ന്യൂഡല്‍ഹി: കോവിഡിനെതിരേ ഇന്ത്യ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഓഗസ്റ്റ് 15ഓടെ പുറത്തിറക്കിയേക്കുമെന്നു സൂചന. ഓഗസ്റ്റ് 15ന് വാക്‌സിന്‍ വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചു. ഐസിഎംആറും ഭാരത് ബയോടെക് ഇന്റര്‍നാഷനലും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്.
വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലിനോടു സഹകരിക്കാന്‍ തെരഞ്ഞെടുത്ത ആശുപത്രികള്‍ക്ക് ഐസിഎംആര്‍ നിര്‍ദേശം നല്‍കി. പൂനെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് വൈറോളജിയില്‍ വേര്‍തിരിച്ചെടുത്ത വൈറസില്‍നിന്നാണ് ഭാരത് ബയോടെക് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. ഓഗസ്റ്റ് പതിനഞ്ചോടെ ഇതു ജനങ്ങളില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഭാര്‍ഗവ പറഞ്ഞു.
ഡല്‍ഹിയിലെയും പാറ്റ്നയിലെയും ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്), വിശാഖപട്ടണത്തെ കിംഗ് ജോര്‍ജ് ആശുപത്രി, റോത്തക്കിലെ പണ്ഡിറ്റ് ഭഗ്വത് ദയാല്‍ ശര്‍മ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഹൈദരാബാദിലെ നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് ക്ലിനിക്കല്‍ ട്രയലുകള്‍ നടക്കുക.
ഭാരതി ബയോടെക്കിന്റെ കോവാക്‌സിന്‍ എന്ന മരുന്നിന് ഈ ആഴ്ചയുടെ തുടക്കത്തിലാണ് മനുഷ്യനില്‍ പരീക്ഷണം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. ഒന്നും രണ്ടും ഘട്ടങ്ങളിലുളള വാക്‌സിന്‍ പരീക്ഷണവുമായി മുന്നോട്ടുപോകാനാണ് പച്ചക്കൊടി കാണിച്ചത്. നിലവില്‍ ലോകത്താകമാനം കോവിഡിനെതിരെ നൂറിലധികം വാക്‌സിന്‍ പരീക്ഷണങ്ങളാണ് നടക്കുന്നത്.
ഹൈദരാബാദില്‍ കമ്പിനിയുടെ കീഴിലുളള ജെനോം വാലിയിലാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. വാക്‌സിന്‍ പരീക്ഷണത്തിന് മുന്‍പ് നടത്തുന്ന പഠനങ്ങളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ പരീക്ഷണവുമായി മുന്നോട്ടുപോകാന്‍ കമ്പിനിക്ക് അനുവാദം നല്‍കിയത്. കോവാക്‌സിന്റെ ഉപയോഗം മൂലം രോഗപ്രതിരോധ ശേഷിയില്‍ ഉണ്ടായ പ്രതികരണം ഉള്‍പ്പെടെയുളള ഫലങ്ങളാണ് കമ്പിനി ഡ്രഗ്‌സ് കണ്‍ട്രോളറിന് മുന്‍പാകെ സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ പുരോഗതി വിലയിരുത്തിയിരുന്നു. ജൂലൈ 31നകം പരീക്ഷണത്തിന്റെ രണ്ടു ഘട്ടങ്ങളും പൂര്‍ത്തിയാക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ക്ലിനിക്കല്‍ പരീക്ഷണം വിജയകരമായാല്‍ ഓഗസ്റ്റ് 15നു പ്രധാനമന്ത്രി നടത്തുന്ന സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വാക്‌സിന്‍ പ്രഖ്യാപിക്കാനാണു നീക്കം.