മസ്‌കറ്റ് : ഗാസ മുനമ്പിലെ അന്യായമായ ഇസ്രയേല്‍ യുദ്ധത്തിന്റെ അനന്തരഫലത്തിനും, കുട്ടികളും യുവാക്കളും സ്ത്രീകളും ഉള്‍പ്പെടെ പതിനായിരക്കണക്കിന് നിരപരാധികള്‍ രക്തസാക്ഷിത്വം വഹിച്ചതിനും യാതൊരു പരിഹാരവും കാണാതെ മേഖലയില്‍ തുടരുന്ന രൂക്ഷത സുല്‍ത്താനേറ്റ് ഒമാന്‍ വളരെയധികം ആശങ്കയോടെ നിരീക്ഷിക്കുകയാണെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി അറിയിച്ചു. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരവും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ അധിനിവേശ സേനയുടെ പിന്‍വാങ്ങലും തുടങ്ങി, അതിന്റെ കാരണങ്ങളും ഉദ്ദേശ്യങ്ങളും അഭിസംബോധന ചെയ്യുന്നതാണ് മേഖലയിലെ സംഘര്‍ഷത്തിനുള്ള ഏക പരിഹാര മാര്‍ഗമായി ഒമാന്‍ വിശ്വസിക്കുന്നതെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
ഇറാഖിലും സിറിയയിലും അമേരിക്ക ആരംഭിച്ച പ്രതികാര സൈനിക ആക്രമണത്തില്‍ യാതൊരു പ്രയോജനവും സുല്‍ത്താനേറ്റ് ഒമാന്‍ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മേഖലയില്‍ ഇത്തരം സൈനിക ആക്രമണങ്ങള്‍ നടത്തുന്നത് സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുമെന്നും അത് മൂലം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക് സമൂലമായ പരിഹാരങ്ങള്‍ കൈവരിക്കാനുള്ള ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.