തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ വെബ്‌സൈറ്റ് രാവിലെ മുതല്‍ തകരാറിലായതോടെ സംസ്ഥാനത്തെ കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വിതരണം പ്രതിസന്ധിയില്‍ ആണ്. labsys.health.kerala.gov.in എന്ന സൈറ്റിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്നത്. ഓരോ വ്യക്തിയുടെയും പരിധോധനാ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ട ഈ വെബ്സൈറ്റാണ് തകരാറിലായിരിക്കുന്നത്.
സൈറ്റ് തകരാറിലായതോടെ രജിസ്ട്രേഷന്‍ തടസപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തേക്കും വിദേശത്തേക്കും പോകുന്നവര്‍ക്കുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്‍ എസ്‌ആര്‍എഫ് ഐഡി നിര്‍ബന്ധമാണ്. പരിശോധനാ ഫലങ്ങള്‍ ഔദ്യോഗികമായി നല്‍കാന്‍ വെബ്‌സൈറ്റ് തകരാറിലായതിനാല്‍ ഇപ്പോള്‍ കഴിയുന്നില്ലെന്ന് അധികൃതര്‍ പറയുന്നു. ലാബ് ഉടമകളുടെ സംഘടനയായ അക്രഡിറ്റഡ് മോളികുലാര്‍ ടെസ്റ്റിംഗ് ലബോറട്ടറീസ് അസോസിയേഷന്‍ ആരോഗ്യ വകുപ്പ് അധികൃതരെ പരാതിയറിയിച്ചിട്ടുണ്ട്.