30.2 C
Pathanāmthitta
Thursday, May 5, 2022 7:12 pm

സര്‍ക്കാര്‍ അറിയിപ്പുകള്‍

എസ്ടി പ്രൊമോട്ടര്‍ ഒഴിവ്
പട്ടികവര്‍ഗ വികസന വകുപ്പില്‍ 1182 എസ്ടി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് പത്താംക്ലാസ് പാസായ പട്ടികവര്‍ഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.stdd.kerala.gov.in, www.cmdkerala.net.

താത്കാലിക നിയമനം
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന കാത്ത് ലാബ് സ്‌ക്രബ് നേഴ്സ്, എന്‍.സി.എസ് /ഇ.എം.ജി ടെക്നീഷ്യന്‍, ഡയാലിസിസ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍, ഡ്രൈവര്‍, ഇ.സി.ജി ടെക്നീഷ്യന്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍, ഓക്സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍ തുടങ്ങിയ എട്ട് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുളളവര്‍ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഈ മാസം 17 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. പ്രായപരിധി 40 വയസ്. യോഗ്യത, വിശദ വിവരങ്ങള്‍ എന്നിവ ആശുപത്രി നോട്ടീസ് ബോര്‍ഡില്‍ പതിച്ചിട്ടുണ്ട്.
ഫോണ്‍ : 0468 – 2222364.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍-യു.പി സ്‌കൂള്‍ (മലയാളം മീഡിയം) (കാറ്റഗറി നം.013/2014)തസ്തികയിലേക്ക് 07/06/2017 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 552/17/എസ്എസ് രണ്ട് നമ്പര്‍ റാങ്ക് പട്ടികയുടെ സ്വാഭാവിക മൂന്നുവര്‍ഷ കാലാവധിയും കെ.പി.എസ്.സി റൂള്‍സ് ഓഫ് പ്രൊസിഡ്യുര്‍, റൂള്‍ 13 പ്രകാരമുളള ഒരു വര്‍ഷത്തെ ദീര്‍ഘിപ്പിച്ച കാലാവധിയും തുടര്‍ന്ന് ദീര്‍ഘിപ്പിക്കപ്പെട്ട അധിക കാലാവധിയും 04/08/2021 അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 05/08/2021 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം റദ്ദാക്കിയതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ വിദ്യഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (സംസ്‌കൃതം) (കാറ്റഗറി നം.468/13)തസ്തികയിലേക്ക് 12.12.2017 തീയതിയില്‍ പ്രാബല്യത്തില്‍ വന്ന 1148/2017/എസ് എസ് രണ്ട് നമ്പര്‍ റാങ്ക് പട്ടികയുടെ മൂന്ന് വര്‍ഷ സ്വാഭാവിക കാലാവധിയും കെ.പി.എസ്.സി റൂള്‍സ് ഓഫ് പ്രൊസിഡ്യുര്‍, റൂള്‍ 13പ്രകാരം ദീര്‍ഘിപ്പിച്ച അധിക കാലാവധിയും 13.12.2021 അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ (11.12.2021 ഉം 12.12.2021 ഉം അവധി ദിവസങ്ങള്‍) റാങ്ക് പട്ടിക 14.12.2021 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം റദ്ദാക്കിയതായി പത്തനംതിട്ട പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2222665.

കമ്മീഷന്‍ സിറ്റിംഗ് 16ന്
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായുള്ള ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്റെ സിറ്റിംഗ് ഫെബ്രുവരി 16 ന് രാവിലെ 11 മുതല്‍ പത്തനംതിട്ട സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ നടക്കും. കോവിഡ്-19 പ്രോട്ടോക്കോള്‍ അനുസരിച്ച് 50 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. നിവേദനങ്ങള്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അതില്‍ പറയുന്നകാര്യങ്ങള്‍ സംബന്ധിച്ച് തെളിവുകള്‍ ഹാജരാക്കാം. അന്ന് ഹാജരാകുവാന്‍ ഉദ്ദേശിക്കുന്നവര്‍ 0484-2993148 എന്ന ഫോണ്‍ നമ്പരില്‍ കമ്മീഷന്‍ ഓഫീസില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായിരിക്കും പ്രവേശനം. കോവിഡ്-19 നിയന്ത്രണങ്ങള്‍ക്ക് വിധേയമായി എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

