റാന്നി: ബജറ്റ് പ്രസംഗത്തിൽ റാന്നിക്കായി പ്രഖ്യാപിച്ച പുതിയ വ്യവസായ പാർക്ക് നാടിന്റെ മുഖച്ഛായ മാറ്റുന്ന ഒരു സ്വപ്ന പദ്ധതിയായിരിക്കുമെന്ന് റാന്നി എം.എല്‍.എ പഴകുളം മധു പറഞ്ഞു. പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് (പി.പി.പി – പൊതു-സ്വകാര്യ പങ്കാളിത്തം) മാതൃകയിലായിരിക്കും ഈ ബൃഹത്തായ പദ്ധതി വികസിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ 100 കോടി ധനസഹായം കൂടി നേടി എടുക്കാൻ സാധിച്ചാൽ ഈ വ്യവസായ പാർക്ക് സംസ്ഥാനത്തിന് തന്നെ മാതൃകയായി മാറും. റാന്നിയുടെ സാമ്പത്തിക-സാമൂഹിക മേഖലകളിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ഒരു ‘ഗെയിം ചേഞ്ചർ’ ആയിരിക്കും ഈ വ്യവസായ പാർക്ക്.
നേരിട്ടും അല്ലാതെയുമുള്ള പതിനായിരക്കണക്കിന് തൊഴിലവസരങ്ങളാണ് റാന്നിയിലെയും സമീപ പ്രദേശങ്ങളിലെയും കൂടാതെ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള യുവാക്കൾക്കും തൊഴിലന്വേഷകർക്കും ലഭ്യമാകാൻ പോകുന്നത്. പ്രാദേശിക വികസനത്തിനും യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ഈ പദ്ധതി വൻതോതിൽ സഹായകരമാകും. റാന്നിയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകേകുന്ന ഈ വലിയ പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയ മുഖ്യമന്ത്രിക്കും സർക്കാരിനും പഴകുളം മധു ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. പദ്ധതി സമയബന്ധിതമായി യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ സമ്പൂർണ സമർപ്പണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതുകൂടാതെ റബറിന് താങ്ങുവില 250 ആക്കി വർധിപ്പിച്ചത് റാന്നിയിലെ കർഷകർക്ക് വലിയ ആശ്വാസമാകും. റാന്നി, ആറന്മുള മണ്ഡലങ്ങളിലെ പള്ളിയോട സംഘങ്ങൾക്ക് ഗ്രാന്റ് പതിനായിരത്തിൽ നിന്നും പതിനയ്യായിരമായി വർധിപ്പിച്ചത് താനും അബിൻ വർക്കി എം.എൽ.എ യും ആവശ്യപ്പെട്ട പ്രകാരമാണെന്ന് പഴകുളം മധു പറഞ്ഞു.
ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷനും ലൈബ്രറി ആൻഡ് റീഡിങ് റൂമിനും രണ്ട് കോടി രൂപ, വടശ്ശേരിക്കരയിൽ പിൽഗ്രിം സെന്ററിന് രണ്ട് കോടി, വടശ്ശേരിക്കരയിൽ ബസ് സ്റ്റാന്റിന് ഒരു കോടി രൂപ, തപോവൻ ടൂറിസം പദ്ധതിക്ക് ഒരു കോടി രൂപ, റാന്നി ടൂറിസം സർക്യൂട്ടിന് 2 കോടി, പെരുന്തേനരുവി ടൂറിസം പദ്ധതി, അയിരൂർ നഴ്സിംഗ് കോളേജ്, പള്ളിയോട കടവുകൾ തുടങ്ങിയ പദ്ധതികൾക്കും റോഡുകൾക്കും 150 കോടി രൂപയുടെ പദ്ധതികൾ എന്നിവയും റാന്നിക്കായി അനുവദിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ പരിഗണനയാണ് റാന്നിക്ക് ലഭിച്ചതെന്നും പഴകുളം മധു എം.എൽ.എ പറഞ്ഞു.




























