ജയ്പൂർ: പശുക്കടത്താരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന സംഭവത്തിൽ ഹരിയാന പോലീസിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. മർദനത്തിൽ അവശരായ ജുനൈദിനെയും നാസിറിനെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും പോലീസ് തിരിച്ചയച്ചെന്ന് അറസ്റ്റിലായ പ്രതി മൊഴി നൽകി. അതിനിടെ, വീട്ടിലെത്തി രാജസ്ഥാൻ പോലീസ് മർദിച്ചതിനെ തുടർന്ന് വയറ്റിലെ കുഞ്ഞ് മരിച്ചെന്ന് ഒളിവിലുള്ള പ്രതിയുടെ ഭാര്യ പരാതി നൽകി. കേസിൽ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്ത ബജ്റംഗ്ദൾ പ്രവർത്തകനായ റിങ്കു സൈനിയുടേതാണ് നിർണായക വെളിപ്പെടുത്തൽ. വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന രണ്ടുപേരെയും വഴിയിൽ തടഞ്ഞ് പത്തംഗ സംഘം മർദിച്ചു, അവശരായപ്പോൾ സമീപത്തെ ഫിറോസ്പൂർ ജിർക്ക പോലീസ് സ്റ്റേഷനിലെക്ക് കൊണ്ടുപോയി
പശുക്കളെ കടത്തവേ പിടികൂടിയതാണെന്ന് അറിയിച്ചു, എന്നാൽ യുവാക്കളുടെ അവസ്ഥ കണ്ട പോലീസ് കസ്റ്റഡിയിലെടുക്കാൻ സമ്മതിച്ചില്ല, തിരിച്ചയച്ചെന്നാണ് റിങ്കു സൈനിയുടെ മൊഴി. പിറ്റേന്നാണ് ഇരുവരെയും വാഹനത്തിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൊഴി പരിശോധിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും രാജസ്ഥാൻ പോലീസ് അറിയിച്ചു. അതേസമയം ഒളിവിൽ കഴിയുന്ന പ്രതി ശ്രീകാന്തിന്റെ ഭാര്യ രാജസ്ഥാൻ പോലീസിനെതിരെ ഗുരുതര പരാതി ഉന്നയിച്ചു.
കഴിഞ്ഞ രാത്രി വീട്ടിലെത്തിയ പോലീസ് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി എല്ലാവരെയും മർദിച്ചു. ഗർഭിണിയായ തന്നെയും മര്‍ദ്ദിച്ചെന്നും ഗര്‍ഭസ്ഥ ശിശു മരിച്ചെന്നും യുവതി പരാതിപ്പെട്ടു. ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയുടെ പരാതിയെ കൂുറിച്ച് അഡീഷണൽ എസ്പി അന്വേഷിക്കുമെന്ന് ഹരിയാന പോലീസ് അറിയിച്ചു. എന്നാൽ ആരോപണം രാജസ്ഥാൻ പോലീസ് നിഷേധിച്ചു. അതിനിടെ പ്രധാന പ്രതിയായ മോനു മനേസറിന് തോക്കുപയോഗിക്കാൻ ഹരിയാന പൊലീസ് നൽകിയ ലൈസൻസ് റദ്ദാക്കാൻ അധികൃതർ നടപടി തുടങ്ങി.