കര്‍ഷകര്‍ക്ക് ബ്ലോക്ക് തല പരിശീലനം നല്‍കി
തിരുവല്ല കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യലയത്തിന്റെയും പെരിങ്ങര കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി പരിശീലന പരിപാടി നടത്തി. നെല്‍ക്കൃഷിയിലെ രോഗകീട നിയന്ത്രണം, ശാസ്ത്രീയ വളപ്രയോഗം എന്നീ വിഷയങ്ങളില്‍ മങ്കൊമ്പ് കീട നീരിക്ഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ബി. സ്മിത ക്ലാസ് നയിച്ചു. പുഞ്ചഭൂമിയില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മാത്തന്‍ ജോസഫ് പരിശീലനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശാന്തമ്മ ആര്‍. നായര്‍ അധ്യക്ഷത വഹിച്ചു. സംയുക്ത പാട ശേഖര സമിതി യോഗത്തില്‍ ഈ മാസം 20 ന് അകം നെല്‍ക്കൃഷി ആനുകൂല്യങ്ങള്‍ക്കായി വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കര്‍ഷകര്‍ അംഗത്വം എടുക്കണമെന്ന് അറിയിച്ചു.
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം സുഭദ്ര രാജന്‍, മെമ്പര്‍ റിക്കു മോനി വര്‍ഗീസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ജോയ്സി, അസിസ്റ്റന്റ് ഡയറക്ടര്‍ വി.ജെ. റജി, കൃഷി ഓഫീസര്‍ എസ്. എസ്. സുജിത്ത്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ജേക്കബ്, സാം ഈപ്പന്‍, പാടശേഖര സമിതി കണ്‍വീനര്‍മാര്‍, പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

ക്വട്ടേഷന്‍
പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ തിരുവല്ല ബുക്ക് ഡിപ്പോയില്‍ നിന്നും 2022-2023 അദ്ധ്യയന വര്‍ഷത്തെ വോള്യം 1, വോള്യം 2, വോള്യം 3 സ്‌ക്കൂള്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ജില്ലയിലെ വിവിധ സ്‌ക്കൂള്‍ സൊസൈറ്റികളിലേക്ക് വിതരണം ചെയ്യുന്നതിനായി വാഹന ഉടമകളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ (ആവശ്യമുള്ള സമയത്ത്) ഡ്രൈവര്‍, ഡീസല്‍ സഹിതം വാഹനം ലഭ്യമാക്കുന്നതിന് (1 മെട്രിക്ക് ടണ്‍, 1 മുതല്‍ 2 മെട്രിക്ക് ടണ്‍, 2 മുതല്‍ 3 മെട്രിക്ക് ടണ്‍, 3 മുതല്‍ 5 മെട്രിക്ക് ടണ്‍ ശേഷിയുള്ള വാഹനം അഭികാമ്യം) മല്‍സരസ്വഭാവമുള്ള ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറുകളില്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഈ മാസം 19 ന് വൈകുന്നേരം നാലിനു മുന്‍പായി ജില്ലാമിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാമിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 9744253733, 8590406291.

ഗതാഗത നിയന്ത്രണം
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ കലുങ്ക് നിര്‍മാണം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ (ഫെബ്രുവരി 12) ഒരു മാസത്തേക്ക് ഈ ഭാഗത്തെ ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു. സ്റ്റേഡിയം ജംഗ്ഷനില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഹൈമാസ്റ്റ് ലൈറ്റ് ചുറ്റി കളക്ടറേറ്റ് ഭാഗത്തേക്ക് പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം പത്തനംതിട്ട അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ടെന്‍ഡര്‍ ക്ഷണിച്ചു
പത്തനംതിട്ട കൂടല്‍ ജി.വി.എച്ച്.എസ്.എസിലേക്ക് 2021-22 വര്‍ഷത്തില്‍ വിവിധ കോഴ്സുകള്‍ക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 18 ന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 9961866938.

