Friday, April 26, 2024 9:47 am

സർക്കാർ അറിയിപ്പുകൾ

For full experience, Download our mobile application:
Get it on Google Play

പേവിഷബാധ: പ്രതിരോധ കുത്തിവെപ്പ്അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ
അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 7209 പേരും ജൂണ്‍ മാസം മാത്രം 1261 പേരും വിവിധ മൃഗങ്ങളുടെ കടിയേറ്റ് ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. പേവിഷബാധയുള്ള മൃഗങ്ങള്‍ നക്കുകയോ, മാന്തുകയോ, കടിക്കുകയോ ചെയ്യുമ്പോഴാണ് രോഗമുണ്ടാകുന്നത്. തലച്ചോറിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണിത്. 99 ശതമാനം പേവിഷബാധയും ഉണ്ടാകുന്നത് നായ്ക്കള്‍ മുഖേനയാണ്. വളര്‍ത്തുമൃഗങ്ങളായ പൂച്ച, പശു, ആട് എന്നിവ കൂടാതെ മലയണ്ണാന്‍, കുരങ്ങ് എന്നീ വന്യമൃഗങ്ങളില്‍ നിന്നും പേവിഷബാധ ഉണ്ടാകാം. പേവിഷബാധ ഉണ്ടാകുന്ന നാല്‍പത് ശതമാനം ആളുകളും 15 വയസിന് താഴെ പ്രായമുള്ളവരാണ്.

ലക്ഷണങ്ങള്‍
തലവേദന, ക്ഷീണം, പനി, കടിയേറ്റ ഭാഗത്തുണ്ടാകുന്ന വേദനയും തരിപ്പും എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. തുടര്‍ന്ന് വെളിച്ചം, വായു, വെള്ളം എന്നിവയോടുള്ള ഭയം ഉണ്ടാകുന്നു. സാധാരണ ഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുവാന്‍ രണ്ട് മുതല്‍ മൂന്ന് മാസം വരെ എടുക്കും. ചിലപ്പോള്‍ അത് ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ ആകാം. മൃഗങ്ങള്‍ നക്കുകയോ കടിക്കുകയോ മാന്തുകയോ ചെയ്താല്‍ മുറിവുള്ള ഭാഗത്ത് സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിട്ട് നേരം കഴുകി മുറിവ് വൃത്തിയാക്കുക. ഇത് അപകട സാധ്യത 90 ശതമാനം വരെ കുറയ്ക്കും.
എത്രയും വേഗം ആശുപത്രിയിലെത്തി ഡോക്ടറുടെ നിര്‍ദേശ പ്രകാരം പ്രതിരോധ ചികിത്സ തേടുക. ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ടി കാത്തുനില്‍ക്കരുത്.

