മുംബൈ : രാഷ്ട്രീയ വിമര്‍ശനം ശക്തമാകുന്നതിനിടെ ബോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എതിരായ അന്വേഷണം ശക്തമാക്കി ആദായ നികുതി വകുപ്പ്. പരിശോധനയില്‍ ഇതുവരെ 350 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. കൂടുതല്‍ ചലച്ചിത്ര പ്രവര്‍ത്തകരിലേക്ക് അന്വേഷണം വ്യാപിപ്പിക്കും എന്നും ആദായ നികുതി വകുപ്പ് അറിയിച്ചു. ഫാന്റം പ്രൊഡക്ഷന്‍ കമ്പനിയുടെ മറവില്‍ നികുതി തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. മുംബൈയിലും പൂനെയിലും ഉള്‍പ്പെടെ 30 ഇടങ്ങളിലായിരുന്നു പരിശോധന. അനുരാഗ് കശ്യപ്, തപ്‌സി പന്നു, വികാസ് ബാല്‍ എന്നിവരുള്‍പ്പെടെയുള്ളവരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.
അനുരാഗ് കശ്യപ് സഹസ്ഥാപകനായ ഫാന്റം പ്രൊഡക്ഷന്‍ കമ്പനിയുടെ മറവില്‍ 300 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നിരിക്കുന്നതെന്നാണ് കണ്ടത്തല്‍. പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കമ്പനി നല്‍കുന്ന വിശദീകരണം തൃപ്തികരമല്ലെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കി. അഞ്ച് കോടി രൂപയുടെ വിനിമയം നടന്നതുമായി ബന്ധപ്പെട്ട രേഖകള്‍ തപ്‌സി പന്നുവിന്റെ വീട്ടില്‍ നിന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ 20 കോടി രൂപയുടെ നികുതി വെട്ടിപ്പും വ്യക്തമായി. പരിശോധന ഇന്നും തുടരും എന്നും ആദയ നികുതി വകുപ്പ് വ്യക്തമാക്കി. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് ഇന്ന് ആദായ നികുതി വകുപ്പിന്റെ തീരുമാനം.