ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന് നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷിക്കാന്‍ നിയോഗിച്ച ജെയിന് സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. കേരളത്തിലെ വോട്ടെടുപ്പ് ദിവസമായ ചൊവ്വാഴ്ച അടിയന്തരമായി പരിഗണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നാടകീയ നീക്കമാണ് പരാജയപ്പെട്ടത്.
അതേസമയം ചൊവ്വാഴ്ച പരിഗണിക്കാനായി കേസ് പട്ടികയില്‍പ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ക്കെതിരായ ലാവലിന്‍ കേസ് വീണ്ടും നീട്ടിവെക്കാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ. യു.ഡി.എഫ് പ്രതിരോധത്തിലായേക്കാവുന്ന ചാരക്കേസിലെ സമിതി റിപ്പോര്‍ട്ട് ഏതു വിധേനയും ചൊവ്വാഴ്ചത്തെ കേസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അപേക്ഷ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തള്ളുകയായിരുന്നു. തുടര്‍ന്ന് കേസ് അടുത്താഴ്ചത്തേക്ക് മാറ്റി.
ദേശീയതലത്തിലുള്ള കേസാണെന്നും അടിയന്തര പ്രാധാന്യമുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചപ്പോള്‍ കേസിന്റെ പ്രാധാന്യം തനിക്കറിയാമെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് എങ്കിലും ചൊവ്വാഴ്ച തന്നെ പരിഗണിക്കേണ്ട അടിയന്തര ആവശ്യം എന്താണെന്ന് ചോദിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച പരിഗണിക്കാന്‍ കഴിയില്ലെന്നും അടുത്തയാഴ്ച പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മുന്‍ ഡി.ജി.പി സിബി മാത്യൂസ്, റിട്ടയേഡ് എസ്.പിമാരായ കെ.കെ. ജോഷ്വ, എസ്. വിജയന്, ഐ.ബി മുന്‍ ഡയറക്ടര്‍ ആര്.ബി. ശ്രീകുമാര്‍ എന്നിവര്‍ക്കെതിരായ ആരോപണമാണ് ഡി.കെ. ജെയിന് സമിതി അന്വേഷിച്ചത്.
നമ്പി നാരായണന് നല്കിയ ഹർജിയില്‍ 2018 സെപ്റ്റംബര്‍ 14നാണ് സുപ്രീംകോടതി മൂന്നംഗ സമിതി രൂപവത്കരിച്ചത്. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ജസ്റ്റിസ് ഡി.കെ. ജെയിന് അധ്യക്ഷനായ സമിതി ശനിയാഴ്ചയാണ് മുദ്രവെച്ച കവറില്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്‍ക്കെതിരെയുള്ള എസ്.എന്‍.സി ലാവലിന്‍ കേസ് തെരഞ്ഞെടുപ്പ് ദിവസം പരിഗണിക്കുന്നത് വീണ്ടും നീട്ടിവെക്കാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ. കേസ് നീട്ടാന്‍ പതിവായി ആവശ്യപ്പെടാറുള്ള സി.ബി.ഐക്ക് പകരം ഇക്കുറി കേരളത്തിലെ മുന്‍ ഊര്‍ജ വകുപ്പ് ജോയന്റ് സെക്രട്ടറി എ. ഫ്രാന്‍സിസിന്റെ അഭിഭാഷകന് ഈ ആവശ്യമുന്നയിച്ച് തിങ്കളാഴ്ച സുപ്രീംകോടതിയില്‍ കത്ത് നല്കി.