പ്ലാന്റേഷൻ ജംഗ്ഷന്‍ : പ്ലാന്റേഷൻ ജംഗ്ഷന്‍-തേപ്പുപാറ റോഡ് റീ ടാർ ചെയ്ത് നന്നാക്കിയിട്ട് വർഷം രണ്ട് കഴിഞ്ഞു. എന്നാൽ ഇതേ റോഡിലുള്ള കനാൽ പാലം പുതുക്കി പണിയാൻ നടപടികളില്ല. പാലംപണി നടക്കാത്തതിനാൽ അതിനോട് ചേർന്ന് അപകടകരമായി കിടക്കുന്ന റോഡും ശരിയാക്കുന്നില്ല. ഈ റോഡ് നിലവിൽ മികച്ച രീതിയിൽ ടാറിങ് നടത്തി സുരക്ഷാവരകൾവരെ വരച്ച് പൂർത്തിയാക്കിയതാണ്. എന്നാൽ പ്ലാന്റേഷൻ ജംഗ്ഷനില്‍ അരക്കിലോമീറ്റർ മാറിയുള്ള കനാൽ പാലത്തിന്റെ ഇരുവശവും ടാർ ചെയ്തിട്ടില്ല.
പാലത്തിന് ഇരുവശത്തുമായി നൂറുമീറ്ററോളം ഭാഗം അതേപടി കിടക്കുകയാണ്.
പാലത്തിന്റെ കോൺക്രീറ്റ് പൊട്ടി പലയിടത്തും കമ്പി തെളിഞ്ഞ് ഇരിക്കുകയാണ്. സ്ഥിരമായി ഭാരംകയറ്റിയ വാഹനങ്ങൾ കടന്നുപോകുന്ന ഈ പാതയിലെ പാലത്തിന് വീതിയും കുറവാണ്. ഇതിന്റെ ഇരുവശവും വളവിനോടൊപ്പം ഇറക്കവും കുഴികളും ഉള്ളതിനാൽ വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാവാൻ സാധ്യതയുണ്ട്. കെഐപിയാണ് കനാൽ പാലം പുതുക്കി പണിയേണ്ടത്. ഇവരുടെ ഭാഗത്തുനിന്ന് പാലം പണിയുന്നതിന് വേണ്ട നടപടികൾ ഒന്നും സ്വീകരിച്ചതായി വിവരമില്ല. ബലക്ഷയമുള്ള പാലത്തിനു മുകളിലൂടെ പൊതുമരാമത്ത് ടാറിങ്ങും നടത്തിയില്ല.