ഹോസ്റ്റല്‍ വാര്‍ഡന്‍ നിയമനം : കൂടികാഴ്ച ഡിസംബര്‍ മൂന്നിന്
പത്തനംതിട്ട ജില്ലാ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ചിറ്റാര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ നിലവില്‍ ഒഴിവുള്ള വാര്‍ഡന്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നതിന് അഭ്യസ്ത വിദ്യരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതികളുടെ കൂടിക്കാഴ്ച ഡിസംബര്‍ മൂന്നിന് രാവിലെ 11 ന് റാന്നി ജില്ലാ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നടത്തും. പ്ലസ് ടു പാസായിട്ടുള്ള പട്ടികവര്‍ഗ യുവതികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഡിഗ്രി, റ്റി.റ്റി.സി, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. പ്രായപരിധി 18 – 41.
ദര്‍ഘാസുകള്‍ ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണറുടെ അധീനതയില്‍ വരുന്ന പ്രദേശങ്ങളില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിലേക്കായി ഒരു വാഹനം ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടു നല്‍കുന്നതിനായി ഉടമകളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോര്‍ വെഹിക്കിള്‍ എന്ന തലക്കെട്ടോടെ ഡിസംബര്‍ 13 ന് വൈകുന്നേരം മൂന്നിന് മുന്‍പായി ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ നിശ്ചിത മാതൃകയിലുളള എഗ്രിമെന്റും ഡിമാന്റ് ഡ്രാഫ്റ്റും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0473 – 4221236.
ഇ – ടെന്‍ഡര്‍ ക്ഷണിച്ചു
പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഭിന്നശേഷി വിഭാഗത്തില്‍പെട്ടവര്‍ക്കുളള ഉപകരണ വിതരണം (ജനറല്‍) അര്‍ഹത നിശ്ചയിച്ച് കിട്ടിയിട്ടുളള വ്യക്തികള്‍ക്ക് ഹിയറിംഗ് എയ്ഡ്, വാക്കിംഗ് സ്റ്റിക്ക്, വീല്‍ ചെയര്‍, കറക്ടീവ് ബ്രേസ് ഫോര്‍ സോളോസിസ്, ആംഗിള്‍ ഫൂട്ട് ഓര്‍ത്തോസിസ് തുടങ്ങിയ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ലtenders.kerala.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0473 – 4217010.
ഇ – ടെന്‍ഡര്‍ ക്ഷണിച്ചു
പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ 2021-22 വാര്‍ഷിക പദ്ധതിയില്‍പെട്ട ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ട്രൈ സ്‌കൂട്ടര്‍ വിതരണം (ജനറല്‍) ചെയ്യുന്നതിന് താല്‍പര്യമുളള വാഹന ഡീലര്‍മാരില്‍ നിന്നും ഇ – ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് e-tenders.kerala.gov.in എന്ന സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ : 0473 – 4217010.
അമിതഭാരം കയറ്റി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി
ജില്ലയിലെ റോഡുകള്‍ക്കും നിര്‍മാണങ്ങള്‍ക്കും ബലക്ഷയവും തകരാറും ഉണ്ടാകാന്‍ കാരണമാകുന്ന വിധം അമിതഭാരം കയറ്റി സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) കെ.ഹരികൃഷ്ണന്‍ അറിയിച്ചു. അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളുടെ പെര്‍മിറ്റും അവ ഓടിച്ചു വരുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും.
വാഹനത്തിന്റെ ഉടമയ്ക്കും ഡ്രൈവര്‍ക്കും പ്രത്യേകം പിഴ ചുമത്തുന്നതിനു പുറമേയാണിത്. മോട്ടോര്‍ വാഹന നിയമം സംസ്ഥാന സര്‍ക്കാര്‍ ക്രമീകരിച്ചത് അനുസരിച്ച് ഏറ്റവും കുറഞ്ഞത് പതിനായിരം രൂപ വീതമാണ് പിഴ. എന്നാല്‍, മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്‍പാകെ പിഴയടയ്ക്കാത്ത പക്ഷം ഇവ കോടതിയിലേയ്ക്ക് കൈമാറപ്പെടും. കോടതിയുടെ മുന്‍പാകെ ഈ കേസുകള്‍ കൈകാര്യം ചെയ്യപ്പെടുന്നത് കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ആയതിനാല്‍ പിഴ ഭാരത്തിന് അനുസരിച്ച് ഇരുപതിനായിരം രൂപ മുതല്‍ മുകളിലേയ്ക്ക് ആയിരിക്കും.
ജില്ലയിലെ എല്ലാ റോഡുകളിലും രാവിലെ 8.30 മുതല്‍ 10 വരെയും വൈകിട്ട് മൂന്നു മുതല്‍ 4.30 വരെയും ടിപ്പര്‍ സംവിധാനമുള്ള ചരക്ക് വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിട്ടുള്ളതാണ്. ഇത് തെറ്റിച്ചാല്‍ ഇരുപതിനായിരം രൂപയാണ് പിഴ. ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവരടക്കം ഹെല്‍മറ്റ് ധരിച്ചിട്ടില്ലായെങ്കില്‍ പിഴയ്ക്ക് പുറമേ നിയമപ്രകാരം ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും. വിദ്യാലയങ്ങള്‍ തുറന്നതിനു ശേഷം കുട്ടി ഡ്രൈവര്‍മാര്‍ക്കെതിരെ കൈക്കൊള്ളുന്ന നടപടികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്ന പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പിഴയ്ക്ക് പുറമേ അവരുടെ രക്ഷിതാക്കാളുടെ മേലും പിഴയും തടവുശിക്ഷയും നിയമം അനുശാസിക്കുന്നുണ്ട്. അത്തരത്തില്‍ ശിക്ഷ നേടുന്നവര്‍ക്ക് ഇരുപത്തിയഞ്ച് വയസ് വരെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിന് അയോഗ്യതയും കല്‍പ്പിക്കും.
