകുന്നു. അരുവാപ്പുലം പഞ്ചായത്തിലെ മുതുപേഴുങ്കല്‍ മുറ്റാക്കുഴി, പടപ്പക്കല്‍ കലഞ്ഞൂര്‍ പഞ്ചായത്തിലെ മാങ്കോട്, അതിരുങ്കല്‍, പോത്തുപാറ,കുളത്തുമണ്‍, കാരയ്‌ക്കാകുഴി എന്നിവിടങ്ങളിലാണ് ബസ് സര്‍വീസ് ഇല്ലാത്തതു മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുന്നത്. നേരത്തെ ഇവിടെ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന സ്വകാര്യ ബസുകള്‍ ട്രിപ്പുകള്‍ നിര്‍ത്തലാക്കിയതോടെയാണ് യാത്രാ ദുരിതം വര്‍ധിച്ചത്. ഇപ്പോള്‍ രാവിലെയും വൈകിട്ടും മാത്രമേ ഈ റൂട്ടുകളില്‍ ബസ് സര്‍വീസുള്ളു. റോഡ് പണിയുടെ ഭാഗമായി നിറുത്തലാക്കിയ പല കെ.എസ്.ആര്‍.ടി.സി സര്‍വീസുകളും പുനരാരംഭിച്ചിട്ടില്ല.
5 ബസ് സര്‍വീസുകള്‍ ഉണ്ടായിരുന്ന വകയാര്‍ -അതിരുങ്കല്‍ റോഡില്‍ കൂടി ഇപ്പോള്‍ ഒരു കെ.എസ്.ആര്‍.ടി.സി ബസും ഒരു സ്വകാര്യ ബസും മാത്രമേ സര്‍വീസ് നടത്തുന്നുള്ളു. രാവിലെ ബസ് ഇല്ലാത്തതുമൂലം വിദ്യാര്‍ത്ഥികളും ബുദ്ധിമുട്ടുന്നുണ്ട്. കലഞ്ഞൂര്‍ പഞ്ചായത്തിലെ മാങ്കോട്, തിടി, പോത്തുപാറ, കുളത്തുമണ്‍, കാരയ്‌ക്കാകുഴി പ്രദേശങ്ങളിലും ബസ് സര്‍വീസ് ഇല്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ട്. കോന്നി, അരുവാപ്പുലം, കല്ലേലി ചെളിക്കുഴി, കുളത്തുമണ്‍, അതിരുങ്കല്‍, മുറിഞ്ഞകല്‍ വഴി സര്‍ക്കുലര്‍ ബസ് സര്‍വീസ് ആരംഭിച്ചാല്‍ യാത്രാദുരിതത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. അതോടൊപ്പം പാടം, മാങ്കോട്, അരുവാപ്പുലം കോന്നി മെഡിക്കല്‍ കോളേജ് റൂട്ടിലും പത്തനാപുരം, കലഞ്ഞൂര്‍, മാങ്കോട്, രാജഗിരി, കാരയ്‌ക്കകുഴി, പടപ്പക്കല്‍ വഴി മെഡിക്കല്‍ കോളേജ് റൂട്ടിലും പോത്തുപാറ പത്തനംതിട്ട റൂട്ടിലും കുളത്തുമണ്‍ പന്തളം റൂട്ടിലും സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.