കോഴിക്കോട്: നിപ വ്യാപനവുമായി ബന്ധപ്പെട്ട് ഇഖ്റ ആശുപത്രിക്കെതിരെയും സര്‍ക്കാരിനെയും വ്യാജ പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ അധികൃതര്‍ പരാതി നല്‍കി. നിപ ബാധിച്ച് മരിച്ച മുഹമ്മദലി എന്ന രോഗിക്ക് നിപ സ്ഥിരീകരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിട്ടില്ലെന്നും ‘അക്യൂഷ് അക്യുപങ്ചര്‍ അക്കാദമി’ എന്ന യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ച ഷുഹൈബ് റിയാലു എന്ന വ്യക്തിക്കെതിരെയാണ് പരാതി.
തെളിവൊന്നുമില്ലാതെ മുഹമ്മദലിക്ക് നിപയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തുകയായിരുന്നുവെന്ന് ഇയാള്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ജനങ്ങളില്‍ അനാവശ്യ ഭീതി സൃഷ്ടിക്കുകയാണ്. മറ്റൊരു വീഡിയോയില്‍ രോഗിയുമായി ബന്ധപ്പെട്ടവരെ ക്വാറന്റൈന്‍ ചെയ്യുന്നതിനെയും ഇയാള്‍ വിമര്‍ശിക്കുന്നുണ്ട്. സമൂഹത്തില്‍ ഗുരുതരമായ തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്ന ഇയാള്‍ക്കും ചാനലിനുമെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ജില്ലാ കലക്ടര്‍, ഡി.എം.ഒ, മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍, ഹെല്‍ത്ത് സെക്രട്ടറി എന്നിവര്‍ക്കാണ് ഇഖ്റ ലബോറട്ടറി വിഭാഗം മേധാവി ഡോ. ജാവേദ് അഹമ്മദ് പരാതി നല്‍കിയത്.