തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗത്വം പുതുക്കാന്‍ അവസരം
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ തൊഴിലാളികളുടെ അംഗത്വം പുതുക്കല്‍ ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ ഉണ്ടായിരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2320449.
ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രില്‍ ഒന്നിന്
പത്തനംതിട്ട ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രില്‍ ഒന്നിന് ഉച്ചയ്ക്ക് ശേഷം 2.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ അറിയിച്ചു.
റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ 22200-48000 രൂപ ശമ്പള നിരക്കില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട് (ഫസ്റ്റ് എന്‍സിഎ എസ്സിസിസി) (കാറ്റഗറി നം. 450/2020) തസ്തികയിലേക്ക് 2022 ജനുവരി 15 ന് നിലവില്‍ വന്ന 28/2022/ഡിഒഎച്ച് റാങ്ക് പട്ടികയില്‍ നിന്നും നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ഥി 02.06.2022 തീയതിയില്‍ ജോലിയില്‍ പ്രവേശിച്ചതിനാലും ഈ തസ്തികയുടെ മാതൃ റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാലും ഈ റാങ്ക് പട്ടികയില്‍ നിന്നും എസ്സിസിസി വിഭാഗത്തിലുളള എന്‍സിഎ ഒഴിവുകളൊന്നും തന്നെ നിയമന ശുപാര്‍ശ നല്‍കാന്‍ അവശേഷിക്കാത്തതിനാലും ഈ റാങ്ക് പട്ടിക 03.06.2022 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു.ഫോണ്‍ : 0468 2222665.
ഐ.ടി.മിഷന്‍ ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ (എച്ച്എസ്ഇ) നിയമനം
പത്തനംതിട്ട ജില്ലാകളക്ടറേറ്റില്‍ ഇ-ഓഫീസ് പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന ഐ.ടി.മിഷന്‍ ഹാന്റ് ഹോള്‍ഡ് സപ്പോര്‍ട്ട് എഞ്ചിനീയര്‍ (എച്ച്എസ്ഇ)മാരെ നിയമിക്കുന്നു. ജില്ലയിലെ കളക്ടറേറ്റ് ഉള്‍പ്പെടെയുള്ള വിവിധറവന്യു ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ജോലി. 2,52,000 രൂപാ വാര്‍ഷിക ശമ്പളം. പ്രായപരിധി 30.വിദ്യാഭ്യാസ യോഗ്യത: ബി.ടെക് (ഐ.ടി, സി.എസ്.ഇ , ഇ.സി.ഇ ) അല്ലെങ്കില്‍ എം.എസ്.സി ( കമ്പ്യൂട്ടര്‍ സയന്‍സ് ) ഒരു വര്‍ഷത്തെ ഐടി മേഖല പ്രവര്‍ത്തി പരിചയം. അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ളോമ കോഴ്സ് ( ഹാര്‍ഡ് വെയര്‍, കംമ്പ്യൂട്ടര്‍, ഐ.ടി )രണ്ട് വര്‍ഷത്തെ ഐടി മേഖല പ്രവര്‍ത്തി പരിചയം. കൂടൂതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറം ലഭിക്കുന്നതിനും https://pathanamthitta.nic.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.പൂരിപ്പിച്ച അപേക്ഷ ഫോറം ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 22 ന് വൈകുന്നേരം നാലു വരെ.
