പട്ന : ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ഇന്ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദുര്‍ ദൂബയും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്യുക. ന്യൂഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ നിന്നു വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഉദ്ഘാടനം.
ബിഹാറിലെ ജയനഗറില്‍ നിന്നു നേപ്പാളിലെ കുര്‍ത്ത വരെയാണ് സര്‍വീസ്. 34.5 കിലോമീറ്റര്‍ പാതയിലാണ് പാസഞ്ചര്‍ സര്‍വീസ് വരുന്നത്. ഇന്ത്യന്‍ റെയില്‍വേയാണു നിര്‍മ്മാണം. രണ്ടാം ഘട്ടത്തില്‍ കുര്‍ത്തയില്‍ നിന്നു ബിജാല്‍പുരയിലേക്ക് പാത നീട്ടും. മൂന്നാം ഘട്ടത്തില്‍ ബിജാല്‍പുരയില്‍ നിന്നു ബര്‍ദിബാസിലേക്കും പാത നീട്ടാനാണ് പദ്ധതി.
വിദേശകാര്യ മന്ത്രാലയം പദ്ധതിക്കായി 784 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി കൊങ്കണ്‍ റെയില്‍വേ 10 ഡെമു കോച്ചുകള്‍ നേപ്പാളിനു കൈമാറിയിരുന്നു. 1935ല്‍ ബ്രിട്ടീഷ് ഭരണ സമയത്ത് ജയനഗറില്‍ നിന്നു ബിജാല്‍പുരയിലേക്കു ട്രെയിന്‍ ഉണ്ടായിരുന്നു. എന്നാല്‍ 2001ലെ പ്രളയത്തില്‍ ഈ പാത തകര്‍ന്നതോടെ ഗതാഗതം നിലച്ചിരുന്നു.





























