Friday, April 26, 2024 11:12 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി വലിയ പാലം: വില നിര്‍ണയ നടപടികള്‍ അവസാനഘട്ടത്തില്‍
റാന്നി വലിയപാലം നിര്‍മാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിനായി സ്ഥലം വസ്തു ഉടമകളില്‍ നിന്നും വിലകൊടുത്ത് ഏറ്റെടുക്കുന്നതിനായി വില നിശ്ചയിച്ച് ജില്ലാ കളക്ടറുടെ അനുമതിക്കായി സമര്‍പ്പിച്ചു. പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തിനായി വസ്തു ഏറ്റെടുക്കല്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പത്തനംതിട്ടയില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് എല്‍ എ ഡെപ്യൂട്ടി കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. കളക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന വസ്തുവിന്റെ ബേസിക് വാല്യൂ റിപ്പോര്‍ട്ട് (ബി വി ആര്‍ ) അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് വസ്തുവില്‍ ഉള്‍പ്പെട്ടിരിക്കുന്ന ദേഹണ്ഡങ്ങളുടെയും മറ്റ് നിര്‍മിതികളുടെയും വിശദവിലനിര്‍ണയ സ്റ്റേറ്റ്‌മെന്റ് (ഡി വി ആര്‍ – ഡീറ്റെയില്‍ഡ് വാല്യു റിപ്പോര്‍ട്ട്) തയാറാക്കും. വസ്തു ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള അന്തിമ വിജ്ഞാപനമായ 19 (1) പ്രസിദ്ധീകരിക്കുന്നതിന് പ്രാഥമിക വിജ്ഞാപന കാലാവധി 12/07/2023 വരെ നീട്ടി ഉത്തരവായിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.
കിഫ്ബി ഫണ്ടില്‍ നിന്നും 26 കോടി രൂപ അനുവദിച്ച റാന്നി വലിയ പാലത്തിന്റെ നിര്‍മാണം, അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുത്തില്ല എന്ന കാരണത്താല്‍ ഇടയ്ക്കു വച്ച് മുടങ്ങുകയായിരുന്നു. എംഎല്‍എയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിക്കുകയും നിര്‍മാണം പുനരാരംഭിക്കുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കുവാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ നീണ്ടത് നിര്‍മാണം വൈകാനിടയാക്കി. പ്രമോദ് നാരായണ്‍ എം എല്‍ എ ഇടപെട്ട് റവന്യൂ വകുപ്പ് എല്‍എ വിഭാഗത്തിന്റെ നിരവധി യോഗങ്ങള്‍ വിളിച്ചാണ് തടസങ്ങള്‍ ഓരോന്നായി നീക്കിയത്. സ്ഥലം ഏറ്റെടുപ്പിന്റെ നടപടികള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലേക്ക് എത്തിനില്‍ക്കുകയാണ്. പാലത്തിന് അങ്ങാടി കരയില്‍ ഉപാസനകടവില്‍ നിന്നും പേട്ട ജംഗ്ഷന്‍ വരെയും റാന്നി കരയില്‍ പെരുമ്പഴ കടവില്‍ നിന്നും ബ്ലോക്ക് പടി വരെയും ഉള്ള അപ്രോച്ച് റോഡുകള്‍ക്കാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. കിഫ്ബി മുഖാന്തരം നിര്‍മിക്കുന്ന പദ്ധതിയായതിനാല്‍ അപ്രോച്ച് റോഡിന് കുറഞ്ഞത് 10 മീറ്റര്‍ വീതി വേണമെന്ന് നിബന്ധനയും ഉണ്ട്. ഇത് അനുസരിച്ചാണ് ഇപ്പോള്‍ സ്ഥലം അളന്ന് കല്ലിട്ട് തിട്ടപ്പെടുത്തി വില നിര്‍ണയ നടപടികള്‍ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്നത്.

