പത്തനംതിട്ട : കേരളത്തില്‍ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികളല്ലാത്തവര്‍ക്ക് സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രാനുമതി സംബന്ധിച്ച് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളായി. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി സംസ്ഥാനത്തിനു പുറത്തേക്കു പോകേണ്ടവര്‍ക്കുള്ള പാസ് അനുവദിക്കുന്നതു സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണിവ.
കോവിഡ് സംബന്ധമായ ലക്ഷണങ്ങളില്ലാത്തവര്‍ക്ക് ജില്ലാ കളക്ടര്‍ക്ക് യാത്രാനുമതി നല്‍കാം. കാറുകളുള്‍പ്പെടെയുള്ള വാഹനങ്ങളില്‍ സാമൂഹ്യ അകലം പാലിച്ചേ യാത്ര ചെയ്യാവൂ. എത്തുന്ന സ്ഥലങ്ങളില്‍ /സംസ്ഥാനങ്ങളില്‍ ഇവരുടെ ആരോഗ്യനില പരിശോധിക്കുകയും വേണം. കുടുങ്ങിപ്പോയ വ്യക്തികള്‍ക്ക് പാസുകള്‍ പരിശോധിച്ച് അനുവദിക്കുന്നത് ജില്ലാ കളക്ടര്‍മാരാണ്. ഇതിനൊപ്പം നിശ്ചിത ഫോര്‍മാറ്റില്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റും നല്‍കും. ആവശ്യാനുസരണം ജില്ലാ ഭരണകൂടം ആരോഗ്യ പരിശോധനയ്ക്കുള്ള കേന്ദ്രങ്ങള്‍ നിശ്ചയിക്കും. ഈ കേന്ദ്രങ്ങള്‍ സംബന്ധിച്ച് ആവശ്യമായ അറിയിപ്പും പ്രചാരണവും ജില്ലാ ഭരണകൂടം നല്‍കണം. രോഗലക്ഷണങ്ങളില്ലാത്ത വ്യക്തികള്‍ക്ക് യാത്രാനുമതിക്കായാണ് മെഡിക്കല്‍ പരിശോധന. സര്‍ട്ടിഫിക്കറ്റില്‍ കോവിഡ് പോസിറ്റീവ് സമ്പര്‍ക്ക ചരിത്രം ഉള്‍പ്പെടെ വ്യക്തിയുടെ സെല്‍ഫ് ഡിക്ലറേഷന് അനുസൃതമായി രേഖപ്പെടുത്തും. യാത്രാ പാസില്‍ വാഹന നമ്പര്‍, അനുമതിയുടെ യാത്രക്കാരുടെ വിവരം തുടങ്ങിയവ രേഖപ്പെടുത്തും.
മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയിട്ടുള്ള കുട്ടികള്‍/ഭാര്യ/ ഭര്‍ത്താവ്/മാതാപിതാക്കള്‍ എന്നിവരെ കൂട്ടിക്കൊണ്ടുവരുവാന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് ജില്ലാ കളക്ടര്‍ പുറത്തുപോകുവാനും തിരിച്ച് വരുവാനുമുള്ള പാസ് നല്‍കേണ്ടതാണ്. പ്രസ്തുത പാസ്സില്‍ യാത്ര ചെയ്യുന്ന ആളുടെ പേര്, കൊണ്ടുവരാനുദ്ദേശിക്കുന്ന ബന്ധുവിന്റെ പേര് എന്നിവ ഉണ്ടാകേണ്ടതാണ്. പുറപ്പെടുന്നതോ യാത്ര ചെയ്യുന്നതോ ആയ സംസ്ഥാനങ്ങളില്‍ നിന്നും യാത്രാ അനുമതി ആവശ്യമുണ്ടെങ്കില്‍ ആയത് കൂടി കരസ്ഥമാക്കാന്‍ ഓരോ യാത്രക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
അഞ്ചു സീറ്റര്‍ കാറുകളില്‍ നാലു യാത്രക്കാര്‍ക്കും ഏഴു സീറ്റര്‍ കാറുകളില്‍ അഞ്ചു യാത്രക്കാര്‍ക്കും സാമൂഹ്യ അകലം പാലിച്ച് യാത്രചെയ്യാം. സാനിറ്റൈസറും മാസ്‌കും യാത്രക്കാര്‍ നിര്‍ബന്ധമായി ഉപയോഗിക്കണം.
പാസ് അനുവദിച്ച തീയതി മുതല്‍ രണ്ടുദിവസത്തിനുള്ളിലാകണം യാത്ര ആരംഭിക്കേണ്ടത്. യാത്രാനുമതി സംബന്ധിച്ച് വിവരങ്ങള്‍ ജില്ലാ കളക്ടര്‍ സൂക്ഷിക്കണം. ദൈനംദിന റിപ്പോര്‍ട്ട് സംസ്ഥാനതല വാര്‍ റൂമില്‍ നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
The post കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ appeared first on Pathanamthitta Media.