സാമ്പത്തിക സ്ഥിതിവിവര വകുപ്പ് സര്‍വെയുമായി എല്ലാവരും സഹകരിക്കണം
സംസ്ഥാന പുരോഗതിക്കാവശ്യമായ പദ്ധതികള്‍ തയാറാക്കുന്നതിനായി സാമ്പത്തിക സ്ഥിതിവിവര വകുപ്പ് നടത്തുന്ന സര്‍വെയുമായി പൊതുജനങ്ങളും സ്ഥാപനങ്ങളും സഹകരിക്കണമെന്നും പൗരത്വ രജിസ്റ്റര്‍, നിയമഭേദഗതി എന്നിവയുമായി വകുപ്പുതല വിവരശേഖരണത്തിന് ബന്ധമില്ലെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍ വകുപ്പ് ഡയറക്ടര്‍ യു.വി ജോസ് അറിയിച്ചു.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഇ.എ.ആര്‍.എ.എസ്, കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് തയാറാക്കുന്നതിനുള്ള വിലശേഖരണം, സാമൂഹിക സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട നാഷണല്‍ സാമ്പിള്‍ സര്‍വെ, വിവിധ അഡ്ഹോക് സര്‍വെകള്‍, കുടുംബ ബജറ്റ് സര്‍വെ തുടങ്ങിയവയാണ് വകുപ്പ് നടത്തുന്നത്.
ആഭ്യന്തര ടൂറിസവുമായി ബന്ധപ്പെട്ട വിവരങ്ങളും സുസ്ഥിരവികസനത്തിനായുള്ള സൂചികകള്‍ക്കായുള്ള വിവരങ്ങളും ശേഖരിക്കും. പദ്ധതി ആസൂത്രണത്തിന് ആവശ്യമായ വിവരശേഖരണവുമായി പൂര്‍ണമായും സഹകരിക്കാന്‍ എല്ലാവരും തയാറാകണമെന്നും ഡയറക്ടര്‍ അഭ്യര്‍ഥിച്ചു.
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി 2019 ഡിസംബറില്‍ നടത്തിയ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) / ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ആട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ)/ സര്‍ട്ടിഫിക്കേറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) എന്നീ കോഴ്‌സുകളുടെ റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാല്‍ ലഭിക്കും. ഐ.എച്ച്.ആര്‍.ഡിയുടെ www.ihrd.ac.in എന്ന വെബ്‌സൈറ്റിലും പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ ഈ മാസം 26 വരെ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ പിഴ കൂടാതെയും ഈ മാസം 29 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം. ജൂണ്‍ 2020-ലെ 2018 സ്‌കിം സപ്ലിമെന്ററി പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷകള്‍ മാര്‍ച്ച് 16 ന് മുന്‍പായും 200 രൂപ ലേറ്റ് ഫീയോടുകൂടി മാര്‍ച്ച് 18 വരെയും അതത് സ്ഥാപന മേധാവികള്‍ മുഖേന സമര്‍പ്പിക്കണം. നിര്‍ദിഷ്ട തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
വനിത നഴ്‌സുമാര്‍ക്ക് ദുബായിലെ ഹോംഹെല്‍ത്ത് കെയര്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍
ദുബായിലെ ഹോംഹെല്‍ത്ത് കെയര്‍ സെന്ററിലേയ്ക്ക് ഹോം നഴ്‌സായി വനിതാ നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു. 25നും 40 നും മധ്യേ പ്രായമുള്ള ബി.എസ്.സി വനിതാ നഴ്‌സുമാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ശമ്പളം 4,000 യു.എ.ഇ ദിര്‍ഹം (ഏകദേശം 77,600 രൂപ). താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ [email protected] ല്‍ സമര്‍പ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും. അവസാന തീയതി ഈ മാസം 25.
