തിരുവനന്തപുരം : സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എസ്ഡിപിഐ ഗുണ്ടകള്‍ ഉള്ളത് എറണാകുളം റൂറല്‍ പോലീസ് പരിധിയില്‍. കണ്ണൂര്‍, തിരുവനന്തപുരം റൂറല്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളാണ് തൊട്ടുപിന്നില്‍. തൃശൂര്‍, കണ്ണൂര്‍, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിലാണ് ആര്‍എസ്‌എസ് ഗുണ്ടകള്‍ കൂടുതല്‍. സംസ്ഥാന പോലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കുന്ന ഇവര്‍ എതിര്‍ക്കുന്നവരെ ആക്രമിക്കുന്നവരാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ആര്‍എസ്‌എസ് പട്ടിക നേരത്തേ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കൈയിലുണ്ട്. മൂന്നുമാസം കൂടുമ്പോള്‍ ഇവ പുതുക്കും. എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിനു ശേഷമാണ് എസ്ഡിപിഐ ക്കാരുടെ പട്ടിക തയ്യാറാക്കിയത്. ആര്‍എസ്‌എസ് ശാഖകളിലൂടെയും എസ്ഡിപിഐ പരിശീലനകേന്ദ്രങ്ങളിലൂടെയുമാണ് ഇവരെ പരിശീലിപ്പിക്കുന്നത്. ചില ക്ഷേത്രങ്ങളും ആര്‍എസ്‌എസ് ഉപയോഗിക്കുന്നു.
ബാബ്റി മസ്ജിദ് ദിനത്തിന്റെ മറവില്‍ കുട്ടികളെക്കൊണ്ട് എസ്ഡിപിഐ പ്രതിജ്ഞ എടുപ്പിച്ചത് വര്‍ഗീയ വിഭജനത്തിനാണെന്നും റിപ്പോര്‍ട്ട് പറയുന്നു. വര്‍ഗീയത ആളിക്കത്തിച്ച് ഏതുസമയത്തും കലാപവും കൊലപാതകങ്ങളും നടത്താന്‍ സജ്ജരായി ആര്‍എസ്‌എസിനും എസ്ഡിപിഐക്കും കേരളത്തില്‍ 1364 ‘ചാവേറുകള്‍’ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. വര്‍ഗീയ ഗുണ്ടകളെന്ന് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്ന ഇവരില്‍ 699 പേര്‍ എസ്ഡിപിഐക്കാരും 665 പേര്‍ ആര്‍എസ്‌എസുകാരുമാണ്. ഇതില്‍ എസ്ഡിപിഐയിലെ 199 ഉം ആര്‍എസ്‌എസിലെ 140 ഉം പേര്‍ എത്ര ഹീനമായ കുറ്റകൃത്യം ചെയ്യാനും സദാ സജ്ജരായ അപകടകാരികളാണ്. ഇവരെ പോലീസ് കര്‍ശന നിരീക്ഷണത്തിലാക്കി.