കൊച്ചി: അറ്റകുറ്റപ്പണി കഴിഞ്ഞ് പണം നല്‍കാതെ മുങ്ങിയ കപ്പല്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്തു. കോസ്റ്റൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ഇന്ത്യൻ എണ്ണ കപ്പലിന് ഏർപ്പെടുത്തിയിരിക്കുന്നത് കനത്ത സുരക്ഷ. പുറങ്കടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലിന്റെ ഓരോ ചലനങ്ങളും അറിയാൻ കഴിയും വിധമാണ് കോസ്റ്റ് ഗാർഡ് കൂച്ചുവിലങ്ങിട്ടിരിക്കുന്നത്. കടന്നു കളയുന്നത് തടയുകയാണ് ലക്ഷ്യം.
അറ്റകുറ്റപ്പണിക്ക് ശേഷം ശ്രീലങ്കൻ കപ്പൽ ശാലയിൽ പണം നൽകിയില്ലെന്ന പരാതിയിൽ ഇന്നലെയാണ് ഇന്ത്യൻ എണ്ണ കപ്പൽ കൊച്ചിയിൽ കസ്റ്റഡിയിൽ എടുത്തത്. ഹൈക്കോടതി ഉത്തരവ് പ്രകാരമായിരുന്നു നടപടി. 78 ലക്ഷം രൂപ നൽകിയാൽ മാത്രമേ കപ്പൽ വിട്ടു നൽകുകയുള്ളൂ. അതേസമയം ക്യാപ്റ്റൻ അടക്കം 27 പേരാണ് കപ്പലിലുള്ളത്. നടപടികൾ പൂർത്തിയാകുന്നത് വരെ ഇവർ കപ്പലിൽ തുടരും. കസ്റ്റഡിയിൽ എടുത്ത കപ്പൽ കൊച്ചി തീരത്ത് എത്തിക്കാനുള്ള സാദ്ധ്യത കോസ്റ്റൽ പോലീസ് തേടിയിരുന്നു.
എന്നാൽ നിരവധി കപ്പലുകൾ എത്തുന്ന പോർട്ടിൽ കസ്റ്റഡിയിലെടുത്ത കപ്പൽ പിടിച്ചിടുക ചരക്ക് നീക്കത്തെ ബാധിക്കുമെന്ന അറിയിപ്പാണ് പോർട്ട് ട്രസ്റ്റ് നൽകിയത്. ഇതോടെയാണ് കപ്പൽ പുറങ്കടലിൽ തന്നെ പിടിച്ചിടാനും കനത്ത സുരക്ഷ ഒരുക്കുവാനും കോസ്റ്റൽ പോലീസ് തീരുമാനിച്ചത്. ഹൻസ പ്രേം എന്ന കപ്പലിനെയാണ് അറ്റകുറ്റപ്പണിക്ക് ശേഷം ശ്രീലങ്കൻ കപ്പൽശാലയിൽ പണം നൽകിയില്ലെന്ന പരാതിയിൽ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. പണം നൽകാതെ മുങ്ങിയെന്ന പരാതിയുമായി കൊളംബോ കപ്പൽശാല അധികൃതർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കഴിഞ്ഞ മേയിലാണ് അറ്റകുറ്റപ്പണി നടത്തിയ ശേഷം കപ്പൽ പണം നൽകാതെ മുങ്ങിയത്. മാരി ടൈം നിയമ പ്രകാരം കപ്പൽ ഒന്നാം പ്രതിയും കപ്പലിന്റെ ഉടമ രണ്ടാം പ്രതിയുമാണ്. നിലവിൽ കമ്പനി അധികൃതർ കോടതിയിൽ ഹാജരായാൽ മാത്രമേ കപ്പൽ കസ്റ്റഡിയിൽ നിന്നു വിട്ടുകിട്ടുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകുകയുള്ളൂ. കൊച്ചി തുറമുഖത്തു നിന്നും 14 നോട്ടിക്കൽ അകലെയാണ് നങ്കൂരമിട്ടിരിക്കുന്നത്.