കോഴിക്കോട് : കൈയാങ്കളിയില്‍ എത്തിയ കലഹത്തിനുശേഷം ഐ.എന്‍.എല്ലില്‍ അനുരഞ്ജന നീക്കത്തില്‍ പുരോഗതി. പാര്‍ട്ടി അഖിലേന്ത്യ അധ്യക്ഷന്റെ സാന്നിധ്യത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്തുമെന്ന പ്രതീക്ഷയിലാണ് മധ്യസ്ഥര്‍. നേരത്തേ വഹാബ്, കാസിം വിഭാഗങ്ങളുമായി രണ്ടുവട്ടം ചര്‍ച്ച നടത്തിയശേഷം കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ മകന് ഡോ.അബ്ദുല്‍ ഹകീം അസ്ഹരി അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് സുലൈമാനുമായി കഴിഞ്ഞദിവസം രണ്ടു മണിക്കൂറോളം ചര്‍ച്ച നടത്തി.
തങ്ങളുടെ നിലപാട് അസ്ഹരിക്കു മുന്നില്‍ വെച്ച മുഹമ്മദ് സുലൈമാന്‍ ചില ഉപാധികളോടെ പുറത്തുപോയ എ.പി അബ്ദുല്‍ വഹാബ് അടക്കമുള്ളവര്‍ക്ക് തിരിച്ചുവരുന്നതില്‍ മറ്റു പ്രതിബന്ധങ്ങളില്ലെന്ന് അറിയിച്ചതായാണ് സൂചന. തങ്ങളുടെ നിലപാട് നേരത്തേ വഹാബ് പക്ഷം മധ്യസ്ഥര്‍ക്കു മുമ്പാകെ അവതരിപ്പിച്ചിരുന്നു. ഇക്കാര്യത്തിലുള്ള നിലപാട് അറിയാന്‍കൂടിയാണ് ദേശീയ നേതൃത്വവുമായി അബ്ദുല്‍ ഹകീം അസ്ഹരി ചര്‍ച്ച നടത്തിയത്. സി.പി.എമ്മിന്റെയും മുന്നണിയുടെയും ശക്തമായ മുന്നറിയിപ്പുകളാണ് ഇരുവിഭാഗത്തെയും അനുരഞ്ജനത്തിന്റെ പാതയിലെത്തിച്ചത്. മുന്നണിയുടെ ഭാഗമായിട്ടും മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചിട്ടും ഹജ്ജ് കമ്മിറ്റിയില്നിന്നുപോലും പുറത്തിരിക്കേണ്ടിവന്നത് പാര്‍ട്ടിക്ക് വന്‍ ക്ഷീണമാണുണ്ടാക്കിയത്.
പ്രശ്നം ഇനിയും സങ്കീര്‍ണമാക്കാതെ പരിഹാരത്തിലെത്തിക്കുകയാണ് അഖിലേന്ത്യ അധ്യക്ഷന്റെ സന്ദര്‍ശന ലക്ഷ്യവും. അഖിലേന്ത്യ നേതൃത്വത്തെ എ.പി അബ്ദുല്‍ വഹാബ് അംഗീകരിക്കുക എന്നതാണ് പ്രധാന വിഷയമായി മുന്നോട്ടുവെച്ചതെന്ന് അറിയുന്നു. രണ്ടു വിഭാഗവുമായും അഖിലേന്ത്യ നേതൃത്വവുമായും ചര്‍ച്ച നടത്തിയതോടെ ഇരുകൂട്ടരെയും ഒന്നിച്ചിരുത്തുകയാണ് ഹകീം അസ്ഹരിയുടെ അടുത്ത ദൗത്യം. ഈ ചര്‍ച്ചയില്‍ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും പങ്കെടുത്തേക്കും.
പരിഹാരനീക്കത്തില് പ്രതീക്ഷ – മുഹമ്മദ് സുലൈമാന്‍
പാര്‍ട്ടി പിളര്‍ന്നിട്ടില്ലെന്നും അഖിലേന്ത്യ കമ്മിറ്റിയെ അംഗീകരിക്കാതെ ചിലര്‍ പുറത്തുപോയതാണ് പ്രശ്നമെന്നും ചര്‍ച്ചകളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഐ.എന്‍.എല്‍ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അഖിലേന്ത്യ കമ്മിറ്റി ഏകപക്ഷീയമായി നിലപാടെടുക്കുന്നു എന്ന ആരോപണം തെറ്റാണ്. അച്ചടക്കവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരായ നടപടി കമ്മിറ്റി ഏകകണ്ഠമായി എടുത്തതാണ്.
ഇടതുമുന്നണിയുടെയും ഐ.എന്‍.എല്ലിന്റെയും അഭ്യുദയകാംക്ഷിയായ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് മുന്‍കൈയെടുത്ത് നടത്തുന്ന അനുരഞ്ജന നീക്കത്തില്‍ പ്രതീക്ഷയുണ്ട്. മന്ത്രിസ്ഥാനം ലഭിക്കുക എന്നത് റിക്രൂട്ട്മെന്റ് ഏജന്‍സി പണിയാണെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് ചരിത്രത്തിലില്ലാത്തവിധം അഴിമതിയുടെ പടുകുഴിയില്‍ വീണിരിക്കുകയാണെന്ന് മുഹമ്മദ് സുലൈമാന്‍ ആരോപിച്ചു. ഹജ്ജ് കമ്മിറ്റിയില്‍ അംഗത്വം ലഭിക്കാതിരുന്നത് എല്‍.ഡി.എഫ് നിലപാടിന്റെ ഭാഗമാണെന്ന് കരുതുന്നില്ലെന്ന് അഖിലേന്ത്യ ജന.സെക്രട്ടറി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. എല്ലാ കമ്മിറ്റിയിലും അംഗത്വം വേണമെന്ന നിലപാട് പാര്‍ട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് ബി.ഹംസ ഹാജി, ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍,സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം.മാഹീന് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.