ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷത്തിലെത്തി. 24 മണിക്കൂറിനിടെ 17,794 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 13 ലക്ഷം കടന്നു. ഒഡീഷയിലും സ്ഥിതി രൂക്ഷമാകുന്നു. അതേസമയം രാജ്യത്തെ രോഗമുക്തി നിരക്ക് 82 ശതമാനമാനത്തിലേക്ക് അടുക്കുന്നു. രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം കുറയുമ്പോഴും മരണസംഖ്യ ആയിരത്തിന് മുകളിൽ തന്നെ തുടരുകയാണ്. രോഗവ്യാപനം രൂക്ഷമായിരുന്ന മഹാരാഷ്ട്ര ,ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ കുറയുന്നുണ്ട്.
എന്നാൽ കർണാടകയിലും തമിഴ്‌നാട്ടിലും സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. മഹാരാഷ്ട്രയിൽ ആകെ രോഗികളുടെ എണ്ണം 13,00,757 ആയി ഉയർന്നു. അഞ്ചു ദിവസം കൊണ്ടാണ് 12 ലക്ഷത്തിൽ നിന്ന് 13 ലക്ഷമായി രോഗികളുടെ എണ്ണം ഉയർന്നത്. 416 കൂടി മരിച്ചതോടെ മരണസംഖ്യ 34,761 ആയി ഉയർന്നു. കേരളം ഡൽഹി, ഒഡിഷ, സംസ്ഥാനങ്ങളിൽ പ്രതിദിന കേസുകൾ വർധിക്കുകയാണ്. ഒഡീഷയിലെ ആകെ രോഗികൾ രണ്ട് ലക്ഷം കടന്നു. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 48 ലക്ഷത്തിന് അടുത്തെത്തി. അതിനിടെ സാകേതിലെ മാക്‌സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയുടെ ആരോഗ്യനില മോശമായി തന്നെ തുടരുകയാണ്.