ലണ്ടന്‍ : ബ്രിട്ടണില്‍ ജനിതകമാറ്റം സംഭവിച്ച പുതിയതരം കോവിഡ് വൈറസിന്റെ വ്യാപനം നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരുന്ന നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കി. ബ്രിട്ടണില്‍ നിന്നുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കിയതോടെ ക്രിസ്തുമസ്-പുതുവത്സര വേളയില്‍ നാട്ടിലേക്ക് തിരിക്കാന്‍ ടിക്കറ്റെടുത്ത നിരവധി വിദ്യാര്‍ഥികള്‍ ബ്രിട്ടണില്‍ കുടുങ്ങി.
രോഗവ്യാപന സാഹചര്യത്തില്‍ ടൂറിസ്റ്റ് വിസയും താത്കാലികമായി നിര്‍ത്തിവെച്ചതോടെ കുടുംബ ആവശ്യങ്ങള്‍ക്കായി ബ്രിട്ടണിലെത്തിയ നിരവധി ഇന്ത്യക്കാരുടെ മടക്കവും പ്രതിസന്ധിയിലായി. യുകെ-ഇന്ത്യ മേഖലയില്‍ ഏറ്റവും തിരക്കേറിയ സീസണ്‍ കൂടിയാണിത്.
ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍കരുതലുകളുടെ ഭാഗമായി ചൊവ്വാഴ്ച അര്‍ദ്ധ രാത്രിക്ക് മുമ്പായി യുകെയില്‍ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോള്‍ നിര്‍ബന്ധിത ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു.
വിമാന സര്‍വീസ് റദ്ദാക്കിയതോടെ നാട്ടിലേക്ക് പോകാനും തിരിച്ച് ബ്രിട്ടണിലേക്ക് വരാനുമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഏറെ ആശങ്കയിലാണെന്ന് യു.കെയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിനിധി ഗ്രൂപ്പായ എന്‍.ഐ.എസ്.എ.യു അധ്യക്ഷ സനം അറോറ പറഞ്ഞു. പി.സി.ആര്‍ പരിശോധനയിലൂടെ പുതിയ വൈറസ് വകഭേദത്തെ തിരിച്ചറിയാന്‍ സാധിക്കുമോയെന്ന് ആശയക്കുഴപ്പമുണ്ടെന്നും അറോറ പറഞ്ഞു.
അടിയന്തര സാഹചര്യത്തില്‍ യാത്രാ വിവരങ്ങള്‍ സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിക്കുന്നുണ്ട്. വിമാന സര്‍വീസ് റദ്ദാക്കിയത് ആളുകളുടെ സുരക്ഷ കണക്കിലെടുത്താണ്. ഇരു സര്‍ക്കാരുകളും സാഹചര്യം സൂക്ഷ്മമായി വിലയിരുത്തി വരുകയാണെന്നും അധികൃതരുടെ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും യു.കെയിലെ പ്രവാസി ഗ്രൂപ്പുകള്‍ ആവശ്യപ്പെട്ടു.
ലോക്ക്ഡൗണില്‍ യാത്ര തടസപ്പെട്ട് വിസാ കാലാവധി അവസാനിക്കുന്നവര്‍ക്ക് ഇളവ് നല്‍കുമെന്ന് നേരത്തെ യു.കെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയ്ക്ക് പുറമേ നിരവധി രാജ്യങ്ങളും യുകെയിലേക്കുള്ള വിമാന സര്‍വീസിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.