എങ്ങനെ പ്രതിരോധിക്കാം
വളര്‍ത്ത് മൃഗങ്ങള്‍ക്ക് യഥാസമയം പ്രതിരോധ കുത്തിവെപ്പ്നല്‍കുക. നായ്ക്കള്‍ ജനിച്ച് മൂന്നാം മാസം കുത്തിവയ്പ് നല്‍കുകയും അതിന് ശേഷം എല്ലാ വര്‍ഷവും ബൂസ്റ്റര്‍ ഡോസും നല്‍കേണ്ടതാണ്.
മൃഗങ്ങളോട് കരുതലോടെ ഇടപെടുക. ഉപദ്രവിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുത്.
മൃഗങ്ങള്‍ കടിക്കുകയോ മാന്തുകയോ നക്കുകയോ ചെയ്താല്‍ ആ വിവരം യഥാസമയം അധ്യാപകരെയോ രക്ഷിതാക്കളെയോ അറിയിക്കണം എന്ന സന്ദേശം കുട്ടികള്‍ക്ക് നല്‍കുക.
മൃഗങ്ങളെ പരിപാലിക്കുന്ന വ്യക്തികളും പ്രതിരോധ കുത്തിവെപ്പ്എടുക്കുക. പേവിഷബാധ മാരകമാണ്. കടിയേറ്റാല്‍ ഉടനെയും തുടര്‍ന്ന് 3, 7, 28 എന്നീ ദിവസങ്ങളിലും പ്രതിരോധ കുത്തിവെയ്പ് എടുക്കണം. മൃഗങ്ങളുടെ കടിയേറ്റാല്‍ പരമ്പരാഗത ഒറ്റമൂലി ചികിത്സകള്‍ തേടരുത്. പ്രഥമശുശ്രൂഷയും എത്രയും വേഗം വാക്സിന്‍ സ്വീകരിക്കുന്നതും വളരെ പ്രധാനമാണ്. പേവിഷബാധക്കെതിരെയുള്ള ഐ.ഡി.ആര്‍.വി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണെന്നും മുറിവിനു ചുറ്റും എടുക്കുന്ന ഇമ്മ്യൂണോഗ്ലോബുലിന്‍ (എറിഗ് വാക്സിന്‍) ജില്ലാ ആശുപത്രി കോഴഞ്ചേരി, ജനറല്‍ ആശുപത്രി പത്തനംതിട്ട, ജനറല്‍ ആശുപത്രി അടൂര്‍, താലൂക്ക് ആശുപത്രി റാന്നി, താലൂക്ക് ആശുപത്രി തിരുവല്ല എന്നിവിടങ്ങളില്‍ സൗജന്യമായി ലഭ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മുട്ടക്കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വിവിധ ഇനങ്ങളില്‍പ്പെട്ട മുട്ടക്കോഴി കുഞ്ഞുങ്ങളായ അഞ്ചര മാസം പ്രായമായ ബി വി 380യും, 50 മുതല്‍ 75 ദിവസം വരെ പ്രായമായ ഗ്രാമശ്രീ കുഞ്ഞുങ്ങളും വില്‍പ്പനയ്ക്ക് തയാറാണ്. ഫോണ്‍: 8078572094

സംസ്കൃത സർവ്വകലാശാലയിൽ ബിരുദ, ഡിപ്ലോമ പ്രവേശനം; ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 15
ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലും ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സമ്പ്രദായത്തിലായിരിക്കും പ്രോഗ്രാമുകൾ നടത്തപ്പെടുക. യു.ജി.സി. നിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയ ഫലാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം (ഒ.ബി.ടി.എല്‍.ഇ. സ്കീം) പ്രകാരമാണ് സർവ്വകലാശാലയുടെ ബിരുദ പാഠ്യപദ്ധതികള്‍ തയ്യാറാക്കിയിരിക്കുന്നത്.

ബിരുദ പ്രോഗ്രാമുകൾ

1. സംസ്കൃതം (സാഹിത്യം, വേദാന്തം, വ്യാകരണം, ന്യായം, ജനറല്‍) – മൂന്ന് വർഷം.

2. സംഗീതം (വായ്പാട്ട്) – മൂന്ന് വർഷം.

3. നൃത്തം (ഭരതനാട്യം, മോഹിനിയാട്ടം) – മൂന്ന് വർഷം.

4. ബി.എഫ്.എ. (ചിത്രകല, ചുമർചിത്രകല, ശില്പകല) – നാല് വർഷം.

യോഗ്യത: പ്ലസ് ടു/വൊക്കേഷണല്‍ ഹയർ സെക്കണ്ടറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് (രണ്ട് വര്‍ഷം) മേല്‍ പറഞ്ഞ പ്രോഗ്രാമുകളിലേക്ക് (പരമാവധി മൂന്ന് പ്രോഗ്രാമുകള്‍ക്ക് ഒരു ക്യാമ്പസിൽ നിന്നും) അപേക്ഷിക്കാവുന്നതാണ്. നൃത്തം (മോഹിനിയാട്ടം, ഭരതനാട്യം), സംഗീതം, ചിത്രകല, ചുമർചിത്രകല, ശില്പകല എന്നിവ മുഖ്യവിഷയമായ ബിരുദ പ്രോഗ്രാമുകള്‍ക്ക് അഭിരുചി നിര്‍ണ്ണയ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായം 2022 ജൂണ്‍ ഒന്നിന് 22 വയസ്സിൽ കൂടുതൽ ആകരുത്.

