ന്യൂഡൽഹി : അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ ഇന്ത്യയിൽ സന്ദർശനം നടത്താനൊരുങ്ങി ഇറാനിയൻ വിദേശകാര്യ മന്ത്രി എം.ജവാദ് സരീഫ്. അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ ഊർജ, സാമ്പത്തിക താത്പര്യങ്ങളെ സംരക്ഷിക്കാൻ ലക്ഷ്യം വച്ചുകൊണ്ടാണ് ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യൻ സന്ദർശനം നടത്തുന്നത്. വിദേശനയവുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നടക്കുന്ന ‘റയസീന ഡയലോഗി’ൽ സരീഫ് മുഖ്യപ്രഭാഷകനുമാകും. ഇറാനിയൻ രഹസ്യസേനാ തലവൻ ഖാസിം സൊലൈമാനിയുൾപ്പെടെയുള്ളവർ അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര വേദിയിൽ സരീഫ് എത്തുന്നത്.
ഇറാൻ-യു.എസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ സരീഫിനെ ഫോണിൽ വിളിച്ച് ആശങ്ക പങ്കുവച്ചിരുന്നു. ഇന്നലെ ഇറാനെ പ്രകോപിപ്പിച്ചുകൊണ്ട് രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരീഫിന് അമേരിക്ക വിസ നിഷേധിച്ചിരുന്നു. യു.എൻ രക്ഷാസമിതി യോഗത്തിൽ പങ്കെടുക്കുന്നതിനായി ആയിരുന്നു സരീഫ് വിസയ്ക്കായി അമേരിക്കയോട് അപേക്ഷിച്ചിരുന്നത്. ഇതിനുള്ള പ്രതികരണം എന്നോണം അമേരിക്കൻ സൈന്യത്തെയും അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണിനെയും ഭീകരരുടെ പട്ടികയിൽ ഇറാൻ ഉൾപ്പെടുത്തിയിരുന്നു. ചൊവാഴ്ച ചേർന്ന ഇറാൻ പാർലമെന്റ് സമ്മേളനത്തിൽ ഇത് സംബന്ധിച്ചുള്ള ബിൽ ഇറാൻ പാസാക്കി.