കോഴഞ്ചേരി സി കേശവന്‍ സ്മാരക സ്‌ക്വയര്‍ പുനരുദ്ധാരണം
നിര്‍മാണ ഉദ്ഘാടനം ആരോഗ്യമന്ത്രി നിര്‍വഹിക്കും

ചരിത്ര പ്രസിദ്ധമായ 1935 മേയ് 11ലെ പ്രസംഗത്തിന്റെ സ്മരണയ്ക്കായി സ്ഥാപിച്ചിട്ടുള്ള കോഴഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷനിലെ സി. കേശവന്റെ വെങ്കല പ്രതിമയും സ്‌ക്വയറും പുനരുദ്ധരിക്കുന്നതിന്റെ നിര്‍മാണ ഉദ്ഘാടനം മാര്‍ച്ച് 18ന് രാവിലെ 10.30ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ആറന്മുള എംഎല്‍എയും ആരോഗ്യവകുപ്പ് മന്ത്രിയുമായ വീണാ ജോര്‍ജിന്റെ തനത് ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പുനരുദ്ധാരണം നടത്തുന്നത്.
എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് മോഹന്‍ ബാബു യോഗത്തില്‍ അധ്യക്ഷത വഹിക്കും. പദ്ധതി പുനരുദ്ധാരണ വിശദീകരണം ഇലന്തൂര്‍ എല്‍എസ്ജിഡി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ബിന്ദു എസ് കരുണാകരന്‍ നിര്‍വഹിക്കും. അസിസ്റ്റന്റ് എന്‍ജിനിയര്‍ വിജയകൃഷ്ണന്‍ പദ്ധതി വിശദീകരിക്കും. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, മെമ്പര്‍ ഗീതു മുരളി, എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി ജി. ദിവാകരന്‍, യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ രാഖേഷ് കോഴഞ്ചേരി, യൂണിയന്‍ കൗണ്‍സിലര്‍മാരായ അഡ്വ. സോണി പി ഭാസ്‌കര്‍, പ്രേംകുമാര്‍, സുഗതന്‍ പൂവത്തൂര്‍, രാജന്‍ കുഴിക്കാല, സിനു എസ് പണിക്കര്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് വിജയന്‍ കാക്കനാടന്‍ എന്നിവര്‍ പ്രസംഗിക്കും.

ക്വട്ടേഷന്‍
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് നിര്‍മ്മിച്ച കിയോസ്‌കുകളിലേക്ക് വെളളം നിറയ്ക്കുന്നതിനും /ടാങ്കറില്‍ വെളളം നല്‍കേണ്ടി വരുന്ന സ്ഥലങ്ങളില്‍ ടാങ്കറില്‍ വെളളം എത്തിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 24 ന് വൈകിട്ട് മൂന്നിന് മുമ്പ് ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2350316.

