ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ ജാഫര്‍ എക്സ് പ്രസ് റാഞ്ചലില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന പാകിസ്താന്റെ ആരോപണങ്ങളെ തള്ളി ഇന്ത്യ. പാകിസ്താന്‍ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെ ശക്തമായി തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവന്‍ അറിയാം. സ്വന്തം ആഭ്യന്തര പ്രശ്നങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് മാറ്റുന്നതിന് പകരം പാകിസ്താന്‍ സ്വയം നോക്കണമെന്നും ജയ്സ്വാള്‍ വ്യക്തമാക്കി. ജാഫര്‍ എക്സ് പ്രസ് ആക്രമണത്തില്‍ ഉള്‍പ്പെട്ട വിമതര്‍ക്ക് അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനാ നേതാക്കളുമായി ബന്ധമുണ്ടെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
ഇന്ത്യ, പാകിസ്ഥാനിലെ തീവ്രവാദത്തില്‍ പങ്കാളിയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. പിന്നാലെയാണ് രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ രംഗത്തെത്തിയത്. ഈ മാസം 11 നാണ് ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) പാകിസ്താനില്‍ ട്രെയിന്‍ തട്ടിയെടുത്തത്. പാകിസ്താനിലെ തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ നിന്ന് ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്സ് പ്രസ് ആണ് ബിഎല്‍എ തട്ടിയെടുത്തത്.
ഒമ്പത് ബോഗികളിലായി 400 ലധികം യാത്രക്കാരുമായി യാത്ര ചെയ്യുകയായിരുന്ന ട്രെയിന്‍ തട്ടിയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ പിന്നീട് ബിഎല്‍എ പുറത്ത് വിട്ടിരുന്നു. ട്രെയിന്‍ ഹൈജാക്ക് ചെയ്ത 33 ബിഎല്‍എ വിമതരെയും വധിച്ചതായി പാകിസ്ഥാന്‍ സുരക്ഷാ സേന അവകാശപ്പെട്ടിരുന്നു. എന്നാല്‍ പരാജയം മറച്ചുവെക്കാനുള്ള സൈന്യത്തിന്റെ ശ്രമമാണിതെന്ന് ബിഎല്‍എ പറഞ്ഞു. ട്രെയിന്‍ പിടിച്ചെടുത്ത ഉടന്‍ തന്നെ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും സ്വമേധയാ മോചിപ്പിച്ചെന്നും ബാക്കിയുള്ളവര്‍ക്കായി പോരാട്ടം നടക്കുകയാണെന്നും ബിഎല്‍എ വക്താവ് വ്യക്തമാക്കി.