കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സ്റ്റേഷനുള്ളിൽ സ്ഥിതി ചെയ്യുന്ന കംഫർട്ട് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് ആറ് വർഷങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞു നോക്കാതെ ബന്ധപ്പെട്ട അധികൃതർ. പൊട്ടി ഒഴുകുന്ന വിസർജ്യം കലർന്ന മലിന ജലം കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സ്റ്റേഷനും കടന്ന് പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കാണ് ഒഴുകുന്നത്. വർഷങ്ങളായി കെട്ടി കിടക്കുന്ന മലിന ജലത്തിൽ ബസുകൾ കയറി ഇറങ്ങുമ്പോൾ ബസ് കയറുവാൻ എത്തുന്ന പൊതുജനങ്ങളുടെ ശരീരത്തിലേക്കും ഇത് തെറിക്കുന്നുണ്ട്.
സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം ഈ ഭാഗത്ത് നിന്നാണ് പത്തനംതിട്ടയിലേക്ക് ബസ് കയറുന്നത്. ഇത് മലിനജലമാണെന്ന് അറിയാതെ പലരും ഇതിൽ ചവിട്ടി പോകുന്നത് നിത്യ സംഭവമാണ്. പലർക്കും ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ സംഭവവുമുണ്ട്. മലിന ജലം കടന്നു പോകുന്ന പൈപ്പ് ഭൂ നിരപ്പിന് മുകളിലേക്ക് സ്ഥാപിച്ചത് മൂലം വാഹനങ്ങൾ കയറി ഇറങ്ങിയതാണ് പൈപ്പ് പൊട്ടിയത് എന്ന് പറയുന്നു. എന്നാൽ പ്രശ്‌നം പരിഹരിക്കാൻ ആർക്കും കഴിയുന്നില്ലെന്നതാണ് ഉയരുന്ന ആക്ഷേപം. പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന കാലഘട്ടത്തിൽ ഈ വിഷയത്തിൽ ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെടേണ്ടത് ആവശ്യമാണ്.