തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും സമഗ്ര വികസനവും ലക്ഷ്യമിട്ട് നിക്ഷേപകരെ കൂടുതൽ ആകർഷിക്കുന്നതിനായി പ്രത്യേക സെൽ രൂപീകരിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ‘ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ് കേരളം’ എന്ന പേരിൽ ആരംഭിക്കുന്ന പുതിയ പദ്ധതിയിലൂടെയാണ് നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്താൻ സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് നേരിട്ട് പ്രയോജനപ്പെടുന്ന നിക്ഷേപങ്ങൾ കണ്ടെത്തുകയും അവയെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനാവശ്യമായ വിവരങ്ങളും സൗകര്യങ്ങളും ഏകോപിപ്പിക്കുകയും ചെയ്യുന്നതാകും പ്രത്യേക സെല്ലിന്റെ പ്രധാന ചുമതല. വിവിധ മേഖലകളിലെ സാമ്പത്തിക സാധ്യതകൾ, തൊഴിൽ സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയെ അടിസ്ഥാനമാക്കി ഡാറ്റ ശേഖരിക്കുകയും വിശകലനം നടത്തുകയും ചെയ്ത് നിക്ഷേപകരെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടത്തും.
പദ്ധതിയുടെ പൂർത്തീകരണം വേഗത്തിലാക്കുന്നതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സംസ്ഥാനത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന് വി ഡി സതീശൻ പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്താനും മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും മുഖ്യമന്ത്രി അദ്ധ്യക്ഷനായും വ്യവസായമന്ത്രി ഉപാദ്ധ്യക്ഷനായുമുള്ള ഇൻവെസ്റ്റ്‌മെന്റ് അഡ്‌വൈസറി കൗൺസിൽ രൂപീകരിക്കും. ഈ കൗൺസിലിൽ ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരെയും ഉൾപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘നിക്ഷേപകർക്ക് ആവശ്യമായ ഭൂമി, നിയപരമായ അനുമതികൾ, നിക്ഷേപാനന്തര പിന്തുണ എന്നിവ ഓരോ ഘട്ടത്തിലും ഉറപ്പുവരുത്തുന്നതിനായാണ് ഏകജാലക സംവിധാനമായ ഇൻവെസ്റ്റ്‌മെന്റ് കേരളം സെൽ. ഭൂമി ഏറ്റെടുക്കലിൽ നേരിടുന്ന തടസങ്ങൾ പരിഹരിക്കുന്നതിന് സമയബന്ധിതമായി വേണ്ട നടപടികൾ സ്വീകരിക്കും.
ഇതിനുള്ള മാർഗരേഖയ്ക്ക് വേണ്ടി പ്രോജക്ട് ഇംപ്ലിമെന്റേഷൻ പ്രോട്ടോക്കോൾ നടപ്പിലാക്കും. ഈ പദ്ധതി വ്യാവസായിക വൈവിധ്യവത്കരണത്തിനും സാങ്കേതികവിദ്യയുടെ കൈമാറ്റത്തിനും സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും മികച്ച സംഭാവന നൽകും.’- വി ഡി സതീശൻ ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു.





























