റാന്നി: വെച്ചൂച്ചിറ എണ്ണൂറാംവയല്‍ സി എം എസ് എല്‍ പി സ്‌കൂളിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വെച്ചൂച്ചിറയില്‍ യാതന സ്മൃതി യാത്ര. വെച്ചൂച്ചിറയില്‍ നിന്നും ആരംഭിക്കുന്ന യാതന സ്മൃതി യാത്ര നിരവ് യാതന കോളനിയില്‍ സമാപിക്കും. ചൊവ്വാഴ്ച രാവിലെ 8 ന് സ്വാതന്ത്ര്യ സമര സേനാനി ഐ. എന്‍. എ. കെ. രാഘവന്‍ പിള്ളയുടെ ഭാര്യ വി. ആര്‍. ദേവകിയമ്മയെ ആദരിക്കും. യാതന സ്മൃതി യാത്രയ്ക്കുള്ള പതാക ദേവകിയമ്മ കുട്ടികള്‍ക്ക് കൈമാറും. തുടര്‍ന്ന് വിദ്യാലയാങ്കണത്തില്‍ നിന്നും പുറപ്പെടുന്ന സ്മൃതി യാത്ര വെച്ചൂച്ചിറ, നൂറോക്കാട് ഗേറ്റ്, നെല്ലിശ്ശേരിപ്പാറ വഴി യാതന കോളനിയില്‍ എത്തും. യാതന കോളനിയിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്‍മുറക്കാരെ ആദരിക്കും.
സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ബ്രിട്ടീഷ് പട്ടാളത്തിന്റെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായ സ്വാതന്ത്ര്യ സമര സേനാനികളെ പുനരാധിവസിപ്പിക്കുവാന്‍ സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ഗവണ്മെന്റ് നല്‍കിയതാണ് യാതന കോളനി. ഒരു കുടുംബത്തിന് അഞ്ച് ഏക്കര്‍ ഭൂമി വീതമാണ് നല്‍കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 കുടുംബങ്ങള്‍ക്കാണ് വെച്ചൂച്ചിറയില്‍ 1950 ല്‍ ഭൂമി അനുവദിച്ചത്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് യാതന അനുഭവിച്ചവര്‍ എന്നര്‍ത്ഥത്തില്‍ ഈ പ്രദേശം പിന്നീട് യാതന കോളനി എന്നാണ് അറിയപ്പെട്ടത്. യാതന കോളനിയിലെത്തിയ സ്വാതന്ത്ര്യ സമര സേനാനികളായ ആരും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ല. പിന്‍ തലമുറയില്‍പെട്ട പലരും സ്ഥലം മറ്റുള്ളവര്‍ക്ക് കൈ മാറി ഇവിടം വിട്ടു പോകുകയും ചെയ്തു. ഇപ്പോള്‍ ഇതില്‍ ഉള്‍പ്പെട്ട രണ്ടോ മൂന്നോ കുടുംബം മാത്രമേ അവശേഷിക്കുന്നുള്ളൂ. വെച്ചൂച്ചിറ എണ്ണൂറാംവയല്‍ സി എം എസ് സ്‌കൂളിന്റെ നേതൃത്വത്തില്‍ അത്രയൊന്നും അറിയപ്പെടാത്ത ചരിത്രം തേടിയുള്ള യാത്രയാണ് ആഗസ്റ്റ് 15 ന് സംഘടിപ്പിച്ചിരിക്കുന്ന യാതന സ്മൃതി യാത്ര.