റാന്നി: വലിയതോട്ടിലേക്കു മാലിന്യം വഴിച്ചെറിയുന്നതു തടയാൻ പാലത്തിലും പരിസരത്തും വല സ്ഥാപിച്ചു അങ്ങാടി ഗ്രാമ പഞ്ചായത്ത്. അങ്ങാടി പേട്ട ചന്തയുടെ സ്ഥലത്ത് വലിയതോടിന്റെ കരയിലും മാമ്മുക്ക് പാലത്തിലുമാണ് വലയിട്ടത്. ചന്ത നിലക്കുകയും സ്ഥലം തരിശായി കിടക്കുകയും ചെയ്തതോടെ ഇവിടെ മാലിന്യം തള്ളുന്നത് പതിവായിരുന്നു. കൂടാതെ പരിസരങ്ങളിലുള്ള ചെറുകിട കച്ചവടക്കാർ ഇവിടെ തള്ളുന്ന മാലിന്യം തോട്ടിലേക്കും വലിച്ചെറിയുന്നുണ്ടായിരുന്നു. ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടി മാലിന്യം തള്ളുന്നതും പതിവായിരുന്നു.
അവ വെള്ളത്തിൽ കിടന്നു ചീഞ്ഞുനാറുകയും മഴക്കാലത്ത് ഒഴുകി പമ്പാനദിയിലെത്തുന്നതും പതിവായിരുന്നു. ഇതിനു പരിഹാരം കാണാനാണ് 7 അടി പൊക്കത്തിൽ ഇരുമ്പു വലയിട്ടത്. ഇരുമ്പു പൈപ്പുകൾ നാട്ടി അതിലാണ് വലയിട്ടു ബലപ്പെടുത്തിയത്. മാമുക്ക് പാലത്തിലും വലയിട്ടത് പിഡബ്ല്യുഡി പാലം വിഭാഗത്തിന്റെ അനുമതിയോടു കൂടിയാണ്. അങ്ങാടി പഞ്ചായത്ത് 7.55 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 6 ലക്ഷം രൂപയും ചെലവഴിച്ചാണു പദ്ധതി നടപ്പാക്കിയത്.





