ബിരുദ പഠനം വിവിധ ക്യാമ്പസുകളിൽ
മുഖ്യ ക്യാമ്പസായ കാലടിയിൽ സംസ്കൃതം (സാഹിത്യം, വേദാന്തം, വ്യാകരണം, ന്യായം, ജനറല്‍), സംഗീതം, നൃത്തം (ഭരതനാട്യം, മോഹിനിയാട്ടം) എന്നീ ബിരുദ പ്രോഗ്രാമുകളിലേക്കും ചിത്രകല, ചുമർചിത്രകല, ശില്പകല വിഷയങ്ങളിൽ ബി.എഫ്.എ. പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. സര്‍വകലാശാലയുടെ തിരുവനന്തപുരം (സംസ്കൃതം – സാഹിത്യം, ന്യായം, വേദാന്തം, വ്യാകരണം), പന്മന (സംസ്കൃതം വേദാന്തം), ഏറ്റുമാനൂര്‍ (സംസ്കൃതം സാഹിത്യം), തുറവൂര്‍ (സംസ്കൃതം സാഹിത്യം), കൊയിലാണ്ടി (സംസ്കൃതം – സാഹിത്യം, വേദാന്തം, ജനറല്‍), തിരൂര്‍ (സംസ്കൃതം വ്യാകരണം), പയ്യന്നൂര്‍ (സംസ്കൃതം – വ്യാകരണം, വേദാന്തം, സാഹിത്യം) പ്രാദേശിക ക്യാമ്പസുകളിൽ വിവിധ സംസ്കൃത വിഷയങ്ങളിലാണ് ബിരുദ പ്രവേശനം നല്‍കുന്നത്. സംസ്കൃതത്തിൽ ബിരുദ പഠനത്തിന് കുറഞ്ഞത് പത്ത് വിദ്യാര്‍ത്ഥികളെങ്കിലും പ്രവേശനം നേടാത്ത ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ്ഷിപ്പ് നല്‍കി അവരെ മറ്റ് ക്യാമ്പസുകളിലേക്ക് മാറ്റുന്നതാണ്. സംസ്കൃത വിഷയങ്ങളില്‍ ബിരുദ പഠനത്തിന് പ്രവേശനം നേടുന്ന മുഴുവൻ വിദ്യാര്‍ത്ഥികള്‍ക്കും പ്രതിമാസം 500/- രൂപ വീതം സ്കോളര്‍ഷിപ്പ് നല്‍കും.

ഡിപ്ലോമ പ്രോഗ്രാം
ആയുര്‍വേദ പഞ്ചകര്‍മ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി – ഒരു വർഷം
ഏറ്റുമാനൂര്‍ പ്രാദേശിക ക്യാമ്പസിലാണ് ആയുര്‍വേദ പഞ്ചകര്‍മ്മ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി ഡിപ്ലോമ പ്രോഗ്രാം നടത്തുന്നത്.
യോഗ്യത: പ്ലസ് ടു/വൊക്കേഷണല്‍ ഹയർ സെക്കണ്ടറി അഥവാ തത്തുല്ല്യ അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് (രണ്ട് വര്‍ഷം) അപേക്ഷിക്കാം. പരമാവധി മൂന്ന് പ്രോഗ്രാമുകള്‍ക്ക് ഒരു ക്യാമ്പസിൽ പ്രവേശനത്തിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാല ബിരുദം നേടിയവർക്കും ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്. യോഗ്യത പരീക്ഷയുടെ മാർക്ക്, ശാരീരിക ക്ഷമത, അഭിമുഖം എന്നിവയ്ക്ക് ലഭിച്ച മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിലായിക്കും പ്രവേശനം. ആകെ സീറ്റുകൾ 20. പ്രായം വിജ്ഞാപന തീയതിക്കനുസൃതമായി 17നും 30നും ഇടയിലായിരിക്കണം.