മഴക്കാലത്ത് അപകടസാധ്യത വര്‍ധിക്കുന്ന സാഹചര്യത്തില്‍ അമിതവേഗത, വളവുകളിലെ ഓവര്‍ടേക്കിംഗ്, അപകടകരമായി വാഹനം ഓടിക്കല്‍ എന്നീ നിയമലംഘനങ്ങള്‍ക്കെതിരെ കേസുകള്‍ തയാറാക്കി നടപടികള്‍ക്കായി കോടതിയില്‍ സമര്‍പ്പിച്ചു വരുന്നുണ്ട്. വാഹനങ്ങളിലെ ടയര്‍, സൈലന്‍സര്‍ മുതലായവ ഉള്‍പ്പെടെ മാറ്റി അനധികൃതമായി രൂപമാറ്റം വരുത്തല്‍, ശബ്ദമലിനീകരണം എന്നിവയും നടപടികള്‍ ക്ഷണിച്ചുവരുത്തും. ജില്ലയിലെ റോഡുകള്‍ എല്ലാ സമയവും സേഫ് കേരള എന്‍ഫോഴ്സ്മെന്റിന്റെ നിരീക്ഷണത്തിലാണെന്നും നിയമം കര്‍ശനമായി നടപ്പാക്കുക വഴി റോഡ് യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രതിജ്ഞാബദ്ധമാണെന്നും ആര്‍ ടി ഒ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
യൂസര്‍ ഫീ കൊടുക്കാതെ വ്യപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കില്ല
ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ജലാശയങ്ങളിലും തോടുകള്‍ ഉള്‍പ്പെടെയുള്ള സ്രോതസുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യം തള്ളുന്നതായും കത്തിക്കുന്നതായും പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ 50,000 രൂപവരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതു സംബന്ധിച്ച് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വീടുകളിലേയും സ്ഥാപനങ്ങളിലേയും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കേണ്ടതും അജൈവമാലിന്യങ്ങള്‍ അതതു വാര്‍ഡിലെ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് കൈമാറേണ്ടതുമാണ്. സ്വന്തമായി സംസ്‌കരിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യം പുനരുപയോഗത്തിനും പുനഃചംക്രമണത്തിനും വിധേയമാക്കേണ്ടതുമാണ്. പ്രതിമാസ യൂസര്‍ ഫീയായി വീടുകള്‍ക്ക് 50 രൂപയും വ്യാപാര സ്ഥാപനങ്ങള്‍ക്ക് 100 രൂപയും നിശ്ചയിച്ചിട്ടുണ്ട്. ഹരിത കര്‍മ്മ സേനയ്ക്ക് യൂസര്‍ഫീ നല്‍കിയ രസീത് ഹാജരാക്കാതെ ഡിസംബര്‍ ഒന്നു മുതല്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്നതല്ലെന്നും ഏഴംകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
പാര്‍ട്ട്ടൈം യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍ : ഇന്റര്‍വ്യു ഡിസംബര്‍ എട്ടിന്
പത്തനംതിട്ട ജില്ലയിലെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളില്‍ ആയുഷ്മിഷന്‍ അനുവദിച്ച പാര്‍ട്ട്ടൈം യോഗ ഡെമോസ്‌ട്രേറ്റര്‍(മൂന്ന്ഒഴിവ് ) തസ്തികയിലെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും. ഉദ്യോഗാര്‍ഥികളുടെ കൂടിക്കാഴ്ച അടൂര്‍ റവന്യൂടവറിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഡിസംബര്‍ എട്ടിന് ഉച്ച കഴിഞ്ഞ് രണ്ടിന് നടക്കും. പ്രതിമാസ വേതനം 8000 രൂപ. പ്രായപരിധി 18 – 40 വയസ്. യോഗ്യത ബി.എന്‍.വൈ.എസ് /എം.എസ്.സി (യോഗ /എംഫില്‍ (യോഗ). അംഗീകൃത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൃത്യസമയത്ത് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ മുന്‍പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍: 0473 – 4226063.
ഗതാഗത നിയന്ത്രണം
കാവുംപുറം – പടുതോട് റോഡില്‍ കലുങ്ക് പണി നടക്കുന്നതിനാല്‍ നവംബര്‍ 27 മുതല്‍ ജനുവരി 15 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ റോഡിലൂടെ കടന്നു പോകേണ്ട വാഹനങ്ങള്‍ അപ്പക്കോട്ട് മുറി – പരിയാരം റോഡ് വഴി പോകണമെന്ന് കെഎസ്ടിപി പൊന്‍കുന്നം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
































