തൃശ്ശൂർ : ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സണും യുഡിഎഫ് കൗൺസിലർമാരും കൊവിഡ് കാലത്ത് ഊട്ടിയിൽ വിനോദയാത്ര പോയത് വിവാദത്തിൽ. യാത്ര കഴിഞ്ഞ് മടങ്ങിവന്ന ശേഷം ക്വാറന്റീൻ ചട്ടം പാലിച്ചില്ലെന്ന് ആക്ഷേപിച്ച് ബി.ജെ.പി ഉപരോധസമരം നടത്തി. അതേസമയം എല്ലാ നിയമങ്ങളും പാലിച്ചാണ് യാത്ര നടത്തിയതെന്നാണ് നഗരസഭ ചെയർപേഴ്സന്റെ നിലപാട്.
കഴിഞ്ഞ ദിവസമാണ് ഇരിങ്ങാലക്കുട നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ ഊട്ടിയിലേക്ക് വിനോദയാത്ര പോയ ശേഷം തിരിച്ചെത്തിയത്. പതിനേഴ് കൗൺസിലർമാരും ഒന്നിച്ച് വിനോദയാത്ര പോയതിന് എതിരെ ബി.ജെ.പി മണിക്കൂറുകളോളം നഗരസഭ ചെയർപേഴ്സന്റെ മുറിക്ക് മുന്നിൽ ഉപരോധിച്ചു. രാത്രിയിലും ഉപരോധം തുടർന്നു. ചെയർപേഴ്സണ്‍ പിന്തുണയുമായി യു.ഡി.എഫ് കൗൺസിലർമാര്‍ രംഗത്തെത്തി. ഇതിനിടെ ചെയർപേഴ്സണും യു.ഡി.എഫ് കൗൺസിലർമാരും മുറിവിട്ട് പുറത്തുപോയി.വിനോദയാത്രയിൽ യാതൊരു അപാകതയുമില്ലെന്നാണ് ചെയർപേഴ്സൺ സോണിയ ഗിരിയുടെ നിലപാട്.
യുഡിഎഫ് കൗൺസിലർമാർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും പോലീസിനും പരാതി നൽകി. ആറ് മാസമായി സാധാരണ രീതിയിൽ കൗൺസിൽ യോഗം ചേരാത്ത ചെയർപേഴ്സണും സംഘവുമാണ് ഇപ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. നഗരസഭയിൽ നാൽപത്തിയൊന്ന് കൗൺസിലർമാരിൽ പതിനേഴ് യുഡിഎഫും പതിനാറ് എൽഡിഎഫും എട്ട് ബിജെപി കൗൺസിലർമാരുമാണ് ഉള്ളത്. മുതിർന്ന കോൺഗ്രസ് നേതാവിന്റെ ചെലവിലായിരുന്നു യുഡിഎഫ് കൗൺസിലർമാരുടെ വിനോദയാത്ര.