അപേക്ഷ എങ്ങനെ
സര്‍വ്വകലാശാല വെബ്സൈറ്റ് (www.ssus.ac.in) വഴി അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് കോപ്പിയും നിർദ്ദിഷ്ട യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി., പ്ലസ് ടു), സംവരണാനുകൂല്യം തെളിയിക്കുന്നതിനുള്ള സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകൾ, അപേക്ഷ ഫീസായി ഓൺലൈന്‍ വഴി ബിരുദ പ്രോഗ്രാമുകള്‍ക്ക് 50 രൂപ (എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 10/- രൂപ), ‍ഡിപ്ലോമ കോഴ്സുകള്‍ക്ക് 300/- രൂപ (എസ്.സി, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 100/-രൂപ) അടച്ച രസീത് എന്നിവ അതാത് ക്യാമ്പസുകളിലെ വകുപ്പ് അദ്ധ്യക്ഷന്‍മാര്‍ക്ക് / ഡയറക്ടര്‍മാര്‍ക്ക് ജൂലൈ 23ന് മുന്‍പായി സമർപ്പിക്കേണ്ടതാണ്. പ്രൊസ്പെക്ടസ് സർവ്വകലാശാലയുടെ വെബ്സൈറ്റിൽ ‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഓൺലൈൻ അപേക്ഷകൾ ജൂലൈ 15 വരെ
അപേക്ഷകൾ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15. ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്റ് കോപ്പിയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഓൺലൈൻ ഫീസ് അടച്ച രസീതും അതാത് ക്യാമ്പസുകളിലെ വകുപ്പ് അദ്ധ്യക്ഷന്‍മാര്‍ക്ക് / ഡയറക്ടര്‍മാര്‍ക്ക് ലഭിക്കേണ്ട അവസാന തീയതി ജൂലൈ 23.

റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 12ന്
ഡിപ്ലോമ പ്രോഗ്രാമിലേക്ക് പ്രവേശനത്തിനായുളള ശാരീരിക ക്ഷമത പരീക്ഷ ജൂലൈ 29ന് നടക്കും. ബിരുദ വിഭാഗങ്ങളിലേക്ക് പ്രവേശനം നേടുന്നതിനുളള അഭിരുചി പരീക്ഷ തീയതികളും പ്രഖ്യാപിച്ചിട്ടുണ്ട് (ചിത്രകല – ഓഗസ്റ്റ് ഒന്ന്; സംഗീതം – ഓഗസ്റ്റ് ഒന്ന്, രണ്ട്; ഭരതനാട്യം – ഓഗസ്റ്റ് മൂന്ന്, നാല്; മോഹിനിയാട്ടം – ഓഗസ്റ്റ് നാല്, അഞ്ച്). ഓഗസ്റ്റ് 12ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ബി. എ. സംസ്കൃതം (സാഹിത്യം, വേദാന്തം, ന്യായം, വ്യാകരണം, ജനറൽ), ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുളള അഭിമുഖം ഓഗസ്റ്റ് 16ന് നടക്കും. ബി. എഫ്. എ. (ചിത്രകല, ചുമർചിത്രകല, ശില്പകല), ബി. എ. (സംഗീതം, നൃത്തം) എന്നീ പ്രോഗ്രാമുകളിലേക്കുളള അഭിമുഖം ഓഗസ്റ്റ് 17 ന് നടക്കും. ഓഗസ്റ്റ് 22ന് ബിരുദ /ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുളള ക്ലാസ്സുകൾ ആരംഭിക്കും. ഈ അദ്ധ്യയന വർഷത്തെ ബിരുദ / ഡിപ്ലോമ പ്രവേശന നടപടികൾ സെപ്റ്റംബർ 21ന് അവസാനിക്കും. ബിരുദ / ഡിപ്ലോമ പ്രോഗ്രാമുകൾ സംബന്ധിച്ച വിശദ വിവരങ്ങൾക്കും പ്രോസ്പക്ടസിനുമായി www.ssus.ac.in സന്ദർശിക്കുക. ബിരുദ / ഡിപ്ലോമ പ്രോഗ്രാമുകൾ വിശദവിവരങ്ങൾ സര്‍വ്വകലാശാല വെബ്സൈറ്റ് (www.ssus.ac.in) ല്‍ ലഭ്യമാണ്.

