എടിഎം എന്ന് കേൾക്കുമ്പോൾ പണം പിൻവലിക്കുന്ന യന്ത്രമെന്ന ചിത്രമാണ് സാധാരണ മനസിലെത്തുക. എന്നാൽ ഇനി എടിഎമ്മിന്റെ ഉപയോഗം അതിലൊതുങ്ങില്ല. പുതിയ റുപേയ് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ മുതൽ എൻസിഎംസി (നാഷനൽ കോമൺ മൊബിലിറ്റി) കാർഡുകൾ വരെ എടിഎം കൗണ്ടറിൽ നിന്ന് നേരിട്ട് ലഭ്യമാക്കുന്ന പുതിയ സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പുതിയ തലമുറ എടിഎമ്മുകളിലൂടെയാണ് ഈ സേവനങ്ങൾ ലഭ്യമാക്കുക. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിലാണ് പദ്ധതി ഔദ്യോഗികമായി അവതരിപ്പിച്ചത്.
പുതിയ സംവിധാനത്തിലൂടെ റുപേയ് കാർഡ് ലഭിക്കാൻ ഇനി ബാങ്കിൽ നേരിട്ട് പോകുകയോ കാർഡ് തപാലിൽ എത്തുന്നതുവരെ കാത്തിരിക്കുകയോ വേണ്ടിവരില്ല. എടിഎം വഴി തന്നെ കാർഡ് ലഭ്യമാക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. വ്യാപാരികൾക്ക് യുപിഐ വഴി പണം സ്വീകരിക്കുന്നതിനുള്ള ക്യുആർ കോഡും എടിഎം കൗണ്ടറിൽ നിന്ന് ജനറേറ്റ് ചെയ്യാനാകും. കാർഡ് സേവനങ്ങൾക്കു പുറമേ കൂടുതൽ ബാങ്കിങ് സൗകര്യങ്ങളും പുതിയ എടിഎമ്മുകളിൽ ഉൾപ്പെടുത്താനാണ് പദ്ധതി. ചെക്ക് നിക്ഷേപിക്കൽ, ബാങ്ക് അക്കൗണ്ട് തുറക്കൽ, വായ്പയ്ക്ക് അപേക്ഷിക്കൽ തുടങ്ങിയ സേവനങ്ങളും ഇതിലൂടെ ലഭ്യമാക്കും. അതായത്, പണം പിൻവലിക്കാനും നിക്ഷേപിക്കാനും മാത്രമുള്ള പരമ്പരാഗത എടിഎമ്മിൽ നിന്ന് കൂടുതൽ സേവനങ്ങൾ ഒരിടത്ത് ലഭിക്കുന്ന ചെറിയ ബാങ്കിങ് കേന്ദ്രങ്ങളിലേക്ക് ഇവ മാറും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവയുൾപ്പെടെ ഒമ്പത് ബാങ്കുകളാണ് പുതിയ എടിഎം സംവിധാനം പരീക്ഷിക്കുന്നത്. സംവിധാനം കൂടുതൽ വ്യാപകമാകുന്നതോടെ ബാങ്കിൽ നേരിട്ട് എത്തേണ്ടിവരുന്ന ചില സേവനങ്ങൾ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ ഉപഭോക്താക്കൾക്ക് സാധിച്ചേക്കും. ഇതിനൊപ്പം കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി), പ്രധാനമന്ത്രി മുദ്ര യോജന തുടങ്ങിയ പദ്ധതികളിലൂടെ ലഭിക്കുന്ന വായ്പാ തുക യുപിഐ വഴി ഉപയോഗിക്കാനുള്ള സൗകര്യവും അവതരിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ പേയ്‌മെന്റുകളും ബാങ്കിങ് സേവനങ്ങളും കൂടുതൽ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനങ്ങളെ കാണുന്നത്.
പണം പിൻവലിക്കുന്നതിനുള്ള ഒരു യന്ത്രം എന്നതിൽ നിന്ന് ഉപഭോക്താവിന് ആവശ്യമായ വിവിധ ബാങ്കിങ് സേവനങ്ങൾ ലഭിക്കുന്ന ഡിജിറ്റൽ കേന്ദ്രമായി എടിഎമ്മുകളെ മാറ്റുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. ഭാവിയിൽ ബാങ്കിങ് സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ജനങ്ങളിലേക്കെത്തിക്കുന്നതിൽ ഇത്തരം എടിഎമ്മുകൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നാണ് പ്രതീക്ഷ.


