കെ.എ.എസ് പരീക്ഷാ പരിശീലനം നടത്തി
സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന കെ.എ.എസ് പരീക്ഷ പരിശീലനത്തിന്റെ ഭാഗമായി മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് നയിക്കുന്ന ക്ലാസിന്റെ തല്‍സമയ സംപ്രേഷണം പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, അടൂര്‍ ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജ് എന്നിവിടങ്ങളില്‍ നടന്നു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് , കോളേജ് പ്രിന്‍സിപ്പല്‍ മാത്യു.പി ജോസഫ് ,യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍.ശ്രീലേഖ, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ഷിജിന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. അടൂര്‍ ഐ.എച്ച്.ആര്‍.ഡി അപ്ലയിഡ് സയന്‍സ് കോളജില്‍ നടന്ന പരിപാടിയില്‍ കോളജ് പ്രിന്‍സിപ്പല്‍ പി.ലത, യുവജന ക്ഷേമ ബോര്‍ഡ് സ്റ്റാഫ് ദിലീപ്കുമാര്‍, മുനിസിപ്പാലിറ്റി കോ-ഓര്‍ഡിനേറ്റര്‍ ബി. അഫ്‌സല്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഹാരിസ് ഹുസൈന്‍, ഇലക്‌ട്രോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫീസര്‍ എസ്. ശരത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
വൈദ്യുതി അദാലത്ത് ഈമാസം 25ന് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും
കെ.എസ്.ഇ.ബി പത്തനംതിട്ട ജില്ല വൈദ്യുതി അദാലത്ത് പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ റോഡിലുള്ള മേരിമാതാ പാരിഷ്ഹാളില്‍ ഈ മാസം 25 ന് രാവിലെ 10ന് വൈദ്യുതി വകുപ്പു മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും.എം.എല്‍.എമാരായ മാത്യു ടി.തോമസ്, രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, കെ.യു ജനീഷ്‌കുമാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി നൂഹ് തുടങ്ങിയവര്‍ പ്രസംഗിക്കും. കെ.എസ്.ഇ.ബി ഉപഭോക്താക്കളുമായി ഊഷ്മളമായ ബന്ധം ഉറപ്പിക്കുന്നതിനായി വകുപ്പ് മന്ത്രി എം.എം. മണിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ജനുവരി 11 മുതല്‍ ഫെബ്രുവരി അവസാന വാരം വരെ 14 ജില്ലകളിലും അദാലത്തുകള്‍ നടത്തുന്നത്. അദാലത്തുകളില്‍ വൈദ്യുതി വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തന്നെ വൈദ്യുതി സംബന്ധമായ വിവിധ വിഷയങ്ങളില്‍ പൊതുജനങ്ങളുടെ പരാതി കേള്‍ക്കുന്നതിനും അവ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിനും അവസരമൊരുക്കും.
വൈദ്യുതി അദാലത്ത്: പരാതികള്‍ 15 വരെ സമര്‍പ്പിക്കാം
പത്തനംതിട്ട ജില്ലാ ജനകീയ വൈദ്യുതി അദാലത്ത് 2020 ലേക്കുളള പരാതികള്‍ ഈ മാസം 15 ന് വൈകുന്നേരം അഞ്ച് വരെ ജില്ലയിലെ എല്ലാ വൈദ്യുതി കാര്യാലയങ്ങളിലും സ്വീകരിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയുടെ നേതൃത്വത്തില്‍ ഈ മാസം 25 ന് രാവിലെ 10 മുതല്‍ പത്തനംതിട്ട പോലീസ് സ്‌റ്റേഷന്‍ റോഡിലുളള മേരി മാതാ പാരിഷ് ഹാളില്‍ ജില്ലാ വൈദ്യുതി അദാലത്ത് നടക്കും. ജില്ലയിലെ എല്ലാ ജനപ്രതിനിധികളും വകുപ്പുതല മേധാവികളും അദാലത്തില്‍ പങ്കെടുക്കും. ഇതിനോടകം അറിയിപ്പുകള്‍ ലഭിക്കാത്ത പരാതിക്കാര്‍, കൈപ്പറ്റ് രസീത് നമ്പര്‍ സഹിതം വൈദ്യുതി കാര്യാലയങ്ങളുമായി ബന്ധപ്പെടണമെന്ന് പത്തനംതിട്ട ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9446009409.
അടൂര്‍ താലൂക്ക് പരാതി പരിഹാര അദാലത്ത് ഈമാസം 15ന്
അടൂര്‍ താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഈ മാസം 15 ന് രാവിലെ 9.30 മുതല്‍ അടൂര്‍ റവന്യൂ ടവറിലെ അഞ്ചാം നിലയിലുളള ഹൗസിംഗ് ബോര്‍ഡ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അന്നേ ദിവസം പരാതികള്‍ ജില്ലാ കളക്ടര്‍ക്ക് നേരിട്ടും സമര്‍പ്പിക്കാമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
മഹിളാശക്തികേന്ദ്രയിലേക്ക് അപേക്ഷ ക്ഷണിച്ചു
ഗ്രാമീണ വനിതകള്‍ക്ക് തൊഴില്‍ നൈപുണ്യം, വികസനം, സങ്കേതിക പരിജ്ഞാനം പോഷകാഹാര പദ്ധതി എന്നീ സേവനങ്ങള്‍ ലഭ്യമാക്കി വനിതകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃതപദ്ധതിയായ മഹിളാ ശക്തികേന്ദ്രയിലേക്ക്’ ഒരു വുമണ്‍ വെല്‍ഫെയര്‍ ഓഫീസര്‍, രണ്ട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്നീ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിക്കുന്നു. ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ഏതെങ്കിലുമുള്ള ബിരുദാനന്തര ബിരുദമാണ് വുമണ്‍ വെല്‍ഫെയര്‍ ഓഫീസര്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യത.പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഹ്യുമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, സോഷ്യല്‍ വര്‍ക്ക് എന്നിവയില്‍ ഏതെങ്കിലുമുള്ള ബിരുദമാണ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള അടിസ്ഥാന യോഗ്യത.