കോവിഡ് മുന്‍കരുതല്‍:
മാസ്‌കില്‍ അലംഭാവംവേണ്ട – ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ജില്ലയില്‍ കോവിഡ് കേസുകളില്‍ നേരിയവര്‍ദ്ധനവ് കാണുന്നതിനാല്‍ എല്ലാവരും കോവിഡ് മുന്‍കരുതല്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ഓഫീസര്‍ (ആരോഗ്യം)ഡോ.എല്‍ .അനിതകുമാരി അറിയിച്ചു. കോവിഡിന്റെ പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാല്‍ സ്വയം പ്രതിരോധം ഏറ്റവും പ്രധാനമാണ്.പൊതുസ്ഥലങ്ങളില്‍ മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവര്‍ , ജീവിതശൈലീരോഗങ്ങളുള്ളവര്‍ , ഗര്‍ഭിണികള്‍,കിടപ്പു രോഗികള്‍, കുട്ടികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരക്കാര്‍ക്ക് രോഗം വന്നാല്‍ അപകട സാധ്യത കൂടുതലായതിനാല്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ആശുപത്രികളില്‍ എത്തുന്നവരും ആരോഗ്യ പ്രവര്‍ത്തകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കേണ്ടതാണ്. പനി, ജലദോഷം, തൊണ്ടവേദന, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ മതിയായി വിശ്രമിക്കുകയും രോഗലക്ഷണങ്ങള്‍ കുറയുന്നില്ലെങ്കില്‍ ചികിത്സ തേടുകയും വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. (പിഎന്‍പി 1019/23)
വളളവും വലയും വിതരണം ചെയ്തു
കടപ്ര ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികള്‍ക്കുളള വളളവും വലയും വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്‍ കുര്യത്ത് കടവില്‍ വെച്ച് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും ഒന്‍പതു ലക്ഷം രൂപ അനുവദിച്ച പദ്ധതിയിലൂടെ 19 ഗുണഭോക്താക്കള്‍ക്കാണ് വള്ളവും വലയും നല്‍കിയത്. 30000 രൂപയാണ് യൂണിറ്റ് ചിലവ് . 75 ശതമാനം സബ്‌സിഡി ആയ 22500 രൂപ പഞ്ചായത്ത് വിഹിതവും 25 ശതമാനമായ 7500 രൂപ ഗുണഭോക്തൃ വിഹിതവുമാണ് . മത്സ്യ ബന്ധനം ഉപജീവനമാക്കിയവര്‍ക്ക് ജോലി നിര്‍വഹിക്കുന്നതിന് സഹായം നല്‍കുന്നതിനൊപ്പം അവരുടെ വരുമാനം മെച്ചപ്പെടുത്താനും കൂടുതല്‍ ഉള്‍ നാടന്‍ മത്സ്യം ജനങ്ങളിലേക്ക് എത്തിച്ച് ഭക്ഷ്യ ലഭ്യതയും ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കലുമാണ് പദ്ധതിയുടെ ലക്ഷ്യം. വൈസ് പ്രസിഡന്റ് മേഴ്‌സി വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പത്തനംതിട്ട ജില്ലാ ഫീഷറീസ് ഓഫീസര്‍ പി. ശ്രീകുമാര്‍ തിരുവല്ല മത്സ്യഭവന്‍ ഓഫീസര്‍ ശില്‍പ പ്രദീപ്,വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റോബിന്‍ കെ ജോസ് പഞ്ചായത്ത് അംഗങ്ങളായ ജോമോന്‍ കുരുവിള , വിമല ബെന്നി, ജില്ലാ കോ ഓര്‍ഡിനേറ്റര്‍മാരായ പി പി സുനിത , ആര്യ സുധാകരന്‍ അഗ്രികള്‍ച്ചര്‍ പ്രമോട്ടര്‍ എസ് ശുഭ തുടങ്ങിയവര്‍ പങ്കെടുത്തു.
പുതുവല്‍- കുന്നിട – മങ്ങാട് റോഡിന് 10 കോടി രൂപയുടെ ഭരണാനുമതി
കോന്നി നിയോജക മണ്ഡലത്തില്‍ പുതുവല്‍- കുന്നിട – മങ്ങാട് റോഡിന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കെപി റോഡിലെ പുതുവല്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് കുന്നിട, ചായലോട് മൌണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് ഭാഗത്ത് കൂടി കടന്നു പോയി മങ്ങാട് ജംഗ്ഷനില്‍ അവസാനിക്കുന്ന റോഡിന്റെ ആകെ നീളം 9/686 കി.മി. ആണ്.
