ന്യൂഡല്‍ഹി: 2036-ലെ ഒളിമ്പിക്സിന് ആതിഥ്യം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമം പുതിയതലത്തിലേക്ക് കടക്കുന്നു. ഒളിമ്പിക്സ് ആതിഥേയത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐഒസി)യുമായി ചര്‍ച്ചചെയ്യാന്‍ ഇന്ത്യ വിദഗ്ധസംഘത്തെ നിയമിച്ചു. ഉന്നതതലസംഘം ജൂണ്‍ അവസാനം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനമായ സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസെയ്നിലേക്കുപോകും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേന്‍ (ഐഒഎ) അധ്യക്ഷയും മലയാളിയുമായ പി.ടി. ഉഷയാണ് സംഘത്തിന്റെ നേതാവ്. അസോസിയേഷന്‍ സിഇഒ രഘുറാം അയ്യര്‍, കേന്ദ്ര കായിക സെക്രട്ടറി ഹരി രഞ്ജന്‍ റാവു, ഗുജറാത്ത് കായികമന്ത്രി ഹര്‍ഷ് സംഘ്വി, അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മിഷണര്‍ ബഞ്ച നിധി പാണി തുടങ്ങിയവര്‍ സംഘത്തിലുണ്ട്.
ഐഒസിയുടെ ഫ്യൂച്ചര്‍ ഒളിമ്പിക് കമ്മിഷനുമായാണ് (എഫ്എച്ച്സി) ഇന്ത്യന്‍ സംഘം ചര്‍ച്ചനടത്തുക. നേരത്തേ കരുതിയപോലെ, വേദി അനുവദിച്ചുകിട്ടുകയാണെങ്കില്‍ അഹമ്മദാബാദ് ആയിരിക്കും പ്രധാനകേന്ദ്രമെന്നതിന്റെ സൂചനകൂടിയാണ് ഈ സംഘം. ഇന്ത്യയെക്കൂടാതെ ഇന്‍ഡൊനീഷ്യ, ഖത്തര്‍, സൗദി അറേബ്യ, ജര്‍മനി, ദക്ഷിണകൊറിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളും ആതിഥേയത്വത്തിന് ശ്രമിക്കുന്നുണ്ട്.ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും എഫ്എച്ച്സിയുമായി നേരത്തേതന്നെ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും നേരിട്ടുള്ള യോഗം ആദ്യമാണ്. ഐഒസിയുടെ പുതിയ പ്രസിഡന്റായി സിംബാബ്വേക്കാരിയായ ക്രിസ്റ്റി കോവെന്‍ട്രി മാര്‍ച്ചില്‍ ചുമതലയേറ്റിരുന്നു.