കോട്ടയം: കിഴക്കമ്പലം പള്ളി കേസില്‍ യാക്കോബായ വിഭാഗം 2017 ലെ സുപ്രീം കോടതിയുടെ അന്തിമ വിധി അംഗീകരിച്ച നിലപാട് ഇരട്ടത്താപ്പിന് ഉദാഹരണമാണെന്ന് മലങ്കര അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. സുപ്രീം കോടതിയുടെ അന്തിമവിധിയെ തള്ളിപ്പറഞ്ഞ് നിയമനിര്‍മാണത്തിന് മുറവിളി കൂട്ടുന്നവര്‍ തരാതരം പോലെ പ്രസ്തുത വിധിയെ അംഗീകരിക്കുന്നതായി കോടതികളില്‍ നിലപാടെടുക്കുന്നു. സുപ്രീം കോടതിയുടെ അന്തിമവിധി അംഗീകരിച്ച് യാക്കോബായ വിഭാഗം പുതിയ നിലപാട് സ്വീകരിച്ച പശ്ചാത്തലത്തില്‍ നിയമ നിര്‍മ്മാണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും അഡ്വ. ബിജു ഉമ്മന്‍ പ്രസ്താവനയില്‍ പറഞ്ഞു.
നീതിപൂര്‍വ്വവും നിയമപരവും ശാശ്വതവുമായ സഭാ സമാധാനത്തിന് സുപ്രീം കോടതി വിധിയാണ് ആധാരം എന്ന തിരിച്ചറിവ് സ്വാഗതാര്‍ഹമാണ്. കോടതികള്‍ക്കുള്ളില്‍ സുപ്രീംകോടതി വിധി അംഗീകരിക്കുന്നതായും സര്‍ക്കാരിന് മുന്പില് നിയമനിര്‍മാണം വേണമെന്നും പൊതുസമൂഹത്തിന് മുന്പില് ശാശ്വത സമാധാനം ആഗ്രഹിക്കുന്നു എന്നുമുള്ള വ്യത്യസ്ത നിലപാടുകള്‍ വിചിത്രവും ആത്മാര്‍ത്ഥത ഇല്ലാത്തതുമാണെന്നും അദ്ദേഹം ആരോപിച്ചു.