ദില്ലി : രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തന്നെ തുടരുകയാണ്. 24 മണിക്കൂറിനുള്ളിൽ 3,86,452 പേർക്ക് കൂടി രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഈ സമയത്തിനുള്ളിൽ 3498 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് കേസുകൾ 1,87,62,976 ആയി. ആകെ കൊവിഡ് മരണം 2,08,330 എന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 31,70,228 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
അതേസമയം രാജ്യത്ത് നാളെ ആരംഭിക്കുന്ന18-45 വരെ പ്രായമുള്ളവരുടെ വാക്സീനേഷനിൽ പങ്കെടുക്കാനാകില്ലെന്ന് കൂടുതൽ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ അറിയിച്ചു. മധ്യപ്രദേശ്, ദില്ലി, പഞ്ചാബ്, രാജസ്ഥാൻ അടക്കമുള്ള സംസ്ഥാനങ്ങളാണ് നിലവിലെ സാഹചര്യത്തിൽ 18-45 വയസ് വരെയുള്ളവരുടെ വാക്സീനേഷൻ മെയ് 1 ന് തന്നെ ആരംഭിക്കാൻ കഴിയില്ലെന്നും വാക്സീൻ ക്ഷാമം നേരിടുന്നുണ്ടെന്നും വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം ഡോസ് വാക്സീൻ എടുക്കുന്ന 45 വയസിന് മുകളിലുള്ളവർക്കാകും മുൻഗണന നൽകുകയെന്ന് കേരളവും നേരത്തെ നിലപാടെടുത്തിട്ടുണ്ട്.
രാജ്യത്ത് വാക്സീൻ പ്രതിസന്ധിയും ക്ഷാമവും രൂക്ഷമായി തുടരുകയാണ്. അതിനിടെയാണ് 18 വയസിന് മുകളിലുള്ളവർക്ക് വാക്സീൻ മെയ് 1 മുതൽ നൽകിത്തുടങ്ങുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചത്. വാക്സീൻ നേരിട്ട് സംസ്ഥാനങ്ങൾ വാങ്ങണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. ഓക്സിജൻ വിതരണം, അവശ്യമരുന്നുകൾ, വാക്സീൻ വില എന്നീ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ കോടതിയിൽ റിപ്പോർട്ട് നൽകും. വാക്സീന് പല വില നിശ്ചയിച്ചതിന്റെ യുക്തി കോടതി ചോദ്യം ചെയ്തിരുന്നു. രാജ്യം ഒരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കാൻ സാധിക്കില്ലെന്നായിരുന്നു കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സുപ്രീം കോടതി പറഞ്ഞത്.
ദില്ലി ഹൈക്കോടതിയും ഓക്സിജൻ വിതരണം സംബന്ധിച്ച ഹർജി ഇന്ന് പരിഗണിക്കും. ഇന്നലെ നോട്ടീസ് അയച്ച ദില്ലി ഹൈക്കോടതി ഇന്ന് ഓക്സിജൻ വിതരണക്കാരോട് കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദില്ലിയിലെ ആശുപത്രികളിൽ വിതരണം ചെയ്യുന്ന ഓക്സിജൻ സംബന്ധിച്ച വിവരം ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.