കാക്കനാട്: സീറോ മലബാര്‍സഭയില്‍ മൂന്ന് പുതിയ സഹായമെത്രാന്മാര് കൂടി നിയമിതരായി. മാനന്തവാടി രൂപതയുടെ സഹായമെത്രാനായി ഫാ. അലക്സ് താരാമംഗലത്തിനെയും ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി ഫാ. ജോസഫ് കൊല്ലംപറമ്ബിലിനെയും ഫാ. തോമസ് പാടിയത്തിനെയുമാണ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിച്ചത്. സീറോ മലബാര്‍ സഭയുടെ 30-ാം സിനഡിന്റെ രണ്ടാം സമ്മേളനത്തിലാണ് ഇവരെ മെത്രാന്മാരായി സിനഡ് പിതാക്കന്മാര് തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിന് മുന്‍പായി ഇവരെ മെത്രാന്മാരായി നിയമിക്കുന്നതിനുള്ള മാര്‍പാപ്പയുടെ സമ്മതം വത്തിക്കാന്‍ സ്ഥാനപതിവഴി ലഭിച്ചിരുന്നു.
ഫാ. ജോസഫ് കൊല്ലംപറമ്പില്‍, ഫാ. തോമസ് പാടിയത്ത് എന്നിവരെ മാര്‍ ആലഞ്ചേരിയും ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലും ചേര്‍ന്ന് സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. വിദേശത്തായിരുന്ന മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാന്‍ ഫാ. അലക്സ് താരാമംഗലം ചടങ്ങില്‍ സന്നിഹിതനായിരുന്നില്ല. മെത്രാഭിഷേകത്തിന്റെ തീയതി പിന്നീട് നിശ്ചയിക്കും. ഇതോടെ സീറോമലബാര്‍ സഭയില്‍ ശുശ്രൂഷ ചെയ്യുന്നവരും വിരമിച്ചവരുമായി മെത്രാന്മാരുടെ എണ്ണം 65 ആയി.
2016 മുതല്‍ 2022 വരെ തലശേരി അതിരൂപതയുടെ സിഞ്ചെല്ലൂസ് ആയിരുന്നു. അതിരൂപതയിലെ മാടത്തില്‍ ഇടവകയുടെ വികാരിയായി സേവനം ചെയ്യുമ്പോഴാണ് പുതിയ നിയമനം അദ്ദേഹത്തെ തേടിയെത്തുന്നത്. തത്വശാസ്ത്ര സംബന്ധമായ പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള നിയുക്ത മെത്രാന് ഇറ്റാലിയന്‍, ജര്‍മന്‍ ഭാഷകളിലും പ്രാവീണ്യമുണ്ട്. ഷംഷാബാദ് രൂപതയുടെ ഒന്നാമത്തെ സഹായ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്ന പാലാ രൂപതാംഗം ഫാ. ജോസഫ് കൊല്ലംപറമ്പില്‍ 1955-ല്‍ ജനിച്ചു. പാലാ രൂപതയുടെ മൈനര്‍ സെമിനാരിയില്‍ വൈദിക പരിശീലനം ആരംഭിച്ച അദ്ദേഹം 1981 ഡിസംബര്‍ 18ന് വൈദികനായി അഭിഷിക്തനായി.
പാലാ രൂപതയിലെ വിവിധ ഇടവകകളില്‍ സേവനം ചെയ്ത ഫാ. കൊല്ലംപറമ്പില്‍ പാലാ സെന്റ് തോമസ് കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. സെന്റ് തോമസ് കോളജില്‍ അധ്യാപകനായും ബര്‍സാറായും ഹോസ്റ്റല്‍ വാര്‍ഡനായും സേവനം ചെയ്തു. 2003 മുതല്‍ 2011 വരെ അരുവിത്തുറ സെന്റ് ജോര്‍ജസ് കോളേജിന്റെ പ്രിന്‍സിപ്പാളായിരുന്നു. മഹാത്മാഗാന്ധി സര്‍വകലാശാല സെനറ്റ് അംഗം, സിന്‍ഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രൂപതയുടെ വിവിധ കാനോനിക സമിതികളില്‍ അംഗമായിരുന്ന അദ്ദേഹം രൂപതയുടെ സിഞ്ചെല്ലൂസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ഷംഷാബാദ് രൂപതയില്‍ ഗുജറാത്ത് മിഷന് പ്രദേശത്തിനുവേണ്ടിയിട്ടുള്ള സിഞ്ചെല്ലൂസായി പ്രവര്‍ത്തിക്കുന്നു.
ഷംഷാബാദ് രൂപതയുടെ രണ്ടാമത്തെ സഹായ മെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്ന ഫാ. തോമസ് പാടിയത്ത് ചങ്ങനാശേരി അതിരുപതാംഗമാണ്. 1969-ല്‍ ജനിച്ച അദ്ദേഹം സ്കൂള്‍ പഠനത്തിനുശേഷം 1984-ല്‍ വൈദിക പരിശീലനത്തിനായി ചങ്ങനാശേരി അതിരൂപതാ മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ചു. 1994 ഡിസംബര്‍ 29ന് വൈദികനായി അഭിഷിക്തനായി. അതിരമ്പുഴ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായും മാര്‍ ജോസഫ് പൗവ്വത്തിലിന്റെ സെക്രട്ടറിയായും സേവനം ചെയ്ത അദ്ദേഹം ബെല്‍ജിയത്തിലെ ലുവൈന്‍ സര്‍വകലാശാലയില്‍നിന്ന് തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും നേടി. കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയില്‍ ഉള്‍പ്പെടെ വിവിധ മേജര്‍ സെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനായിരുന്നു. ഇംഗ്ലീഷിന് പുറമേ ജര്‍മന്‍ ഭാഷയിലും പ്രാവീണ്യമുണ്ട്. നിലവില്‍ ചങ്ങനാശേരി അതിരൂപതയിലെ സിഞ്ചെല്ലൂസായി സേവനം ചെയ്യുകയായിരുന്നു.































