എറണാകുളം : ജോമോൻ പുത്തൻപുരയ്ക്കലിനെ തൊടാൻ സർക്കാരിനും പേടി. സർക്കാർ റെസ്റ്റ്ഹൗസ് ദുരുപയോഗം ചെയ്തതിന് സർക്കാർ ചുമത്തിയ 13.7 ലക്ഷത്തിന്റെ പിഴ ജോമോനിൽ നിന്ന് ഈടാക്കിയില്ല. കെ.എം.എബ്രഹാമിനെതിരെ സിബിഐ കേസെടുത്തിട്ടും എബ്രഹാമിന്റെ പരാതിയിൽ ജോമോനെതിരെ അന്വേഷണമില്ല. മനുഷ്യാവകാശപ്രവർത്തകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന പൊതു വ്യവഹാരി ജോമോൻ പുത്തൻപുരയ്ക്കലിനെ തൊടാൻ സംസ്ഥാന സർക്കാരും മടിക്കുന്നു. 2008-2016 കാലത്ത് എറണാകുളത്തെ സർക്കാർ റെസ്റ്റ്ഹൗസിലെ പതിനേഴാം നമ്പർ മുറി ജോമോൻ പുത്തൻപുരയ്ക്കൽ കൈവശം വെച്ചിരുന്നുവെന്ന് ധനകാര്യ വകുപ്പിന്റെ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 2008 ജനുവരി 12 മുതൽ 2016 ജൂൺ 23 വരെ 2762 ദിവസം ജോമോൻ പുത്തൻപുരയ്ക്കൽ എറണാകുളം ഗസ്റ്റ്ഹൗസിലെ ഇതേമുറിയിൽ തുടർച്ചയായി താമസിച്ചിരുന്നവെന്നാണ് കണ്ടെത്തിയത്.
എന്നാൽ ഒക്യുപൻസി രജിസ്റ്ററിൽ 771 ദിവസം ഈ മുറിയിൽ താമസിച്ച് 1,30,600 രൂപ മാത്രം വാടകയിനത്തിൽ നൽകി എന്നാണ് കാണിച്ചിട്ടുള്ളത്. റസ്റ്റ് ഹൗസുകളിൽ തുടർച്ചയായി മൂന്ന് ദിവസത്തിൽ കൂടുതൽ താമസിക്കുന്ന പൊതുജനങ്ങളിൽ നിന്ന് ഇരട്ടി തുകയാണ് ഈടാക്കേണ്ടത്. എന്നാൽ ഇത് ജോമോന്റെ കാര്യത്തിൽ പാലിക്കപ്പെട്ടിട്ടില്ല എന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ചട്ടപ്രകാരമുള്ള വാടക തുക നൽകാത്തതിലും 2008 മുതൽ 2016 വരെ തുടർച്ചയായി റെസ്റ്റ്ഹൗസിൽ താമസിച്ച വകയിലും സർക്കാരിനുള്ള ആകെ നഷ്ടമായ 13,69,570 രൂപ ജോമോനിൽ നിന്ന് ഈടാക്കാൻ വകുപ്പ് തലത്തിൽ തീരുമാനമായത്. എന്നാൽ നാളിതുവരെ ഇക്കാര്യത്തിൽ ഒരു തുടർ നടപടികളും ഉണ്ടായിട്ടില്ല. 2016നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന പരിശോധനയെ തുടർന്ന് ക്രമക്കേട് കണ്ടെത്തുകയും നടപടിക്ക് റിപ്പോർട്ട് നൽകുകയുമായിരുന്നു. 2017ൽ ജോമോനിൽ നിന്ന് തുക ഈടാക്കാനുള്ള സർക്കാർ തീരുമാനവുമുണ്ടായെങ്കിലും ഇതുവരെ അതു നടപ്പായിട്ടില്ല.
ഇക്കാലത്ത് ധനകാര്യവകുപ്പിൽ അഡിഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു കെ.എം.എബ്രഹാം. എന്നാൽ നാളിതുവരെ ജോമോനിൽ നിന്ന് പിഴയീടാക്കാനുള്ള ശ്രമങ്ങൾ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ഉണ്ടാകാത്തത് അത്ഭുതകരമാണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതനായ ഡോ.കെ.എം.എബ്രഹാമിനെ വരെ സിബിഐ കേസിൽ കുരുക്കിയിട്ടും ജോമോനെതിരെ നടപടിയുണ്ടാകാത്തതിൽ ദുരൂഹതയുണ്ട്. ജോമോന് സർക്കാരിലെ പല പ്രധാന ഉദ്യോഗസ്ഥരുമായി ഉള്ള രഹസ്യബന്ധവമാണിതെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. റെസ്റ്റ് ഹൗസിലെ ക്രമക്കേട് കണ്ടെത്തിയ പിഡബ്ല്യൂഡി ചീഫ് എഞ്ചിനീയർ എം.പെണ്ണമ്മക്കെതിരെ ജോമോൻ ഭീഷണി മുഴക്കിയിരുന്നതായി അവർ സർക്കാരിന് പരാതി നൽകിയിരുന്നു. ഇനി ഇത്തരത്തിലുള്ള ഭീഷണികളെ ഭയന്നാണോ സർക്കാർ ഉദ്യോഗസ്ഥർ ജോമോനിൽ നിന്ന് പിഴയീടാക്കാൻ മടിക്കുന്നതെന്ന സംശയവും ഉയരുന്നുണ്ട്.