തെഹ്റാന്‍: ഹോർമുസ് കടലിടുക്കിൽ പ്രവേശിച്ച യുഎസിന്റെ ആളില്ലാ സമുദ്ര നിരീക്ഷണ പേടകം ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആര്‍ജിസി). കടലിടുക്കിന്റെ പ്രവേശന കവാടത്തിൽ വച്ചാണ് ആക്രമണം നടന്നതെന്നും യുഎസ് അഞ്ചാം ഫ്ലീറ്റിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഈ’സെയിൽഡ്രോൺ’ ഇറാന്റെ സുരക്ഷയ്ക്ക് ഭീഷണിയായതിനാലാണ് നടപടിയെന്നും ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്ക് തങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും, അനുമതിയില്ലാതെ പ്രവേശിക്കുന്ന ഏതൊരു നീക്കത്തെയും ലക്ഷ്യമിടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അതേസമയം ഐആര്‍ജിയുടെ അവകാശവാദത്തോട് അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.സൗരോർജ്ജവും കാറ്റും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഡ്രോണുകൾക്ക് കടലിൽ ഒരു വർഷം വരെ തുടർച്ചയായി നിരീക്ഷണ ദൗത്യങ്ങളിൽ ഏർപ്പെടാൻ ശേഷിയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയുടെ മറ്റൊരു ആളില്ലാ അന്തർവാഹിനി ഡ്രോണും തങ്ങൾ പിടിച്ചെടുത്തതായി ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ തങ്ങളുടെ അണ്ടർവാട്ടർ ഡ്രോൺ സാങ്കേതിക തകരാർ മൂലം പ്രവർത്തനരഹിതമായതാണെന്നാണ് യുഎസ് സൈന്യത്തിന്റെ വിശദീകരണം.
അതിനിടെ ജോർദാനിലെ ‘മുവാഫഖ് സൽതിയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഒരു A-10 തണ്ടർബോൾട്ട് II വിമാനത്തിന്റെ ചിറക് തകരുകയും, എട്ടോളം F-15 യുദ്ധവിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.