ആരോഗ്യജാഗ്രത – ഡ്രൈ കണ്ടെയ്‌നര്‍ എലിമിനേഷന്‍ മാര്‍ച്ച് 20ന്
ജില്ലയില്‍ വേനല്‍മഴ തുടരുന്നതിന്റെ ഭാഗമായി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈസാഹചര്യത്തില്‍ പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും വീടും പരിസരവും ശുചീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു. ആരോഗ്യ ജാഗ്രത ക്യാമ്പയിനിന്റെ ഭാഗമായി നടത്തുന്ന കൊതുക്, കൂത്താടി നിയന്ത്രണ നശീകരണ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണം. സ്ഥാപനങ്ങളിലും,വീടുകളിലും ആശുപത്രികളിലും, ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമായി നടത്തണം. കൊതുക്ജന്യ രോഗങ്ങളെ പ്രതിരോധിക്കാന്‍ വീട്, സ്ഥാപനങ്ങള്‍ തുടങ്ങിയ കെട്ടിടങ്ങളുടെ അകത്തും മേല്‍ക്കൂരകളിലും പരിസരത്തും വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കെട്ടിടത്തിന്റെ ടെറസ്,സണ്‍ഷേഡുകള്‍, പരിസരം എന്നിവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളംഒഴുക്കിക്കളയുകയും പാഴ്വസ്തുക്കള്‍ സംസ്‌കരിക്കുകയും വേണം. ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ കൊതുക് വളരാന്‍ ഇടയുള്ള വസ്തുക്കള്‍ നീക്കം ചെയ്യണം. വീട്ടുമുറ്റത്തും പരിസരങ്ങളിലും എറിഞ്ഞു കളഞ്ഞപാത്രങ്ങള്‍ ചിരട്ടകള്‍, തൊണ്ട്, ടയര്‍, മുട്ടത്തോട്, ടിന്നുകള്‍ തുടങ്ങിയവയില്‍ കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കൊതുക് വളരാം. ഇവ സുരക്ഷിതമായി സംസ്‌ക്കരിക്കുകയോ, വെള്ളം കയറാതെ കമിഴ്ത്തി സൂക്ഷിക്കുകയോ വേണം. കമുകിന്‍ തോട്ടങ്ങളില്‍ വീണു കിടക്കുന്ന പാളകളിലും റബര്‍മരങ്ങളില്‍വെച്ചിട്ടുള്ള ചിരട്ടകളിലും കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ മുട്ടയിടാം. വീടിനുള്ളില്‍ ചെടിച്ചട്ടികള്‍ക്ക് താഴെവെള്ളം കെട്ടിനില്‍ക്കുന്ന പാത്രങ്ങളിലും ഫ്രിഡ്ജിന്റെ അടിയിലെ ട്രേയിലും കൊതുക് മുട്ടയിടാന്‍ സാധ്യതയുണ്ട്. ആഴ്ചയിലൊരിക്കല്‍ ഇവ വൃത്തിയാക്കേണ്ടതാണ്. ജലദൗര്‍ലഭ്യമുള്ള പ്രദേശങ്ങളില്‍ വെള്ളം ശേഖരിച്ചു വെയ്ക്കുന്ന പാത്രങ്ങളും ടാങ്കുകളും അടച്ചുസൂക്ഷിക്കുകയും ആഴ്ചയിലൊരിക്കല്‍ ഉള്‍വശം ഉരച്ചു കഴുകി വൃത്തിയാക്കി ഉണക്കിയതിനു ശേഷം മാത്രം വീണ്ടും ഉപയോഗിക്കുകയും വേണം. സെപ്റ്റിക് ടാങ്കുമായി ബന്ധിപ്പിച്ചുള്ള വെന്റ് പൈപ്പിന്റെ അഗ്രം കൊതുക് വല ഉപയോഗിച്ച് മൂടാന്‍ശ്രദ്ധിക്കണം. ആഴ്ചയിലൊരിക്കല്‍ വീടും പരിസരവും വൃത്തിയാക്കി എല്ലാവരും ഡ്രൈഡേ ആചരിക്കണമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ജില്ലയിലെ ആദ്യ എബിസിഡി ക്യാമ്പ് 20ന് കുരുമ്പന്‍മൂഴിയില്‍
** ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും
** അവശ്യരേഖകള്‍ സ്വന്തമാക്കാന്‍ അവസരം
** വകുപ്പുകളുടെ പ്രത്യേക കൗണ്ടറുകള്‍ സജ്ജമാക്കും
**ആരോഗ്യവകുപ്പിന്റെ പ്രഥമ ശുശ്രൂഷ സൗകര്യം
ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്നതിനുള്ള ആദ്യ എബിസിഡി (അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ) ക്യാമ്പ് ഈ മാസം 20ന് നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ കുരുമ്പന്‍മൂഴി കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്യും. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി അധ്യക്ഷത വഹിക്കും. ജില്ലാ ഭരണ കേന്ദ്രം, ഐടി മിഷന്‍, പട്ടികവര്‍ഗ വികസന വകുപ്പ്, നാറാണം മൂഴി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുരുമ്പന്‍മൂഴി പട്ടിക വര്‍ഗ സങ്കേതത്തിലെ 130 കുടുംബങ്ങള്‍ക്ക് ആധാര്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ബാങ്ക് അക്കൗണ്ട്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ അവശ്യരേഖകള്‍ ലഭ്യമാക്കും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രത്യേക കൗണ്ടറുകളും ഹെല്‍പ്പ് ഡെസ്‌ക് സംവിധാനവും ക്രമീകരിക്കും. അക്ഷയയുടെ ആറു കൗണ്ടറുകള്‍ തുറക്കും. ആരോഗ്യവകുപ്പിന്റെ പ്രഥമ ശുശ്രൂഷ സൗകര്യവും ഒരുക്കും. ആധികാരിക രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിനുള്ള ഡിജി ലോക്കര്‍ സംവിധാനവും ക്യാമ്പിന്റെ ഭാഗമായി സജ്ജമാക്കും. പട്ടിക വര്‍ഗ വികസന വകുപ്പ്, നാറാണം മൂഴി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങള്‍ 2023-24 വാര്‍ഷിക പദ്ധതി ഈ മാസം 29 ന് അകം
പൂര്‍ത്തിയാക്കണം : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 2023-24 വാര്‍ഷിക പദ്ധതികള്‍ ഈ മാസം 29 ന് അകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. 2023-24 വാര്‍ഷിക പദ്ധതി തയാറാക്കി സമര്‍പ്പിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ ചര്‍ച്ച ചെയ്ത് അംഗീകരിക്കുന്നതിനായി പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ നിശ്ചയിച്ചിട്ടുള്ള പൊതു പ്രൊജക്ടുകളായ സമ്പൂര്‍ണ ശുചിത്വം, വന്യമൃഗങ്ങളില്‍ നിന്ന് കൃഷി സംരക്ഷണം, പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് നിര്‍മാണം തുടങ്ങിയവ അടുത്ത വര്‍ഷവും തുടരണം. ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ പദ്ധതിയോടൊപ്പം വയോജന സൗഹൃദ പദ്ധതി കൂടി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്നുണ്ടന്ന് അദ്ദേഹം പറഞ്ഞു. കോന്നി, ഓമല്ലൂര്‍, റാന്നി അങ്ങാടി, മല്ലപ്പുഴശേരി, ഏറത്ത് എന്നീ ഗ്രാമപഞ്ചായത്തുകളുടെ 2023-24 വാര്‍ഷിക പദ്ധതിക്ക് യോഗം അംഗീകാരം നല്‍കി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ഡിപിസി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓമല്ലൂര്‍ വയല്‍ വാണിഭം: വളര്‍ത്തുനായ്ക്കളുടെ
മത്സര പ്രദര്‍ശനം മാര്‍ച്ച് 18ന്

