ന്യൂഡൽഹി : രാജ്യത്ത് കോവിഡ് മരണം ലക്ഷം കടന്നു. രോഗികള്‍ 65 ലക്ഷത്തിലേറെ. 2.13 ലക്ഷംപേർ മരിച്ച അമേരിക്കയും 1.45 ലക്ഷം മരിച്ച ബ്രസീലുമാണ് ഇന്ത്യക്കു മുന്നിൽ. ദിവസേന ഏറ്റവും കൂടുതല്‍ മരണം ഇന്ത്യയിലാണ്. ഒരു മാസമായി ദിവസം ആയിരത്തിലേറെ മരണം. മാർച്ച് 13ന് ആദ്യ കോവിഡ് മരണമുണ്ടായ ഇന്ത്യയില്‍ 125 ദിവസമെടുത്ത് ജൂലൈ 16ന് മരണം കാൽ ലക്ഷമായി. 30 ദിവസമെടുത്ത് ആഗസ്‌ത് 15ന് അരലക്ഷമായി. 25 ദിവസമെടുത്ത് സെപ്‌തംബർ ഒമ്പതിന് മുക്കാൽ ലക്ഷമെത്തി. 23 ദിവസമെടുത്ത് ഒക്ടോബർ രണ്ടിന് ഒരു ലക്ഷമായി.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കില്‍ 24 മണിക്കൂറില്‍ 1069 മരണം. ഇതിൽ 39.66 ശതമാനവും മഹാരാഷ്ട്രയില്‍–- 424 മരണം. കർണാടകം 125, തമിഴ്‌നാട് 67, യുപി 53, ബംഗാൾ 53, പഞ്ചാബ് 50, ഡൽഹി 37, മധ്യപ്രദേശ് 36, ആന്ധ്ര 31, ഹരിയാന 23 മരണം. 24 മണിക്കൂറിൽ 79,476 രോഗികള്‍. ചികിത്സയില്‍ കഴിയുന്നത് 9.45 ലക്ഷം പേര്‍. രോഗമുക്തരുടെ എണ്ണം 54.27 ലക്ഷം പിന്നിട്ടു. അതേസമയം ജാർഖണ്ഡ് ന്യൂനപക്ഷക്ഷേമ മന്ത്രി ഹാജി ഹുസൈൻ അൻസാരി കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ 190 പോലീസുകാർക്കുകൂടി കോവിഡ് ബാധിച്ചു. ജമ്മുവിൽ 185 തടവുകാർക്കും കോവിഡ്. ഓക്‌സ്‌ഫഡ് സർവകലാശാല വികസിപ്പിക്കുന്ന കോവിഡ് വാക്‌സിൻ ആറു മാസത്തിനുള്ളിൽ യാഥാർഥ്യമായേക്കുമെന്ന് റിപ്പോർട്ടുകൾ. 65 വയസ്സിനു മുകളിൽ പ്രായക്കാർക്കാകും ആദ്യം വാക്‌സിൻ നൽകുക. ബ്രിട്ടൻ ഇതിനോടകം 10 കോടി വാക്‌സിനുകൾക്ക് ഓർഡർ നൽകി.