ഓണം ഫെയര്‍: ഈ മാസം 27ന്
ആരോഗ്യ വനിത ശിശുവികസന വകുപ്പ്മന്ത്രി ഉദ്ഘാടനം ചെയ്യും
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ 2022 ലെ ജില്ലാ ഓണം ഫെയര്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പുമന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ഈ മാസം 27ന് വൈകീട്ട് അഞ്ചിന് നിര്‍വഹിക്കും. ഈ മാസം 27 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ പത്തനംതിട്ട ഗവ. ഹോസ്പിറ്റലിന്റെ സമീപത്തുള്ള കാവുംപാട്ട് ബില്‍ഡിംഗിലാണ് ഓണം ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പത്തനംതിട്ട എം.പി ആന്റോ ആന്റണി ആദ്യ വില്‍പ്പന നിര്‍വഹിക്കും.
ഫെയറില്‍ നിന്നും പൊതുജനങ്ങള്‍ക്കാവശ്യമായ പലവ്യഞ്ജനങ്ങള്‍, സ്റ്റേഷനറി സാധനങ്ങള്‍, ഗൃഹോപകരണങ്ങള്‍, പച്ചക്കറി, ഏത്തക്ക, മില്‍മ ഉല്‍പ്പന്നങ്ങള്‍ തുടങ്ങി എല്ലാവിധ നിത്യോപയോഗ സാധനങ്ങളും പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ കൃത്യമായ അളവില്‍ ലഭിക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് എട്ടുവരെ പൊതുജനങ്ങള്‍ക്ക് റേഷന്‍ കാര്‍ഡുമായി വന്ന് സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വാങ്ങാം. 17 ഇനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 1000 രൂപയുടെ സപ്ലൈകോയുടെ സമൃദ്ധി ഓണക്കിറ്റ് 900 രൂപയ്ക്ക് ലഭ്യമാകും.
ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്
പ്രോഗ്രാമിന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജില്‍ ജൂലൈയില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് പ്രോഗ്രാമിന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 31. വിലാസം : ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695 033. ഫോണ്‍ : 0471 2 325 101, [email protected], ( തിരുവനന്തപുരം 9846 033 001 ) , ( അടൂര്‍ 9961 343 322 ).
ബിബിഎ /ബി കോം മാനേജ്മെന്റ് സീറ്റില്‍ അപേക്ഷിക്കാം
കിറ്റ്സില്‍ ബിബിഎ (ടൂറിസം മാനേജ്മെന്റ്/ബി കോം (ട്രാവല്‍ ആന്റ് ടൂറിസം) എന്നീ കോഴ്സുകളിലേക്ക് മാനേജ്മെന്റ് ക്വാട്ടയില്‍ ഒഴിവുളള സീറ്റിലേക്ക് അപേക്ഷിക്കാം. ഫോണ്‍ : 9446 529 467,9447 013 046, 0471 2 329 539, 2 327 707.
ട്രാവല്‍ ആന്റ് ടൂറിസത്തില്‍ എംബിഎ
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ കേരളാ സര്‍വകാലാശാലയുടെ കീഴിലുളള എഐസിടിഇയുടെ അംഗീകരത്തോടെ നടത്തുന്ന എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സില്‍ ഒഴിവുളള സീറ്റിലേക്ക് അപേക്ഷിക്കാം. ഫോണ്‍ : 9447 013 046, 0471 2 329 539, 2 327 707.
ഓണ്‍ലൈനായി അപേക്ഷിക്കാം
റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് പൊതുവിതരണ ഉപഭോക്തൃ കാര്യവകുപ്പ് പൊതുജനങ്ങളില്‍ നിന്നും അപേക്ഷകള്‍ ഓണ്‍ലൈനായി അക്ഷയ/ജനസേവന കേന്ദ്രങ്ങള്‍/സിറ്റിസണ്‍ ലോഗിന്‍ എന്നിവ മുഖേന സെപ്റ്റംബര്‍ 13 മുതല്‍ ഒക്ടോബര്‍ 31 വരെ സ്വീകരിക്കുമെന്ന് പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.