കോട്ടയം: പാലാ വിദേശ വിനോദസഞ്ചാരികള്‍ ജാക്കറ്റിനു പിന്നില്‍ ഇന്ത്യന്‍ ദേശീയപതാക പേഴ്സ് രൂപത്തില്‍ ദുരുപയോഗിച്ചതു സംബന്ധിച്ചു അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഡി ജി പി ക്ക് നിര്‍ദ്ദേശം നല്‍കി. പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച പരാതിയെത്തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ദിവസം മൂന്നാറില്‍ നിന്നും പാലാ വഴി എറണാകുളത്തിനു സൈക്കിളില്‍ പോകുകയായിരുന്ന വിദേശസഞ്ചാരികളാണ് ഇന്ത്യന്‍ ദേശീയപതാക ദുരുപയോഗിച്ചതെന്ന് എബി ജെ ജോസ് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. 15 ഓളം വരുന്ന വിദേശ സഞ്ചാരികള്‍ പാലാ വഴി കടന്നു വരുമ്പോള്‍ ഇവര്‍ ധരിച്ചിരുന്ന ജാക്കറ്റിനു പിന്നില്‍ താഴെയായി പേഴ്സ് രൂപത്തില്‍ ഇന്ത്യന്‍ ദേശീയപതാക ഉണ്ടായിരുന്നു . തുടര്‍ന്നു സൈക്കിള്‍ യാത്രികരെ തടഞ്ഞു നിര്‍ത്തി ഇന്ത്യയുടെ ദേശീയപതാക ദുരുപയോഗം ചെയ്യരുതെന്നാവശ്യപ്പെട്ടു. സഞ്ചാരികളുടെ ഒപ്പമുണ്ടായിരുന്ന മലയാളി ഗൈഡ് ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നും എബി ജെ ജോസ് പരാതിപ്പെട്ടു.
പിന്നീട് നടത്തിയ അന്വേഷണത്തില്‍ എറണാകുളം കേന്ദ്രീകരിച്ചു സാഹസിക സ്പോര്‍ട്സ് സംഘടിപ്പിക്കുന്ന ഒരു സ്ഥാപനമാണ് വിദേശ സഞ്ചാരികളെ ഇന്ത്യയില്‍ എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. 1971ലെ നാഷണല്‍ ഹോണര്‍ ആക്‌ട്, ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ 2002 എന്നിവ പ്രകാരം ഈ വിധം ദേശീയപതാക ദുരുപയോഗിക്കുന്നത് കുറ്റകരമാണ്.