ജിയോളജി വകുപ്പ് ഫയല്‍ തീര്‍പ്പാക്കുന്നു
കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്യുന്നതിനുളള അനുമതിക്കായി മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ പത്തനംതിട്ട ജില്ലാ കാര്യാലയത്തില്‍ സമര്‍പ്പിച്ച അപേക്ഷകളില്‍ സ്ഥല പരിശോധന നടത്തി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് മൂന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഈ സ്‌ക്വാഡുകള്‍ ഈ മാസം 14 മുതല്‍ 19 വരെ ജില്ലയിലെ വിവിധ താലൂക്കുകളില്‍ അപേക്ഷാ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു.

ഗതാഗത നിയന്ത്രണം
നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്ന കൈപ്പട്ടൂര്‍ – വളളിക്കോട് റോഡില്‍ ഇന്നു മുതല്‍ (ഫെബ്രുവരി 12) ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം പത്തനംതിട്ട അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

സൗരോര്‍ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഇലക്ടീഷ്യന്മാര്‍ക്കായുള്ള രണ്ടു ദിവസത്തെ പ്രത്യേക സൗരോര്‍ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അനര്‍ട്ട് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ലഭിക്കുന്ന മുന്‍ഗണനാ ക്രമത്തിലായിരിക്കും സീറ്റുകള്‍ അനുവദിക്കുന്നത്. അപേക്ഷകന്റെ പ്രായം കുറഞ്ഞത് 18 മുതല്‍ 60 വയസ് വരെ ആയിരിക്കണം. പത്താം ക്ലാസും ഇലക്ടിക്കല്‍ വയര്‍മാന്‍ ലൈസന്‍സ് /വയര്‍മാന്‍ അപ്രന്റിസ് /ഇലക്ടീഷ്യന്‍ ട്രേഡില്‍ ഐടിഐ എന്നീ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അനെര്‍ട്ടിന്റെ വെബ്സൈറ്റ് ആയ www.anert.gov.in/node/709 സന്ദര്‍ശിച്ച് നിര്‍ദിഷ്ട ലിങ്കില്‍ ക്ലിക്ക് ചെയ്തു ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. പരിശീലന പരിപാടി തൃപ്തികരമായി പൂര്‍ത്തിയാക്കിയ ശേഷം അനെര്‍ട്ട് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക 9188119431, 18004251803.

ഐറ്റി പ്രെഫഷണല്‍ നിയമനം
പത്തനംതിട്ട ജില്ലാദാരിദ്ര്യലഘൂകരണ വിഭാഗം ഓഫീസില്‍ പി.എം.എ.വൈ(ജി) പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഐ.റ്റി പ്രെഫഷണലിനെ നിയമിക്കുന്നതിന് നിശ്ചിതയോഗ്യതയുള്ള യുവതി യുവാക്കളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ വേതനാടിസ്ഥാനത്തിലായിരിക്കും നിയമനം. പ്രവര്‍ത്തനം തൃപ്തികരമെങ്കില്‍ കരാര്‍ പുതുക്കി നല്‍കാന്‍ സാധ്യതയുണ്ട്. യോഗ്യത-അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള ബി.ടെക് ഐ.ടി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് നിശ്ചിതയോഗ്യതയുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റുകളുടെ പകര്‍പ്പും ബയോഡാറ്റയും ഈ മാസം 17 മുമ്പ് ലഭിക്കത്തക്കവിധം അപേക്ഷകള്‍ പ്രൊജക്ട് ഡയറക്ടര്‍, പോവര്‍ട്ടി അലിവിയേഷന്‍ യൂണിറ്റ്, ഒന്നാം നില, മണ്ണില്‍ റീജന്‍സി, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ 17ന് വൈകുന്നേരം അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 0468-2962686.

നീക്കം ചെയ്യണം
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃതവും അപകടകരവുമായ കൊടികള്‍/ പരസ്യ ബോര്‍ഡുകള്‍/ ബാനറുകള്‍/ ഹോര്‍ഡിംഗുകള്‍/ തുടങ്ങിയവ ഫെബ്രുവരി 14 ന് മുന്‍പായി നീക്കം ചെയ്യണമെന്ന് ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം നേരിട്ട് നീക്കം ചെയ്യുന്നതും ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതുമാണ്.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular