കാബൂള്‍ : കാബൂളിലെ സൈനിക ആശുപത്രിയില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും അമ്പതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. തോക്കും ബോംബും ഉപയോഗിച്ചായിരുന്നു ഭീകരര്‍ ആശുപത്രിക്ക് നേരെ ആക്രണം നടത്തിയത്. ടെലഗ്രാം ചാനലിലൂടെയാണ് ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ (ഐഎസ്-കെ) അറിയിച്ചത്.
അഞ്ച് ഐഎസ് ഗ്രൂപ്പുകള്‍ ഒരുമിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്ന് അവര്‍ അവകാശപ്പെട്ടു. ഐഎസിനെതിരെ താലിബാന്‍ രംഗത്തെത്തി. അഫ്ഗാനിലെ പൗരന്മാരെയും രോഗികളെയും ഡോക്ടര്‍മാരെയുമാണ് ഐഎസ് ലക്ഷ്യം വെക്കുന്നതെന്ന് താലിബാന്‍ വക്താവ് സബീനുല്ല മുജാഹിദ് പറഞ്ഞു. 15 മിനിറ്റിനുള്ളില്‍ ഐഎസ് ആക്രമണത്തെ താലിബാന്‍ സൈന്യം തുരത്തിയെന്നും അദ്ദേഹം പറഞ്ഞു. താലിബാന്‍ സൈന്യം ഹെലികോപ്ടറിലെത്തി ആശുപത്രി മേല്‍ക്കുരയില്‍ ഇറങ്ങിയായിരുന്നു ഓപറേഷന്‍. ആശുപത്രി കവാടത്തില്‍ ചാവേര്‍ ആക്രമണവും ആശുപത്രിക്കുള്ളില്‍ തോക്കുധാരികളുടെ ആക്രമണവുമാണ് നടന്നത്. 19 മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന് പേരുവെളിപ്പെടുത്താത്ത ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം രണ്ട് താലിബാന്‍ സൈനികരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചതെന്ന് താലിബാന്‍ വ്യക്തമാക്കി. അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ ഐഎസ് ആക്രമണം തുടരുകയാണ്. അഫ്ഗാനിലെ ഷിയാ പള്ളികള്‍ക്കുനേരെ നിരന്തര ആക്രമണങ്ങളുണ്ടായതിന് പിന്നാലെയാണ് ആശുപത്രിക്ക് നേരെയും ആക്രമണമുണ്ടായത്.