കൊച്ചി : കുര്‍ബാന വിഷയം ഇടപെട്ട് വത്തിക്കാന്‍. മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലിനെതിരെ നടപടി. ഏകീകൃത കുർബാനയിൽ വത്തിക്കാന്റെയും, സിനഡിന്റെയും നിർദേശം പാലിക്കാതിരുന്നതിന് സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലിനോട് രാജി വയ്ക്കാൻ വത്തിക്കാൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ പത്തൊൻപതിന് ഡൽഹിയിലേക്ക് വിളിപ്പിച്ചാണ് വത്തിക്കാൻ ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറേല്ലി രാജി ആവശ്യപ്പെട്ടത്. സിറോ മലബാർ സഭയിലെ മുപ്പത്തിയഞ്ച് രൂപതകളിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ മാത്രമാണ് ഏകീകൃത കുർബാന നടപ്പാക്കാത്തത്. മാർപ്പാപ്പയും, വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയവും ഏകീകൃത കുർബാന നടപ്പാക്കാൻ മെത്രാപ്പൊലീത്തൻ വികാരിക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ അതിരൂപതയിലെ ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും എതിർപ്പിനെ തുടർന്ന് നടപ്പാക്കാനായില്ല. സിനഡ് തീരുമാനം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന നിർദേശവും മാർ ആന്റണി കരിയിൽ പാലിച്ചില്ലെന്നാണ് വത്തിക്കാന്റെ നിലപാട്. രാജിക്കാര്യത്തിൽ മാർ ആന്റണി കരിയിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. നാളെ കൊച്ചിയിലെത്തുന്ന വത്തിക്കാൻ സ്ഥാനപതി എറണാകുളം അങ്കമാലി അതിരൂപതയിൽ എത്തും.