ഡോക്ടറുടെ കൂടെ ഒരു സെല്‍ഫി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ നടത്തി
ദേശീയ ഡോക്ടേഴ്സ് ദിനവുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി സംഘടിപ്പിച്ച ഡോക്ടറുടെ കൂടെ ഒരു സെല്‍ഫി എന്ന സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ കളക്ടറുടെ ചേംബറില്‍ നടന്നു. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഡോക്ടേഴ്സ് ദിനവുമായി ബന്ധപ്പെട്ട് സന്ദേശം നല്‍കി.
വൈദ്യശാസ്ത്ര രംഗത്ത് ഏറെ സംഭാവനകള്‍ നല്‍കിയ ഡോ. ബി.സി. റോയി എന്ന വ്യക്തിത്വത്തോടുള്ള ബഹുമാനാര്‍ഥമാണ് നാം ജൂലൈ ഒന്ന് ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. സമൂഹത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പാക്കുവാന്‍ കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുവാനുള്ള ഒരു അവസരമായി ഈ ദിനത്തെ കാണാം.

കോവിഡ് മഹാമാരിയുടെ സമയത്ത് സഹനത്തിന്റെ മാതൃകയായി നിലകൊണ്ട നിരവധി ഡോക്ടര്‍മാര്‍ നമ്മുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതോടൊപ്പം കോവിഡ് മുന്നണിപ്പോരാളികളായി ജീവന്‍ ബലിയര്‍പ്പിച്ച ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. ഇവരെയൊക്കെ ഓര്‍മ്മിക്കുന്നതിനുള്ള ഒരു ദിനമായി കൂടി ഈ ദിവസത്തെ നമുക്ക് കാണാം. ആധുനിക കാലത്ത് ഡോക്ടര്‍മാരുടെ സേവനം എന്നുള്ളതിന് പൂര്‍ണ അര്‍ഥം പകരുന്നത് ജനങ്ങളുടെ സഹകരണമാണ്. അതിനാല്‍ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിച്ച് ആരോഗ്യപൂര്‍ണമായ ഒരു നല്ല നാളേക്കായി കൈകോര്‍ക്കാമെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതാകുമാരി, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി.എസ്. നന്ദിനി, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, എന്‍ സി ഡി നോഡല്‍ ഓഫീസര്‍ ഡോ. പി.എന്‍. പത്മകുമാരി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജിവന്‍, ഡോ ഡിപിന്‍, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. നിരണ്‍ ബാബു, ഡെപ്യൂട്ടി ഡിസ്ട്രിക്ട് എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍മാരായ വി.ആര്‍. ഷൈലാഭായി, ആര്‍. ദീപ, ജൂനിയര്‍ കണ്‍സല്‍ട്ടന്റ് അജിത് കുമാര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിനില്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇടുക്കിയിൽ ഇരട്ട വോട്ട് പിടികൂടി

0
ഇടുക്കി : ഇടുക്കിയിൽ ഇരട്ട വോട്ട് പിടികൂടി. ചെമ്മണ്ണാർ സെന്റ് സേവിയേഴ്സ്...

പാലക്കാട്ട് വോട്ട് ചെയ്യാൻ എത്തിയ വ്യക്തി കുഴഞ്ഞുവീണു മരിച്ചു

0
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞു വീണു...

മല്ലപ്പള്ളി താലൂക്ക് പരിധിയിൽ നാല് പിങ്ക് പോളിംഗ് സ്റ്റേഷനുകൾ

0
മല്ലപ്പള്ളി : താലൂക്ക് പരിധിയിൽ വനിതാ പ്രാതിനിത്യം ഉറപ്പിക്കുവാനായി നാല് പിങ്ക്...

പ്രേമചന്ദ്രൻ വ്യക്തിഹത്യ നടത്തി, കലാകാരനാണെന്ന് പോലും ഓർത്തില്ല – മുകേഷ്

0
കൊല്ലം : കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥി എൻകെ പ്രേമ ചന്ദ്രനെതിരെ എൽഡിഎഫ്...