ഓമല്ലൂര്‍ വയല്‍ വാണിഭത്തിന്റെ ഭാഗമായുള്ള ഡോഗ് ഷോ മാര്‍ച്ച് 18ന് വൈകുന്നേരം നാലു മുതല്‍ ഓമല്ലൂര്‍ മീന്‍ മാര്‍ക്കറ്റിന് സമീപം നടക്കും. വളര്‍ത്തുനായ്ക്കളുടെ മത്സര പ്രദര്‍ശനവും ഉണ്ടാവും. മികച്ച വളര്‍ത്തുനായ്ക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. തുടര്‍ന്ന് ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന പരിപാടികള്‍. രാത്രി ഏഴു മുതല്‍ ഡാന്‍സ് ഫ്യൂഷന്‍. മാര്‍ച്ച് 19ന് വൈകുന്നേരം അഞ്ചിന് ജോസ് നഴ്‌സറിയുടെ സമീപത്ത് നിന്നും വെളിനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയെയും, ശ്രീരാമസ്വാമി ക്ഷേത്ര ഭാരവാഹികളെയും പൗര പ്രമുഖരെയും സ്വീകരിച്ച് ആനയിക്കും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍ മുഖ്യപ്രഭാഷണം നടത്തും. രാത്രി എട്ടു മുതല്‍ നാടന്‍ പാട്ട് കലാകാരന്മാരായ മണിത്താമര, സുനില്‍ വിശ്വം എന്നിവര്‍ നയിക്കുന്ന നാടന്‍ പാട്ട്, പാട്ടുകളം. വെള്ളിയാഴ്ച കവിയരങ്ങ് കവി  പുലിയൂര്‍ ഉദ്ഘാടനം ചെയ്തു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡോ. വിളക്കുടി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഓമല്ലൂര്‍ മഹാദേവന്‍, ഓമല്ലൂര്‍ രാമകൃഷ്ണദാസ്, മിഥുന്‍ മധു എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷനും തിരുവിതാംകൂര്‍ ഹാസ്യകല അവതരിപ്പിക്കുന്ന കോമഡി മാജിക്‌ഷോയും നടന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

രാത്രി 10 മണിക്കും തീരാതെ പോളിങ് ; വടകര മണ്ഡലത്തിലെ ബൂത്തുകളിൽ നിരവധി പേർ...

0
കോഴിക്കോട്: സംസ്ഥാനത്ത് രാത്രി വൈകിയും വോട്ടെടുപ്പ് തുടരുന്നു. വോട്ടെടുപ്പ് സമയം കഴിഞ്ഞ്...

പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: തൃത്താലയിൽ പത്ത് വയസുകാരനെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി....

പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 ; വോട്ടിങ് ശതമാനം

0
പത്തനംതിട്ട ലോക്സഭാ മണ്ഡലം മൊത്തം വോട്ടര്‍മാര്‍: 14,29,700 പോള്‍ ചെയ്ത വോട്ട്: 9,05,727 പുരുഷന്മാര്‍: 4,43,194...

താമരശ്ശേരിയിൽ കാണാതായ പത്താം ക്ലാസുകാരിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

0
കോഴിക്കോട്: താമരശ്ശേരി കരിഞ്ചോലയിൽ കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങി മരിച്ച നിലയിൽ...