കോന്നി : കോന്നി ആനക്കൂട് റോഡിൽ പഴയ മൽസ്യഫെഡ് ഫിഷ്മാർട്ടിന് സമീപം കെട്ടികിടക്കുന്ന മലിന ജലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മുൻപ് വെള്ളം ഒഴുകി പോയികൊണ്ടിരുന്ന ഭാഗത്ത് സമീപത്ത് നിന്നിരുന്ന ബദാം മരത്തിന്റെ ചില്ലകൾ മുറിച്ച് റോഡിൽ കൂട്ടി ഇട്ടതോടെ ആണ് മഴവെള്ളം ഒഴുകി പോകാതെ റോഡിൽ കെട്ടി കിടന്ന് ദുർഗന്ധം പരക്കാൻ തുടങ്ങിയതെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. വെള്ളം കടയുടെ മുന്നിൽ കെട്ടി കിടക്കുന്നത് കാരണം ആളുകൾക്ക് വ്യാപാര സ്ഥാപനങ്ങൾക്ക് ഉള്ളിൽ കയറാൻ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കോന്നി ഗ്രാമപഞ്ചായത്ത് അധികൃതരോടും ഇതുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിച്ചിരുന്നു. കെട്ടി കിടക്കുന്ന വെള്ളത്തിൽ കൂടി പകർച്ച വ്യാധികൾ പകരുവാൻ ഉള്ള സാധ്യതയും ഏറെയാണ്. കോന്നി കെ എസ് ആർ റ്റി സി ഓപ്പറേറ്റിംഗ് സ്റ്റേഷനിൽ നിന്നും ആനകൂട് റോഡിലേക്ക് പടികൾ കയറി ഇറങ്ങുന്ന ആളുകൾ ഈ ചെളി വെള്ളത്തിൽ ചവിട്ടി വേണം റോഡ് മുറിച്ചു കടക്കുവാൻ. ഇതിന് തൊട്ടടുത്ത ഭാഗത്തും മുൻപ് വെള്ള കെട്ട് നില നിന്നിരുന്നു എങ്കിലും കോൺക്രീറ്റ് ചെയ്ത് ഉയർത്തിയതോടെആണ് ഇത് മാറിയത്. ആരോഗ്യ വകുപ്പ് അധികൃതരും ഈ വിഷയത്തിൽ ഇടപെടണം എന്ന ആവശ്യം ശക്തമാവുകയാണ്.