ബംഗളൂരു : ബംഗളൂരുവിലെ 300 ഇടങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. കർണാടക മുൻമുഖ്യമന്ത്രി ബി.എസ്.യെദൂരപ്പയുടെ വിശ്വസ്ഥരുടേയും മകൻ്റേയും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയഡ് നടത്തുന്നു. ബി എസ് യെദൂരപ്പയുടെ പേഴ്സണൽ അസിസ്റ്റന്റായ ഉമേഷിൻ്റെ സ്ഥാപനങ്ങളിലും മകൻ വിജയേന്ദ്രയ്ക്ക് പങ്കാളത്തിമുള്ള വിവിധ സ്ഥാപനങ്ങളിലുമാണ് ആദായ നികുതി വകുപ്പിൻ്റെ പരിശോധന നടക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്. ഇന്ന് രാവിലെ മുതലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്.
കർണാടകയിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ നരേന്ദ്രമോദിയുടെ രാഷ്ട്രീയ പ്രഭാവം ഗുണം ചെയ്യില്ലെന്ന പ്രസ്താവന കുറച്ചു ദിവസം മുൻപ് യെദൂരപ്പ നടത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പുകളുടെ ചുമതല വിജയേന്ദ്രയ്ക്ക് നൽകാത്തതിൽ ബിജെപിയിൽ ഭിന്നത രൂപപ്പെട്ടിരുന്നു. തുടർന്നാണ് യെദൂരപ്പയെ സമ്മർദ്ദത്തിലാക്കി ആദായനികുതി വകുപ്പിൻ്റെ റെയ്ഡ് നടന്നത്.
ഉമേഷിൻ്റെ രാജാജി നഗറിലെ വീട്ടിലും ബസന്ത് സർക്കിളിലെ സ്ഥാപനങ്ങളിലും റെയ്ഡ് നടക്കുകയാണ്. വിജയേന്ദ്രയ്ക്ക് പങ്കാളിത്തമുള്ള സ്പ്രേ സ്റ്റാർ റെസിഡൻസി, ആർ. എൻ്റർപ്രൈസസ് എന്നീ സ്ഥാപനങ്ങളിലും പരിശോധന പുരോഗമിക്കുന്നു.