കോഴഞ്ചേരി : കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിനുള്ള സാമൂഹ്യതല ഇടപെടലുകള്‍ കാലഘട്ടത്തിന്റെ ആവശ്യമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ. പത്തനംതിട്ട ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെയും കോഴഞ്ചേരി സെന്റ് തോമസ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആള്‍ട്ടര്‍നേറ്റീവ് വയലന്‍സ് ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ. കേരളത്തിലെ കോളേജുകളില്‍ ആദ്യമായി നടത്തിയ എവിപി ശില്‍പശാല നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അക്രമവാസനകളും കുറ്റകൃത്യങ്ങളും തിരുത്താന്‍ സഹായകമാണെന്നും ഇത്തരം ശില്‍പശാലകള്‍ കേരളത്തിലെ എല്ലാ കലാലയങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് നടത്തേണ്ടതുണ്ടെന്നും എം. എല്‍. എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ എ.ഒ അബീന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പി ജോണ്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ, സാമൂഹ്യ പ്രവര്‍ത്തക സൂസമ്മ മാത്യു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അരുണ്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു. സാമൂഹ്യ നീതി വകുപ്പ് റിട്ട. അഡീഷണല്‍ ഡയറക്ടര്‍ ഡോ. പി. പ്രതാപന്റെ നേതൃത്വത്തിലുള്ള വിദഗ്ധരാണു രണ്ടു ദിവസത്തെ ശില്പശാല നയിക്കുന്നത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഏഴു കോളേജില്‍ നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട നാഷണല്‍ സര്‍വീസ് സ്‌കീമിലെ 35 വിദ്യാര്‍ത്ഥികളാണു ശില്പ ശാലയില്‍ പങ്കെടുക്കുന്നത്.