അപേക്ഷകര്‍ സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിചയം ഉള്ളവരായിരിക്കണം.പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.കംപ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം. പ്രായം 2020 ജനുവരി 31 ന് 35 വയസ് കവിയാന്‍ പാടില്ല. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷക്കൊപ്പം വിശദമായ ബയോഡേറ്റ, പ്രവര്‍ത്തിപരിചയം, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ഉള്‍പ്പെടുത്തണം.എഴുത്തു പരീക്ഷയില്‍ യോഗ്യത നേടുന്നവരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. പത്തനംതിട്ട കാപ്പില്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈമാസം 25. കൂടുതല്‍ വിവരങ്ങള്‍ക്ക് 0468 2329053എന്ന നമ്പറില്‍ ബന്ധപ്പെടുക.
മത്സ്യ പരിപാലനം: ബോധവത്കരണ ക്ലാസ് നാളെ (14)
ജില്ലാ ഫിഷറീസ് വകുപ്പ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ്, കേരള ഫിഷറീസ് സമുദ്രപഠനം സര്‍വകലാശാല, കോഴഞ്ചേരി സെന്റ് തോമസ് കോളജ് സുവോളജി വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മത്സ്യരോഗ നിവാരണവും പ്രതിരോധവും ഉത്തമ മത്സ്യ പരിപാലന മുറകളിലൂടെ എന്ന വിഷയത്തില്‍ ഏകദിന ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ഡോ. യൂഹാനോന്‍ മാര്‍ത്തോമാ ഹാളില്‍ ഇന്ന് (14) രാവിലെ 10 ന് ആരംഭിക്കുന്ന ബോധവത്കരണ ക്ലാസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിക്കും. സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പി.ജോണ്‍ അധ്യക്ഷത വഹിക്കും.കേരള ഫിഷറീസ് സമുദ്രപഠനം സര്‍വകലാശാലയിലെ അക്വാട്ടിക് അനിമല്‍ ഹെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗം മേധാവി പ്രൊഫ. ദേവികാപിള്ള ക്ലാസ് നയിക്കും. ജില്ലയിലെ തത്പരരായ മത്സ്യകര്‍ഷകര്‍ക്ക് പങ്കെടുക്കാം. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ മത്സ്യ വികസന ബോര്‍ഡ്, ലക്‌നൗ ആസ്ഥാനമായുളള നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്‌സസ് എന്നിവയുടെ സാമ്പത്തിക -സാങ്കേതിക സഹായത്തോടു കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പരിശീലനം
കെ.എ.പി മൂന്നാം ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് പി.എസ്.സി നിയമന ശിപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ഥികളുടെ പരിശീലനം ഫെബ്രുവരി 17ന് ആരംഭിക്കും. നിയമന ഉത്തരവ് ലഭിച്ചവര്‍ രേഖകള്‍ സഹിതം 15ന് രാവിലെ ഏഴിന് കെ.എ.പി മൂന്നാം ബറ്റാലിയന്‍ ആസ്ഥാനത്ത് എത്തണം. വ്യക്തിഗത അറിയിപ്പ് ഉദ്യോഗാര്‍ഥികള്‍ക്ക് അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ അടൂര്‍ പരുത്തിപാറയിലുള്ള കെ.എ.പി മൂന്നാം ബറ്റാലിയന്‍ ആസ്ഥാനവുമായി ബന്ധപ്പെടണം.ഫോണ്‍: 04734-217172.
യോഗം
ശബരിമല തീര്‍ഥാടന പാതകളില്‍ സ്ഥിരം ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍നാളെ (14)വൈകിട്ട് 4.30ന് ചേംബറില്‍ യോഗം ചേരും. ശബരിമല തീര്‍ഥാടന പാത കടന്നു പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും വില്ലേജ് ഓഫീസര്‍മാരും യോഗത്തില്‍ പങ്കെടുക്കണം.
വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്
കോന്നി പെരിഞ്ഞൊട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന സി.എഫ്.ആര്‍.ഡി യുടെ ഔദ്യോഗിക യാത്രയ്ക്കായി എയര്‍ കണ്ടീഷനുളള
സെഡാന്‍ കാര്‍ ഡ്രൈവര്‍ സഹിതം വാടകയ്ക്ക് ആവശ്യമുണ്ട്. ഈ മാസം 25 ന് വൈകിട്ട് അഞ്ചിന് മുന്‍പായി താത്പര്യമുളള വാഹന ഉടമകള്‍ സി.എഫ്.ആര്‍.ഡി ഡയറക്ടറുടെ പേരില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് 0468 2241144.