കായംകുളം പത്തനാപുരം സംസ്ഥാന പാതയ്ക്ക് സമാന്തരമായിട്ടാണ് ഈ റോഡ് കടന്നുപോകുന്നത്. പുതുവല്‍- കുന്നിട- മങ്ങാട് റോഡ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക രീതിയില്‍ നിര്‍മിക്കുന്നതിനുള്ള ഡിപിആര്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി)തയാറാക്കി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, കിഫ്ബി നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ ഈ റോഡില്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് അന്തിമ അനുമതി ലഭിച്ചിരുന്നില്ല. നിലവില്‍ ഈ റോഡിന്റെ വീതി നാലു മീറ്റര്‍ മുതല്‍ അഞ്ചു മീറ്റര്‍ വരെയാണ്. കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡിന്റെ അറ്റകുറ്റപ്പണി ചെയ്ത് സഞ്ചാരയോഗ്യമാക്കിയിരുന്നു. കൂടാതെ കുന്നിട ഭാഗത്ത് റോഡിന്റെ സംരക്ഷണഭിത്തി നിര്‍മിച്ച് റോഡ് സംരക്ഷിച്ചിട്ടുണ്ട്. ഇതിനായി 11/5/2022 ല്‍ 35 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ധനകാര്യ വകുപ്പ് മന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് അടിയന്തര പ്രാധാന്യത്തോടെ 10 കോടി രൂപ അനുവദിച്ച് അഞ്ചര മീറ്റര്‍ വീതിയില്‍ 9.6 കിലോ മീറ്റര്‍ ദൂരത്തില്‍ ബി.എം. ബി.സി സാങ്കേതികവിദ്യയില്‍ റോഡ് നിര്‍മിക്കാന്‍ ഭരണാനുമതി ലഭ്യമായത്. ആവശ്യമായ സ്ഥലങ്ങളില്‍ ഓടയും ഐറിഷ് ഓടയും റോഡ് സുരക്ഷാ പ്രവര്‍ത്തികളും കുന്നിട ജംഗ്ഷനിലെ തകര്‍ന്ന കലുങ്ക് പൊളിച്ചു പുതിയത് നിര്‍മിക്കുന്നതും ഉള്‍പ്പെടുത്തിയാണ് റോഡ് പുനര്‍ നിര്‍മിക്കുക.നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ്, മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ്, പട്ടാഴി തുടങ്ങിയിടങ്ങളിലെക്ക് കെപി റോഡില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. കൊല്ലം, പത്തനംതിട്ട ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്ന റോഡുകൂടിയാണ് ഇത്. റോഡ് പ്രവര്‍ത്തി അടിയന്തരമായി ആരംഭിക്കുന്നത്തിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് നിര്‍ദേശം നല്‍കുമെന്നും എംഎല്‍എ അറിയിച്ചു.
ശിശു ക്ഷേമ സമിതി ഭാരവാഹി തെരഞ്ഞെടുപ്പ്
പത്തനംതിട്ട ജില്ല ശിശു ക്ഷേമ സമിതി ഭാരവാഹികളുടെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഔദ്യോഗിക ഭാരവാഹികളായി വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്ക് ഒരാളെ വീതവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നാല് പേരെയുമാണ് തെരഞ്ഞെടുക്കുക. പത്തനംതിട്ട ശിശു ക്ഷേമ പരിപാലന കേന്ദ്രം ഐമാലി ഓമല്ലൂര്‍, എഡിസി ജനറല്‍ ഓഫീസ് കളക്ടറേറ്റ് പത്തനംതിട്ട എന്നിവിടങ്ങളിലെ നോട്ടീസ് ബോര്‍ഡില്‍ കരട് വോട്ടര്‍ പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടിക സംബന്ധിച്ച് ആക്ഷേപം ഉളളവര്‍ക്ക് വരണാധിയുടെ ഓഫീസില്‍ നേരിട്ടോ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ 9447151513 എന്ന വാട്‌സാപ്പ് നമ്പരിലോ അറിയിക്കാം.ഏപ്രില്‍ 26 ന് പകല്‍ 10 മുതല്‍ മൂന്നു വരെ ശിശു ക്ഷേമ പരിപാലന കേന്ദ്രത്തില്‍ വോട്ടെടുപ്പ് നടത്തി ഫലം പ്രഖ്യാപിക്കും.
ടെന്‍ഡര്‍
മല്ലപ്പളളി താലൂക്ക് ആശുപത്രിയിലെ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ പാലിയേറ്റീവ് കെയര്‍ സെക്കന്‍ഡറി പ്രോജക്ടില്‍ ഹോം കെയര്‍ വിസിറ്റിനായി വാഹനം വാടകയ്ക്ക് നല്‍കുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 31 ന് പകല്‍ 12 ന് മുന്‍പ് ടെന്‍ഡര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0469 2683084.
മോണ്ടിസോറി, പ്രീ പ്രൈമറി, നേഴ്സറി ടീച്ചര്‍ അപേക്ഷ ക്ഷണിച്ചു
കേന്ദ്രസര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഏപ്രില്‍ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/എസ്എസ്എല്‍സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.ഫോണ്‍: 7994449314.
ജില്ലയില്‍ പാഠപുസ്തകവിതരണം കുടുംബശ്രീയീലൂടെ
2023-24 അധ്യയന വര്‍ഷം സ്‌കൂള്‍കുട്ടികള്‍ക്കുള്ള പാഠപുസ്തകം അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് തന്നെ സ്‌കൂളുകളില്‍ എത്തിച്ച് കുട്ടികള്‍ക്ക് വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ പത്തനംതിട്ട ജില്ലയില്‍ പാഠപുസ്തക വിതരണം ആരംഭിച്ചു. പുസ്തകങ്ങളുടെ സോര്‍ട്ടിംഗും വിതരണവും തുടങ്ങി. മുഴുവന്‍ ചുമതലകളും വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് കുടുംബശ്രീ നടപ്പാക്കുന്നു. 2023-24 അധ്യയന വര്‍ഷത്തെ പാഠപുസ്തക വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അജയകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍ രേണുകാ ഭായിക്ക് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ കുടുംബശ്രീ അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.ബിന്ദുരേഖ ,ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്.എ ആരിയാ, ബുക്ക് ഹബ് ജീവനക്കാര്‍, ലോഡിംഗ് തൊഴിലാളി പ്രതിനിധികള്‍, സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍, കെ.ബി.പി.എസ് പ്രതിനിധികള്‍, മറ്റ്ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് ട്രെയിനിങ്
അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പായി ജില്ലയിലെ മുഴുവന്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പ്രകാരം മലപ്പുറം ജില്ലയിലെ ഇടപ്പാളില്‍ സ്ഥിതി ചെയ്യുന്ന ഐഡിറ്റിആര്‍ (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവേഴ്സ് ട്രെയിനിംഗ് ആന്റ് റിസേര്‍ച്ച്)ല്‍ പ്രത്യേകം തയാറാക്കിയ സിലബസിലുള്ള ട്രെയിനിങ് പ്രോഗ്രാം നടത്തും. ട്രെയിനിങ് കോഴ്സിലേക്കുള്ള അപേക്ഷ https://forms.gle/37K1FrydUSLaZMzU9 എന്ന ഗൂഗിള്‍ ഫോം വഴി സ്‌കൂള്‍ അധികാരികള്‍ അപേക്ഷിക്കണം. സ്‌കൂള്‍ അധികാരികള്‍ക്ക് മാത്രമേ അപേക്ഷിക്കുവാനുള്ള അവസരമുള്ളു. മൂന്നു ദിവസം നീണ്ട് നില്‍ക്കുന്ന കോഴ്സിന് ഫീസായി 3000 രൂപ ഈടാക്കും. പരിശീലകര്‍ക്ക് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ട്രെയിന്‍ഡ് ഡ്രൈവര്‍മാര്‍ക്ക് മാത്രമായിരിക്കും തുടര്‍ വര്‍ഷങ്ങളില്‍ ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള അനുമതി. നൂതനമായ വിദ്യാ വാഹന്‍ പദ്ധതി മോട്ടോര്‍ വാഹന വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഇതനുസരിച്ചു തങ്ങളുടെ കുട്ടികള്‍ സഞ്ചരിക്കുന്ന സ്‌കൂള്‍ ബസിന്റെ വേഗത, റൂട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് അറിയാന്‍ കഴിയും. എല്ലാ സ്‌കൂള്‍ അധികാരികളും വിദ്യാ വാഹന്‍ പദ്ധതിയില്‍ മുഴുവന്‍ രക്ഷിതാക്കളെയും ഉള്‍പ്പെടുത്താനുള്ള ക്രമീകരണങ്ങള്‍ വരുത്തണമെന്ന് പത്തനംതിട്ട ആര്‍. ടി. ഒ എ. കെ. ദിലു അറിയിച്ചു. ഫോണ്‍. 9400172100.
































