ന്യൂഡൽഹി : കൊറോണ വൈറസ് പടരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ രോഗ പ്രതിരോധത്തിന് ഉപയോഗിക്കുന്ന എന്‍ 95 മാസ്കിന് രാജ്യത്ത് ദൗര്‍ലഭ്യം അനുഭവപ്പെടുന്നു. ഇത് കണക്കിലെടുത്ത് എന്‍ 95 മാസ്കിന്റെ അടക്കം വായുവില്‍ നിന്ന് പടരുന്ന രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്ന എല്ലാ ഉപകരണങ്ങളുടെയും കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. എന്‍ 95 ന്റെ അടക്കം കയറ്റുമതി നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് ആള്‍ ഇന്ത്യ ഫുഡ് ആൻഡ് ഡ്രഗ് ലൈസന്‍സ് ആസോസിയേഷന്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഇതേ തുർന്നാണ് കേന്ദ്രത്തിന്റെ നടപടി.
അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പേഴ്സണല്‍ പ്രൊട്ടക്ടിവ് ക്ലോത്ത്, റെസ്പീരേറ്ററി മാസ്ക് ഇങ്ങനെ എല്ലാത്തിന്റെയും കയറ്റുമതി നിരോധിച്ചുകൊണ്ടാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ഡ്രേഡ് കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരിക്കുന്നത്. ചൈനയില്‍ 258 പേര്‍ മരണപ്പെട്ട കൊറോണ വൈറസ് ബാധയെ തുടര്‍ന്നു കൂടിയാണ് തീരുമാനം. കഴിഞ്ഞ ദിവസം കേരളത്തില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന് പുറമേ വുഹാനിലുള്ള ഇന്ത്യക്കാരെ ശനിയാഴ്ച രാവിലെ ഇന്ത്യയിലേക്ക് ആദ്യ എയര്‍ ഇന്ത്യ വിമാനം വഴി എത്തിച്ചിട്ടുണ്ട്.
നേരത്തെ ആള്‍ ഇന്ത്യ ഫുഡ് ആൻഡ് ഡ്രഗ് ലൈസന്‍സ് അസോസിയേഷൻ കേന്ദ്രത്തിന് നല്‍കിയ കത്തില്‍ മാസ്കുകള്‍ നിര്‍മ്മിക്കുന്ന ഉത്പാദകര്‍ പ്രദേശിക മാര്‍ക്കറ്റിനെ മുന്നില്‍ കാണാതെ കയറ്റുമതി സാധ്യത മുന്നില്‍ കണ്ടാണ് നിര്‍മ്മാണം നടത്തുന്നതെന്ന് ആരോപിച്ചിരുന്നു. മുഖത്തോട് കൂടുതല്‍ ഇഴകി കിടക്കുന്ന എന്‍ 95 മാസ്ക് വായുവില്‍ കൂടി പകരുന്ന വൈറസുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്.