റവന്യൂ അദാലത്തും കണക്ഷന്‍ മേളയും
പി.എച്ച് സബ്ഡിവിഷന്‍ പത്തനംതിട്ട, റാന്നി എന്നിവയുടെ പരിധിയിലുളള പത്തനംതിട്ട, കോന്നി, അടൂര്‍, റാന്നി, വടശേരിക്കര സെക്ഷന്‍ കാര്യാലയങ്ങളില്‍ നിന്ന് വാട്ടര്‍ കണക്ഷന്‍ എടുത്തിട്ടുളള ഉപഭോക്താക്കളുടെ വാട്ടര്‍ ചാര്‍ജ് ബില്‍, വെള്ളം ലഭിക്കാത്തഇടങ്ങളിലെ വെളളക്കരം കുടിശിക സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനുളള റവന്യൂ അദാലത്ത് മാര്‍ച്ച് 17 ന് നടക്കുമെന്ന് ജല അതോറിറ്റി പി.എച്ച് ഡിവിഷന്‍ പത്തനംതിട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഈ മാസം 29 വരെ സബ് ഡിവിഷന്‍ കാര്യാലയങ്ങളില്‍ കണ്‍സ്യൂമര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, മേല്‍വിലാസം എന്നിവ സഹിതം ഉപഭോക്താക്കള്‍ക്ക് പരാതികള്‍ നല്‍കാം.
സര്‍വീസ് പ്രൊവൈഡറായി രജിസ്റ്റര്‍ ചെയ്യാം
കേരള സര്‍ക്കാര്‍ ഗാര്‍ഹിക – വ്യാവസായിക ആവശ്യങ്ങള്‍ക്ക് വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിന് ആവിഷ്‌ക്കരിച്ച സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷനില്‍ സാങ്കേതികവും പാരമ്പര്യവുമായ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് സര്‍വീസ് പ്രൊവൈഡറായി രജിസ്റ്റര്‍ ചെയ്യാം. താത്പര്യമുളളവര്‍ ഈ മാസം 17 നകം ആധാര്‍ കാര്‍ഡ്, ഐ.ടി.ഐ ട്രേഡ് സര്‍ട്ടിഫിക്കറ്റ് , സ്‌കില്‍ വൈദഗ്ധ്യം തെളിയിക്കുന്ന പഞ്ചായത്ത് മെമ്പരുടെ കത്ത്, ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഇലവുംതിട്ട മെഴുവേലി ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ (വനിത) എത്തിചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 0468 2259952, 7907095840, 8075264830.
കിഴങ്ങുവര്‍ഗ നടീല്‍ വസ്തുക്കളുടെ വിതരണ ജില്ലാതല ഉദ്ഘാടനം 15ന് വെച്ചൂച്ചിറയില്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത്, കൃഷിഭവന്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഇടവിള കൃഷി കിഴങ്ങുവര്‍ഗ്ഗ നടീല്‍ വസ്തുക്കളുടെ വിതരണ ജില്ലാതല ഉദ്ഘാടനം വെച്ചൂച്ചിറയില്‍ ഈ മാസം 15ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിക്കും. രാവിലെ 11ന് എ.ടി.എം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എലിസബത്ത് അബു മുഖ്യപ്രഭാഷണം നടത്തും.റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മധു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിക്കും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൊറോണ ബോധവത്കരണ ക്ലാസ്
കളക്ട്രേറ്റ് കോമ്പൗണ്ടില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കൊറോണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എസ്. നന്ദിനി ക്ലാസ് നയിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രശ്മി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ശ്രീരാജ് എന്നിവര്‍ സംസാരിച്ചു.
എല്ലാ കര്‍ഷകര്‍ക്കും കിസാന്‍ ക്രഡിറ്റ് കാര്‍ഡ്
കൃഷി ഭവന്‍ മുഖേന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ എന്ന പദ്ധതി പ്രകാരം പ്രതിവര്‍ഷം 6000 രൂപ മൂന്നു ഗഡുക്കളായി കര്‍ഷകര്‍ക്ക് കേന്ദ്രസഹായം നല്‍കി വരുന്നു. ഇതില്‍ അംഗങ്ങളായവര്‍ ഉള്‍പ്പടെയുള്ള ജില്ലയിലെ എല്ലാ കര്‍ഷകര്‍ക്കും ബാങ്കുകളില്‍ നിന്നും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി കൃഷിഭവന്‍ തലത്തില്‍ ബാങ്കുകളുമായി ചേര്‍ന്ന് സംയുക്ത കാമ്പയിനുകള്‍ സങ്കടിപ്പിക്കും. എല്ലാ കര്‍ഷകരും ബാങ്കുകളുമായി ബന്ധപ്പെട്ട് കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ഗുണഭോക്താക്കളാകണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.